ആന്തൂരിലെ സാജന്റെ കണ്‍വെന്‍ഷന്‍ സെന്റര്‍; ചട്ടലംഘനമെന്ന് റിപ്പോര്‍ട്ട്

ആന്തൂരില്‍ സാജന്റെ കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മാണത്തില്‍ ചട്ടലംഘനമെന്ന് റിപ്പോര്‍ട്ട്. സിറ്റി ടൗണ്‍ പ്‌ളാനര്‍ വിജിലന്‍സിന്റെ റിപ്പോര്‍ട്ടിലാണ് 4 ചട്ടലംഘനം കണ്ടെത്തിയത്. റീജ്യണല്‍ ജോയിന്റ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തില്‍ നഗരസഭാ സെക്രട്ടറിക്ക് ബോധപൂര്‍വ്വമായ വീഴ്ചയുണ്ടായിട്ടില്ലെന്നും കണ്ടെത്തി. റിപ്പോര്‍ട്ട് തദ്ദേശവകുപ്പ് മന്ത്രി എ.സി മൊയ്തീന് കൈമാറി.

ആന്തൂരില്‍ പാറയില്‍ സാജന്‍ നിര്‍മ്മിച്ച കണ്‍വെന്‍ഷന്‍ സെന്ററില്‍ 4 ചട്ടലംഘനമാണ് സിറ്റി ടൗണ്‍ പ്‌ളാനര്‍ വിജിലന്‍സ് കണ്ടെത്തിയത്. ബാല്‍ക്കണിയില്‍ അനുവദനീയമായതിനെക്കാള്‍ കൂടുതല്‍ സ്ഥലം. കെട്ടിട നിര്‍മ്മാണ ചട്ടത്തിന് വിരുദ്ധമായി തുറസായ സ്ഥലത്തെ നിര്‍മ്മാണം. ശുചിത്വ സംവിധാനം കുറവ്. പ്രധാനമായി 10 യൂറിനലുകളുടെ കുറവെന്നാണ് കണ്ടെത്തിയത്. ആവശ്യത്തിന് വാഷ്‌ബെയ്‌സിനുകളില്ല. ഭിന്നശേഷിക്കാര്‍ക്ക് ഉപയോഗിക്കാന്‍ വേണ്ടിയുള്ള റാമ്പിന് ചരിവ് കൂടുതലാണ്. 1.2 മീറ്റര്‍ ചരിവ് മാത്രമെ പാടുള്ളു എന്നതാണ് ചട്ടം. ഇവയെല്ലാം നേരെയാക്കുകയാണെങ്കില്‍ ലൈസെന്‍സ് നല്‍കാമെന്നും റിപ്പോര്‍ട്ട് പറയുന്നു. ആന്തൂര്‍ നഗരസഭാ സെക്രട്ടറി സാജന്റെ അപേക്ഷയില്‍ 15ഓളം തടസ്സവാദങ്ങളാണ് ഉന്നയിച്ചുരുന്നത്. അതില്‍ എട്ടെണ്ണം ഒഴിവാക്കാമെന്ന് അസിസ്റ്റന്റ് എഞ്ചിനിയര്‍ സെക്രട്ടറിയെ അന്ന് അറിയിക്കുകയും ചെയ്തിരുന്നു. സി ടി പി വിജിലന്‍സിന്റെ കണ്ടെത്തലില്‍ എന്നാല്‍ 4 ചട്ടലംഘനങ്ങള്‍ മാത്രമാണുളളത് എന്നതും ശ്രദ്ധേയം.

അതെസമയം റീജ്യണല്‍ ജോയിന്റ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തില്‍ സെക്രട്ടറിക്ക് സംഭവത്തില്‍ ബോധപൂര്‍വ്വമായ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് കണ്ടെത്തല്‍. സാജന്റെ അപേക്ഷയില്‍മേല്‍ കൂടുതല്‍ വ്യക്തത വരുത്തുക മാത്രമാണ് സെക്രട്ടറി ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥരുടെ ഭാഗത്തും വീഴ്ചയില്ലെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. റിപ്പോര്‍ട്ട് തദ്ദേശവകുപ്പ് മന്ത്രി എ.സി മൊയ്തീന് കൈമാറി. റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച ശേഷമാകും സര്‍ക്കാര്‍ വിഷയത്തില്‍ തുടര്‍നടപടി സ്വീകരിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News