ദേശീയപാത വികസനം; ഉത്തരവ് റദ്ദാക്കി; കേരളം മുൻഗണനാ പട്ടികയിൽ തുടരും

ദേശിയപാത വികസനത്തില്‍ കേരളത്തെ മുന്‍ഗണനാ പട്ടികയില്‍നിന്ന് ഒഴിവാക്കി രണ്ടാംപട്ടികയില്‍ ഉള്‍പ്പെടുത്തിയ ഉത്തരവ് റദ്ദാക്കിയതായി ദേശീയപാത അതോറിറ്റി സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി ജി സുധാകരന്റെയും നിരന്തരവും ശക്തവുമായ ഇടപെടലാണ് ഫലപ്രാപ്തിയിലെത്തിയത്. മുന്‍ തീരുമാനം റദ്ദാക്കിയുള്ള അറിയിപ്പ് ലഭിച്ചുവെന്നും ദേശീയപാത വികസനം വേഗത്തിലാകുമെന്നും മന്ത്രി ജി സുധാകരന്‍ പറഞ്ഞു. ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിനുമുമ്പ് ദേശീയപാത അതോറിറ്റി ചെയര്‍മാന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നാണ് മാനദണ്ഡങ്ങള്‍ മാറ്റി, മുന്‍ഗണനാ ക്രമങ്ങള്‍ രണ്ടു തരത്തിലാക്കി കേരളത്തെ രണ്ടാം പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. അതനുസരിച്ച് സംസ്ഥാനത്ത് പാതവികസനം 2021ന് ശേഷമേ തുടങ്ങു. ദേശീയപാത നാലുവരിയാക്കാനുള്ള എല്ലാ നടപടികളും നിര്‍ത്തിവയ്ക്കാനും ഓഫീസുകള്‍ പിരിച്ചുവിടാനുമായിരുന്നു തീരുമാനം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് വികസനം മതിയെന്ന ഗൂഢതാല്‍പ്പര്യക്കാരായിരുന്നു നീക്കത്തിനുപിന്നില്‍.

തീരുമാനം അറിഞ്ഞ ഉടന്‍ മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും കേന്ദ്രത്തില്‍ ശക്തമായി ഇടപെട്ടു. കഴിഞ്ഞ 15ന് മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയും കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയെ കണ്ട് ചര്‍ച്ച നടത്തി.

യോഗശേഷം മുന്‍ ഉത്തരവ് റദ്ദാക്കിയ കാര്യം പരസ്യമായി മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും സാന്നിധ്യത്തില്‍ നിധിന്‍ ഗഡ്കരി അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ഗഡ്കരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന റിവ്യു മീറ്റിങ്ങിലാണ് മുന്‍ ഉത്തരവ് റദ്ദാക്കിയത്.

ദേശീയപാത നാലുവരിപ്പാതയാക്കുന്നതുമായി ബന്ധപ്പെട്ട് അടിയന്തരമായി വിശദ പദ്ധതി രേഖ തയ്യാറാക്കല്‍, ഭൂമി ഏറ്റെടുക്കല്‍, പണം വിതരണം എന്നിവ ആരംഭിക്കാന്‍ കലക്ടര്‍മാര്‍, പൊതുമരാമത്ത് ദേശീയപാത വിഭാഗം എന്നിവരെ ചുമതലപ്പെടുത്തി. ദേശീയപാത അതോറിറ്റിയുടെ മെല്ലെപ്പോക്കും തടസ്സങ്ങളും കാരണം മൂന്നുവര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ ജാഗ്രതാ പ്രവര്‍ത്തനങ്ങളാണ് തടസ്സപ്പെട്ടത്. ഇനി തടസ്സമുണ്ടാകില്ലെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷയെന്നും മന്ത്രി ജി സുധാകരന്‍ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here