കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഉപേക്ഷിച്ച രാഹുല്‍ ഗാന്ധിയെ അനുനയിപ്പിക്കാന്‍ കൂട്ടരാജിയും സമ്മര്‍ദവുമായി നേതാക്കള്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പിസിസി അധ്യക്ഷന്മാര്‍ തയ്യാറാകാത്തതില്‍ രാഹുല്‍ അമര്‍ഷത്തിലാണെന്ന വിവരം പുറത്തുവന്നതിനു പിന്നാലെയാണ് പുതിയ നീക്കം. ഡല്‍ഹിയിലെ 280 ബ്ലോക്ക് കമ്മിറ്റികളും പിരിച്ചുവിട്ടു. രാജ്യസഭാംഗമായ വിവേക് തന്‍ഖ എല്ലാ ഭാരവാഹിത്വത്തില്‍നിന്നും രാജിവച്ചു. രാഹുലിന് സ്വതന്ത്രമായി നേതൃനിരയെ കണ്ടെത്താന്‍ അവസരമൊരുക്കണം എന്നാവശ്യപ്പെട്ടാണ് എഐസിസിയുടെ നിയമ–വിവരാവകാശ വിഭാഗം ചെയര്‍മാന്‍ സ്ഥാനം രാജിവച്ചത്. ഈ പ്രതിസന്ധി നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും എല്ലാ ഭാരവാഹികളും രാജിക്ക് തയ്യാറാകണമെന്നും തന്‍ഖ ട്വീറ്റ് ചെയ്തു. തുടര്‍ന്നാണ് ഡല്‍ഹി, ഹരിയാന, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍നിന്ന് വിവിധ നേതാക്കള്‍ രാജിവച്ചത്.