സ്വാശ്രയ ഫീസ് നിര്‍ണയ, മേല്‍നോട്ടസമിതി നിയമഭേദഗതി ഉത്തരവിറങ്ങി

സ്വാശ്രയ ഫീസ് നിര്‍ണയ, മേല്‍നോട്ടസമിതി നിയമഭേദഗതി ഉത്തരവിറങ്ങി. സ്വാശ്രയ മെഡിക്കല്‍ ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടതോടെയാണ് നിയമമായത്. മേല്‍നോട്ട, ഫീസ് നിര്‍ണയ സമിതികളുടെ പുനസംഘടന ഉടന്‍ നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. അതെസമയം മെഡിക്കല്‍ പ്രവേശന ഓപ്ഷന്‍ നടപടികള്‍ ഇന്ന് ആരംഭിക്കും.

സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് നിര്‍ണയത്തിനുള്ള സമിതിയുടെയും പ്രവേശന മേല്‍നോട്ട സമിതിയുടെയും അംഗസംഖ്യ പകുതിയായി കുറച്ചുകൊണ്ടുള്ള നിയമ ഭേദഗതി ഉത്തരവാണ് കഴിഞ്ഞ ദിവസം രാത്രിയോടെ ഇറങ്ങിയത്. ഗവര്‍ണര്‍ ഒപ്പിട്ടതിന് പിന്നാലെയാണ് ഉത്തരവറിങ്ങിയത്. ഇതോടെ സംസ്ഥാനത്തെ മെഡിക്കല്‍ പ്രവേശന നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. ചില സ്വാശ്രയ മാനേജുമെന്റുകള്‍ ഫീസ് നിര്‍ണയിക്കാതെ എംബിബിഎസ്, ബിഡിഎസ് പ്രവേശനം നടത്തില്ലെന്ന നിലപാടിലാണ്. എന്നാല്‍ ഇവരുമായി അടുത്ത മാസം മൂന്നിന് സര്‍ക്കാര്‍ ചര്‍ച്ച നടത്തിയേക്കും. അതിനിടെ പ്രവേശന നടപടികള്‍ സമയബന്ധിതമായി തീര്‍ക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ എന്‍ട്രന്‍സ് കമീഷണര്‍ക്ക് നിര്‍ദേശം നല്‍കി.

മെഡിക്കല്‍ ഓപഷ്ന്‍ റജിസ്‌ട്രേഷനും രണ്ടാംഘട്ട എന്‍ജിനിയറിങ് അലോട്ടുമെന്റിനുള്ള ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ നടപടികളും ഇന്ന് ആരംഭിക്കും. പ്രവേശന മേല്‍നോട്ട സമിതി, ഫീസ് നിയന്ത്രണ സമിതി അംഗസംഖ്യ കുറച്ചു കൊണ്ടുള്ള നിയമ ഭേദഗതി ഉത്തരവിറങ്ങിയതിന് പിന്നാലെ ഇരു സമിതികളും പുനഃസംഘടിപ്പിച്ചു കൊണ്ടുള്ള ഉത്തരവും ഇറക്കേണ്ടതുണ്ട്. മേല്‍നോട്ടസമിതി അംഗങ്ങള്‍ അഞ്ചും ഫീസ് നിയന്ത്രണ സമിതി അംഗസംഖ്യ ആറും ആയിരിക്കും. ഇരു സമിതികളുടെയും അധ്യഷനായി ജസ്റ്റിസ് രാജേന്ദ്രബാബു തുടര്‍ന്നേക്കുമെന്നാണ് സൂചന.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here