സാധാരണ മരണത്തെ കസ്റ്റഡി മരണമാക്കി; സഞ്ജീവ് ഭട്ടിനെ കുടുക്കിയത് വിഎച്ച്പി നേതാക്കളെന്ന് ശ്വേത ഭട്ട്

സാധാരണ മരണത്തെ കസ്റ്റഡി മരണമാക്കിയതും അതില്‍ ഭര്‍ത്താവിനെ കുടുക്കിയതും ഗുജറാത്ത് ജാംനഗറിലെ വിഎച്ച്പി നേതാക്കളുടെ ഗൂഢാലോചനയാണെന്ന് ഗുജറാത്ത് മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട്.

സാമുദായിക കലാപത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ട ജാംനഗറിലെ പ്രഭുദാസ് വൈഷ്ണാനിയ പിന്നീട് അസുഖത്തെ തുടര്‍ന്നാണ് മരിച്ചത്. അന്ന് പ്രഭുദാസിന്റെ കുടുംബത്തിനുപോലും സഞ്ജീവ് ഭട്ടിനെതിരെ പരാതിയില്ലായിരുന്നു. എന്നാല്‍ വിഎച്ച്പി നേതാക്കള്‍ പ്രഭുദാസിന്റെ സഹോദരനെ കണ്ടതിനുശേഷമാണ് ഇത് കസ്റ്റഡി മരണമാക്കുന്നതെന്നും ശ്വേത പറഞ്ഞു. കോഴിക്കോട്ട് പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ ശ്വേത ‘ദേശാഭിമാനി’യുമായി സംസാരിക്കുകയായിരുന്നു.

പ്രഭുദാസിനെ സഞ്ജീവ് ഭട്ട് അറസ്റ്റ് ചെയ്തിട്ടില്ല. ചോദ്യം ചെയ്തിട്ടുമില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലോ മെഡിക്കല്‍ റിപ്പോര്‍ട്ടിലോ മരണത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടുമില്ല. എന്നിട്ടും ഭര്‍ത്താവിനെ കേസില്‍ കുടുക്കാന്‍ കാരണം രാഷ്ട്രീയ പകപോക്കലാണ്.

സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച ജാംനഗര്‍ സെഷന്‍സ് കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള തയ്യാറെടുപ്പിലാണ്. ഇക്കാര്യങ്ങളെല്ലാം അപ്പീലില്‍ ഉന്നയിക്കും. ജുഡീഷ്യറിയില്‍ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല- അവര്‍ പറഞ്ഞു.

വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യതയെയും സംശയത്തോടെ മാത്രമെ കാണാന്‍ കഴിയുകയുള്ളൂ. മെഷീനില്‍ കൃത്രിമം നടത്താന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എല്ലാ കോണുകളില്‍നിന്നും വിമര്‍ശനമുയര്‍ന്നിട്ടും, ഭരണനേട്ടമൊന്നും പറയാനില്ലാതിരുന്നിട്ടും മോഡി വീണ്ടും അധികാരത്തിലെത്തിയത് തെരഞ്ഞെടുപ്പിലെ ദുരൂഹത വര്‍ധിപ്പിക്കുന്നു. ഇവിടെ ജനാധിപത്യവും മൗലികാവകാശങ്ങളും കടലാസില്‍ മാത്രമാണ്.

നീതിക്കുവേണ്ടിയുള്ള യാത്രയില്‍ കേരളത്തില്‍നിന്നുള്ള പിന്തുണ അത്ഭുതപ്പെടുത്തുന്നു. ഓരോ പത്തു മിനിറ്റിലും കേരളത്തില്‍നിന്ന് ഫോണിലേക്ക് വിളിവരുന്നു. മാനസിക പിന്തുണ മാത്രമല്ല സാമ്പത്തിക വാഗ്ദാനവും ഉണ്ട്. ഓസ്‌ട്രേലിയ, കനഡ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ നിന്നുപോലും ഫോണ്‍വിളി വരാറുണ്ടെങ്കിലും കേരളത്തിന്റെ പിന്തുണയില്‍ ലഭിക്കുന്ന മാനസികാശ്വാസം വലുതാണ്. ഗുജറാത്ത് വംശഹത്യയില്‍ കലാപത്തിനിടെ ചുട്ടുകൊന്ന കോണ്‍ഗ്രസ് നേതാവ് എഫ്‌സാന്‍ ജഫ്രിയുടെ മകള്‍ നിഷ്രിന്‍ ജഫ്രി എനിക്കായി എഴുതിയ കത്ത് ഹൃദയസ്പര്‍ശിയാണ്. പോരാടാനുള്ള ഊര്‍ജമാണ് ഇത്തരം പിന്തുണ. അവളും കുടുംബവും സഹിച്ച വേദന വിവരണാതീതമാണ്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മിക്കവാറും എല്ലാ സംസ്ഥാനത്തും ബിജെപി ഭൂരിപക്ഷം നേടിയപ്പോഴും കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയാത്തതിന് കാരണം ഈ സംസ്ഥാനം ആര്‍ജിച്ച വിദ്യാഭ്യാസ മികവിന്റെ ഫലമാണ്. മതേതരമായ മനസ്സും ജനാധിപത്യ വിശ്വാസവുമാണ് മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തെ വേറിട്ടുനിര്‍ത്തുന്നത്.

ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും പിന്തുണയറിയിച്ച് വീട്ടില്‍ വന്നിരുന്നു. ഈ വിഷയത്തില്‍ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ നിലപാട് എന്താണെന്നറിയില്ല. പാര്‍ടിയുടെ ഉള്ളിലെ പ്രശ്‌നം ചര്‍ച്ചചെയ്യുന്ന തിരക്കിലാണ് കോണ്‍ഗ്രസ്- ശ്വേത പരിഹസിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News