വാണിജ്യ തര്‍ക്കങ്ങള്‍ പരിഹരിക്കും; ഇന്ത്യയും അമേരിക്കയും ധാരണയിലെത്തി

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വാണിജ്യ തർക്കങ്ങൾ പരിഹരിക്കാൻ ധാരണ. ജി–-20 രാജ്യങ്ങളുടെ ഉച്ചകോടിക്കുമുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപും നടത്തിയ ചർച്ചയിലാണ‌് ധാരണ. വ്യാപാരം, സൈനിക സഹകരണം, അഞ്ചാംതലമുറ സാങ്കേതികവിദ്യ എന്നിവ കൂടിക്കാഴ‌്ചയിൽ മുഖ്യ ച‍ർച്ചയായി. ഇന്ത്യയെ അമേരിക്കയുടെ വ്യാപാര മുൻഗണനാപ്പട്ടികയിൽനിന്ന് ഒഴിവാക്കിയതും ചർച്ചയായി. വ്യാപാര മുൻഗണനാപ്പട്ടികയിൽനിന്ന് ഒഴിവാക്കിയത് പിൻവലിച്ചാൽ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ അധിക ഇറക്കുമതി തീരുവ കുറയ്ക്കാമെന്ന നിലപാട് ഇന്ത്യ സ്വീകരിച്ചതായാണ് വിവരം.

ഇന്ത്യയുമായുള്ള വ്യാപാരത്തില്‍ അമേരിക്ക കഴിഞ്ഞദിവസം നിലപാട‌് കടുപ്പിച്ചിരുന്നു. അമേരിക്കന്‍ ഉൽപ്പന്നങ്ങള്‍ക്ക് ഇന്ത്യ ചുമത്തുന്ന തീരുവ കുറയ്ക്കണമെന്നും തീരുവ വര്‍ധന അംഗീകരിക്കാനാകില്ലന്നും ട്രംപ‌് കഴിഞ്ഞ ദിവസം പറഞ്ഞു. ഇന്ത്യക്ക‌് വ്യാപാര രംഗത്തുള്ള പ്രത്യേക പരിഗണന അമേരിക്ക പിൻവലിച്ചതിനെത്തുടര്‍ന്ന് ജൂണ്‍ അഞ്ചിനാണ് അമേരിക്കൻ ഉൽപ്പന്നങ്ങള്‍ക്ക് ഇന്ത്യ തീരുവ കൂട്ടിയത്. ജി–-20 രാജ്യങ്ങളുടെ ഉച്ചകോടിക്ക‌് ജപ്പാനിലെ ഒസാക്കയിൽ തുടക്കമായി. രണ്ടുദിവസം നീളുന്ന ഉച്ചകോടി ശനിയാഴ‌്ച സമാപിക്കും.

ജി–-20 രാജ്യങ്ങളുടെ ഉച്ചകോടിക്കെതിരെ വേദിക്ക‌ുപുറത്ത‌് വൻപ്രതിഷേധം നടന്നു. പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി നൂറുകണക്കിന‌് പേരാണ‌് വേദിക്ക‌് പുറത്ത‌് തടിച്ചുകൂടിയത‌്. ഉച്ചകോടിക്ക‌് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോഡി അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബേയുമായി കൂടിക്കാഴ‌്ച നടത്തി. ഷിൻസോയുമായുള്ള ചർച്ചയിൽ ഇന്തോ പസഫിക‌് മേഖലയിലെ പ്രശ‌്നങ്ങൾ, അടിസ്ഥാന സൗകര്യവികസനം എന്നിവ വിഷയമായി.

അതേസമയം, ബ്രിക്സ് നേതാക്കളുടെ അനൗപചാരിക യോഗത്തിൽ ഭീകരവാദത്തിന് എതിരായ ഇന്ത്യയുടെ നിലപാട് മോഡി വ്യക്തമാക്കി. ഭീകരവാദം മാനവികതയോടുള്ള വെല്ലുവിളിയാണെന്ന് മോഡി പറഞ്ഞു. സാമ്പത്തിക പുരോഗതിയെയും മതസൗഹാർദത്തെയും ഭീകരവാദം പിന്നോട്ടടിക്കും. ഭീകരതയെയും വംശീയതയെയും പിന്തുണയ്ക്കുന്ന എല്ലാ വഴികളും അടയ്ക്കണമെന്നും മോഡി പറഞ്ഞു. ഭീകരവാദത്തിന് എതിരായ പോരാട്ടത്തിനും മോഡി ആഹ്വാനം ചെയ്തു. കാലാവസ്ഥാവ്യതിയാനം പ്രധാന പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. പിന്നീട‌് സൗദി രാജാവ് മുഹമ്മദ്‌ ബിൻ സൽമാനുമായും മോഡി കൂടിക്കാഴ്ച നടത്തി. വാണിജ്യമേഖലയിൽ സഹകരണം മെച്ചപ്പെടുത്താൻ തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News