
പലായനത്തിന്റെ ദുരന്തങ്ങള്‍ക്ക് മുന്നില്‍ ലോകം തരിച്ചുനില്കുന്നു കാലമാണിത്. സാല്‍വദോറില്‍ നിന്ന് അമേരിക്കയിലേയ്ക്ക് കുടിയേറാനുളള സാഹസത്തിനിടയില്‍ മുങ്ങിമരിച്ച അച്ഛന്റേയും രണ്ടു വയസ്സുകാരി മകളുടേയും നദിയില്‍ പൊങ്ങികിടക്കുന്ന മൃതദേഹങ്ങളാണ് ഏറ്റവും ഒടുവില്‍ ലോകത്തെ കണ്ണീരണിയിച്ച ദുരന്ത ചിത്രം.
പലായനത്തിന്റെ ദുരന്ത ചിത്രങ്ങള്‍ മാത്രമേ ലോകം ചര്‍ച്ചചെയ്യാറുളളൂ. പകര്‍ത്താനാവാത്ത കുറെ ജീവിതങ്ങള്‍ ഉണ്ട്. കേള്‍ക്കാത്തതും പറയാത്തതുമായ ഒട്ടേറെ കഥകള്‍.. പൊട്ടിച്ചിരികള്‍ക്കിടയിലും കുടിയേറ്റക്കാരുടെ കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണീരിന്റെ കഥകള്‍ കഥാകൃത്തായ അജിത് ലോറന്‍സ് തിരക്കേറിയ മാധ്യമ പ്രവര്‍ത്തകനാണ്. മാധ്യമ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ദീര്‍ഘകാലം യൂറോപ്പില്‍ താമസിക്കാനും വെളളക്കാരന്റേയും കുടിയേറ്റക്കാരന്റേയും ജീവിതം അടുത്ത് നിന്ന് വീക്ഷിച്ചയാള്‍. കഥാസമാഹാരത്തിലെ ‘റുക്‌സാന -ഒരു മൃദുശിലാഗാനം’ എന്ന ഒറ്റക്കഥകൊണ്ടുതന്നെ ഈ കഥാകാരന്‍ സമ്പുഷ്ടമായ മലയാള ചെറുകഥാ സാഹിത്യത്ത്ില്‍ സ്ഥായിയായ ഇടം നേടിയിരിക്കുന്നു.
കുടിയേറ്റം സങ്കീര്‍ണ്ണമായ ഒരു മനുഷ്യാവസ്ഥയാണ്. റുക്‌സാന എന്ന കുടിയേറ്റക്കാരിയിലൂടെ പലായനത്തിന്റെ സങ്കീര്‍ണ്ണമായ മാനസികാവസ്ഥകള്‍ വായനക്കാരനില്‍ അനുഭവവേദ്യമാക്കുന്നു. റുക്‌സാന ബോസ്‌നിയയിലെ രാഷ്ട്രീയ തടവുകാരി; അഭയാര്‍ത്ഥിയായി ഹോളണ്ടിലേയ്ക്ക് കുടിയേറിയവള്‍; സുപ്രസിദ്ധ പോപ്പ് ഗായിക; കുടിയേറ്റക്കാരുടെ നേതാവ്. ബൂദ്ധീജീവിയായ ഭര്‍ത്താവ് ബര്‍ത്താലോമിയോയേയും മകള്‍ വെറോണിയേയും ഉപേക്ഷിച്ച് സംഗീതത്തിന്റെ അശ്രാന്ത യാത്രക്കിടയില്‍ അവിചാരിതമായി കണ്ടെത്തിയ സിസിലിയില്‍ സ്‌നേഹവും കാമവും കണ്ടെത്തിയവള്‍, ഒടുവില്‍ ഭര്‍ത്താവിലേയ്ക്കും മകളിലേയ്ക്കും റുക്‌സാന തിരിച്ചു നടക്കുകയാണ്. ഈ യാത്രയിയില്‍ റുക്‌സാനയ്ക്ക് മാത്രമല്ല ,വായനക്കാര്‍ക്കും കുടിയേറ്റത്തിന്റെ പോളളുന്ന വേദകള്‍ അനുഭവപ്പെടുന്നു. ഗദ്യവും പദ്യവും വ്യത്യസ്തങ്ങളാണെന്ന പതിവ് ഭാഷാനിയമത്തിന് അപ്പുറത്തേക്ക് വായനക്കാരനെ കൈപിടിച്ചുയര്‍ത്തുന്നതും കഥാകാരന്റെ മായാജാലം.
റുക്‌സാന രാത്രിയുടെ ശേഷിച്ച യാമങ്ങളില്‍ നെടുവീര്‍പ്പിട്ടുകൊണ്ട്, തിരിഞ്ഞും മറിഞ്ഞും കിടന്നുകൊണ്ട് ,മകളേയും ഭര്‍ത്താവിനേയും ഓര്‍ത്ത് ഇങ്ങനെ പാടുന്നു..
