ഇല്ലാത്ത ഫ്‌ളക്‌സ് ബോര്‍ഡിന്റെ പേരില്‍ സിപിഐഎമ്മിനെതിരെ വ്യാജപ്രചാരണവുമായി മലയാള മാധ്യമങ്ങള്‍; സിപിഐഎം വിരുദ്ധ വാര്‍ത്ത കെട്ടിച്ചമച്ചത് 2017ല്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡിന്റെ ചിത്രം ഉപയോഗിച്ച്

കണ്ണൂര്‍: ഇല്ലാത്ത ഫ്‌ളക്‌സ് ബോര്‍ഡിന്റെ പേരില്‍ സിപിഐഎമ്മിനെതിരെ വ്യാജ പ്രചാരണം.

തളിപ്പറമ്പ മാന്ധംകുണ്ട് പി ജയരാജന്‍ അനുകൂല ഫ്‌ളക്‌സ് സ്ഥാപിച്ചു എന്നാണ് ചില മാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത നല്‍കിയത്. 2017ല്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡിന്റെ പഴയ ഫോട്ടോ ഉപയോഗിച്ചായിരുന്നു പ്രചാരണം.

തളിപ്പറമ്പ മാന്ധംകുണ്ടില്‍ നാട്ടുകാര്‍ ഒരാള്‍ പോലും കാണാത്ത ഫ്‌ളക്‌സ് ബോര്‍ഡാണ് ചില മാധ്യമങ്ങള്‍ കണ്ടത്. പി ജയരാജന്‍ അനുകൂലികള്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചു എന്നായിരുന്നു മാധ്യമങ്ങളുടെ വ്യാജ പ്രചാരണം. ഷുക്കൂര്‍ കേസില്‍ പി ജയരാജനെ സിബിഐ വേട്ടയാടിയപ്പോള്‍ 2017ല്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡിന്റെ ചിത്രം ഉപയോഗിച്ചാണ് മാധ്യമങ്ങള്‍ സിപിഐഎം വിരുദ്ധ വാര്‍ത്ത കെട്ടിച്ചമച്ചത്.

2017 നവംബര്‍ 16ന് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത ഫോട്ടോയാണ് പുതിയത് എന്ന രീതിയില്‍ പ്രചരിപ്പിച്ചത്. പഴയ ഫ്‌ളക്‌സ് ബോര്‍ഡിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും അവിടെ തന്നെ കാണാം. വ്യാജ വാര്‍ത്ത നല്‍കിയ ഒരു മാധ്യമം പോലും നിജസ്ഥിതി അന്വേഷിക്കാന്‍ മാന്ധാംകുണ്ടില്‍ വന്നിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണ് ഇതെന്ന് പ്രദേശവാസിയും തളിപ്പറമ്പ ഏരിയ കമ്മറ്റി അംഗവുമായ മുരളി കോമത്ത് പറഞ്ഞു. വ്യാജ വാര്‍ത്തയ്ക്ക് എതിരെ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വന്‍ പ്രതിഷേധം ഉയര്‍ന്നതോടെ ചില മാധ്യങ്ങള്‍ വാര്‍ത്ത പിന്‍വലിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here