പ്രവാസി വ്യവസായികളോട് യുഡിഎഫ് പഞ്ചായത്ത് ഭരണസമിതിയുടെ പകപോക്കല്‍; 9 വര്‍ഷമായിട്ടും കെട്ടിടാനുമതി നല്‍കിയില്ല

പട്ടാമ്പി പഞ്ചായത്ത് അധികൃതര്‍ കെട്ടിടത്തിന് അനുമതി നല്‍കാത്തതുമൂലം പ്രവാസി സഹോദരങ്ങള്‍ കടം കയറി ആത്മഹത്യ മുനമ്പില്‍.

യുഡിഎഫ് നേതൃത്വം നല്‍കുന്ന വല്ലപ്പുഴ ഗ്രാമപഞ്ചായത്തിന്റെതാണ് നടപടി.

വല്ലപ്പുഴ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ നിര്‍മ്മിച്ച ഇരു നില കെട്ടിടത്തിനാണ് ഒമ്പത് വര്‍ഷമായിട്ടും കൊട്ടിട നമ്പര്‍ ലഭിക്കാതെ സഹോദരങ്ങള്‍ ദുരിതത്തിലായത്.

വിദേശത്ത് മൂന്നര പതിറ്റാണ്ട് കാലം കഷ്ടപ്പെട് ജോലി ചെയ്തുണ്ടാക്കിയ സമ്പത്ത് ഉപയോഗിച്ച് 2009 ല്‍ വല്ലപ്പുഴ തിരുണ്ടിക്കല്‍ ഹംസയും സഹോദരന്‍ യുസഫും വല്ലപ്പുഴയില്‍ സ്ഥലം വാങ്ങി കെട്ടിടം നിര്‍മ്മാണം ആരംഭിച്ചത്.

ബാങ്കില്‍ നിന്നും 50 ലക്ഷം രൂപ വായ്പയെടുത്താണ് നിര്‍മാണം ആരംഭിച്ചത്.

കെട്ടിടത്തിലെ മുറികള്‍ വാടകക്ക് നല്‍കി ശേഷിച്ച കാലം നാട്ടില്‍ ജീവിക്കാം എന്നു കരുതിയായിരുന്നു പണം മുടക്കിയത്.

കടം വാങ്ങിയ തുകക്ക് പലിശ നല്‍കി കയ്യിലുണ്ടായിരുന്ന മറ്റു സമ്പാദ്യവും നഷ്ടമായി.

ഇതിനകം കെട്ടിടത്തിനായി രണ്ടു കോടിയോളം രൂപ ചിലവായി കഴിഞ്ഞു. ഇനി എന്തു ചെയ്യാനാണെന്ന ചിന്തയിലാണ് ഇരുവരും.

യുഡിഎഫ് നേതൃത്വം നല്‍കുന്ന വല്ലപ്പുഴ ഗ്രാമ പഞ്ചായത്ത് ഇവര്‍ക്ക് കെട്ടിടത്തിന് നമ്പര്‍ നല്‍കാതിരിക്കാന്‍ ഉന്നയിച്ച വാദങ്ങള്‍ നിരവധിയാണ്.

ആദ്യഘട്ടത്തില്‍ മൂന്ന് നില കെട്ടിടം പണിയാനായിരുന്നു ഹംസയും, യൂസഫും പദ്ധതി ഇട്ടിരുന്നത്.

എന്നാല്‍ ഫയര്‍ ആന്റ് സെഫ്റ്റി പര്‍മിഷന്‍ ആവശ്യമായതിനാല്‍ കെട്ടിടം രണ്ടു നിലയിക്കാം എന്ന് ഇരുവരും തിരുമാനിക്കുകയായിരുന്നു. നമ്പറിന് അപേക്ഷിച്ചപ്പോള്‍ ആദ്യം റോഡില്‍ നിന്നും കെട്ടിടത്തിലേക്ക് വേണ്ട ദൂരം പാലിച്ചിട്ടില്ല എന്നതായിരുന്നു വാദം.

ഇത് അളന്ന് തിട്ടപ്പെടുത്തിയപ്പോള്‍ റോഡിന് അപ്പുറത്തുള്ള റെയിവേ യുടെ അനുമതി അശ്യപ്പെട്ടു.

അത് ഹാജരാക്കിയപ്പോള്‍ പി ഡബ്ലിയു ഡി യുടെ അനുമതിയും തുടര്‍ന്ന് സമീപവാസികളുടെ അനുമതിയും ആവശ്യപ്പെട്ടു. ഇവയെല്ലാം ഹാജരാക്കിയിട്ടും ഫലമുണ്ടായില്ല.

പിന്നീട് ഓംബുഡ്‌സ്മാനില്‍ പരാതി എത്തി. തുടര്‍ന്ന് സ്ഥലം താലൂക്ക് സര്‍വ്വേയറെ കൊണ്ടുവന്ന് അളന്ന് കെട്ടിടം റോഡില്‍ നിന്നും മൂന്നു മീറ്ററുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ടൗണ്‍ പ്ലാനറുടെ റിപ്പോര്‍ട്ടുകൂടി കിട്ടട്ടെ എന്ന വാശിയിലാണ് ഗ്രാമപഞ്ചായത്ത് അധികൃതര്‍.

സെക്രട്ടറിയുടെ അധികാര പരിധിയില്‍ തീര്‍പ്പാക്കാന്‍ കഴിയുന്ന വിഷയം ഇപ്പോള്‍ ഗ്രാമ പഞ്ചായത്ത് ടൗണ്‍ പ്ലാനറുടെ റിപ്പോര്‍ട്ടിനായി അയച്ചിരിക്കുകയാണ്.

കെട്ടിടത്തിന് നമ്പര്‍ ലഭിക്കാനുള്ള കാത്തിരിപ്പിന് ഉടനെ പരിഹാരമായില്ലെങ്കില്‍ രണ്ടു കടുംബങ്ങളുടെ ജീവിതമാണ് ഇവിടെ ഇല്ലാതാവുക. ഉറ്റവരെയും ഉടയവരെയും ഉപേക്ഷിച്ച് വിദേശ മണ്ണിലൊഴുക്കിയ വിയര്‍പ്പിന് എത്രയും വേഗം പരിഹാരം കാണേണ്ടതുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News