‘പഴയ കാറ്റാടി യന്ത്രം കറങ്ങുന്നതുപോലെ ഞാന്‍ കാണുന്നു
ഇടക്കിടക്ക് കാറ്റാടിയുടെ ഇതളുകളുടെ താളം പിഴയ്ക്കുന്നു
ഈ പിഴച്ച താളങ്ങള്‍ എന്റെ ഉളളില്‍ പ്രതിധ്വനിക്കുന്നു
എന്നിലെ മൃദുശിലാ ഗീതങ്ങളുടെ സ്‌നിഗ് ദ്ധത നഷ്ടമായി
ഞാനിനി എങ്ങനെ പാടും?
എന്റെ പാട്ട് ആര് കേള്‍ക്കും?
ഞാന്‍ ആര്‍ക്ക് വേണ്ടി പാടണം?
എന്നിലെ സ്‌നിഗ് ദ്ധത നഷ്ടമായി
എന്നെ വാര്‍ധക്യം ബാധിച്ചു’
പുസ്തകമാക്കുന്നതിന് മുമ്പുതന്നെ ശ്രദ്ധിക്കപ്പെട്ട കഥയാണ് ‘പലായനകാലത്തെ പതിവ്രതകള്‍. ഒരുമിച്ച് പലായനം ചെയ്യുന്ന ഭാര്യാഭര്‍ത്താക്കന്‍മാര്‍ അപൂര്‍വ്വമാണ്. അവര്‍ക്കിടയില്‍ വിരഹമുണ്ടാകും. വേര്‍പിരിയലുണ്ടാകും. അടക്കാനാവാത്ത ലൈംഗിക തൃഷ്ണയുണ്ടാകും. കുടുംബിനികളുടെ പാതിവ്രത്യത്തിന്റെ കഥകളറിഞ്ഞ് അന്യദേശക്കാര്‍ മക്കളെ വിവാഹം കഴിപ്പിച്ച് അയയ്ക്കാന്‍ അറയ്ക്കുന്ന ആണ്ടവന്‍പാറ രാജ്യം, അമേരിക്കയിലും യൂറോപ്പിലും ലൈംഗികാസക്തി തൃപ്തിപ്പെടുത്തി നടക്കുന്നവരുടെ കൂട്ടമായ ആനന്ദമാര്‍ഗ്ഗികള്‍ എന്നുതുടങ്ങി പലായനം സൃഷ്ടിക്കുന്ന വ്യത്യസ്തങ്ങളായ സാമൂഹ്യാവസ്ഥകള്‍ തന്മയത്തത്തോടെ അവതരിപ്പിക്കുന്നതിനായി കഥാകാരന്‍ അവലംബിച്ചിരിക്കുന്ന ഭാവം ഹാസ്യമാണ്. കഥയുടെ അവസാന വാചകങ്ങള്‍ ഇങ്ങനെയാണ്
‘ഞങ്ങളുടെ പതിവ്രതകളേയും കന്യകമാരേയും കാത്തുകൊളളേണമേ. അവരുടെ മേല്‍ ദൈവകോപം ഉണ്ടാകരുതേ. പതിവ്രതകള്‍ക്കെതിരായി പ്രകൃതി നിയമം നടപ്പാക്കരുതേ’കഥയുടെ ഭാവം ഹാസ്യമെങ്കിലും വായനക്കാരില്‍ സൃഷ്ടിക്കപ്പെടുന്നത് കുറെ ആകുലതകളാണ്. കഥയിലെ ഓരോവരികളും കുത്തിനോവിച്ചുകൊണ്ടിരിക്കുന്നു.
ജൂലിയസ് എന്ന തന്റെ അപരനെകുറിച്ചുളള ‘പറഞ്ഞുകേട്ട അപരന്‍’,പെരിയതുറ ഗ്രാമത്തിലെ ഫോട്ടോഗ്രാഫറായ മിക്കിയച്ചനെക്കുറിച്ചുളള ‘ഫോട്ടോഗ്രാഫര്‍’ തുടങ്ങിയ പത്ത് കഥകളാണ് സമാഹാരത്തില്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നത്.ഒരു കഥാകാരന്റെ സര്‍ഗ്ഗവൈഭവത്തിലുമുപരി കല, രാഷ്ട്രീയം, സാര്‍വ്വദേശീയം, ദൈവശാസ്ത്രം, പരിസ്ഥിതി, ചരിത്രം എന്നുതുടങ്ങി വ്യത്യസ്തങ്ങളായ മേഖലകളില്‍ അജിത്തിനുളള ആഴമേറിയ അറിവിന്റേയും വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടുകളുടേയും നിദര്‍ശനം കൂടിയാണ് ഈ കഥാ സമാഹാരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here