കുതിക്കുന്ന കായിക കേരളം; കരുത്താവുന്ന ഇടതുപക്ഷം

മുമ്പില്ലാത്ത വിധം ഉണര്‍വിലാണ് കേരളത്തിന്റെ കായിക മേഖല ഇന്ന് അടിസ്ഥാന സൗകര്യങ്ങളൊക്കെയും വര്‍ദ്ധിപ്പിച്ച് കൂടുതല്‍ സൗകര്യങ്ങളൊരുക്കിയതോടെ കേരളത്തിന്റെ കായിക താരങ്ങളിന്ന് ലോക നിലവാരത്തില്‍ മാറ്റുരയ്ക്കുന്നവരായി മാറുന്നു.

കൗമാരവും യൗവ്വനവും കേരളത്തിന്റെ കായിക മേഖലയോടെപ്പം സഞ്ചരിച്ചിട്ടും രാജ്യത്തിനും നാടിനും അഭിമാനകരമായ നേട്ടങ്ങള്‍ കൊണ്ടുവന്നിട്ടും അംഗീകരിക്കപ്പെടുകയോ പരിഗണിക്കപ്പെടുകയോ ചെയ്യാതെ പോയവരൊക്കെയും പുതിയ വഴികളില്‍ നടന്ന് തുടങ്ങുകയാണ് കരുതലുള്ള ഈ ഭരണത്തിന് കീഴില്‍.

കായിക മേഖലയുടെ അടിസ്ഥാന സൗകര്യ രംഗത്ത് കേരളം അക്ഷരാര്‍ഥത്തില്‍ നടത്തിയത് ഒരു കുതിച്ച് ചാട്ടമാണ് പോയ മുന്ന് വര്‍ഷത്തിനിടയില്‍.

നമ്മുടെ മൈതാനങ്ങളൊക്കെയും ദേശീയ അന്തര്‍ദേശീയ മത്സരങ്ങള്‍ക്ക് പാകപ്പെട്ടിരിക്കുന്നു.

14 ജില്ലാ സ്റ്റേഡിയങ്ങള്‍ 43 പഞ്ചായത്ത് മുനിസിപ്പാലിറ്റി സ്റ്റേഡിയങ്ങള്‍ എന്നിവയ്ക്ക് 700 കോടിയാണ് കിഫ്ബി അനുവദിച്ചത്. അതില്‍ 528 കോടി രൂപ ചിലവില്‍ 34 സ്റ്റഡിയങ്ങല്‍ക്ക് കിഫ്ബി അംഗീകാരം നല്‍കുകയും ഇതില്‍ തന്നെ 20 സ്റ്റേഡിയങ്ങളുടെ നിര്‍മാണം ആരംഭിക്കുകയും ചെയ്തു.

തൃശൂര്‍, ആലപ്പുഴ, തിരുവനന്തപുരം, വയനാട് എന്നീ ജില്ലാ സ്റ്റേഡിയങ്ങളുടെ നിര്‍മാണം ആരംഭിച്ചു കഴിഞ്ഞു. ഈ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതോടെ 40 ഫുഡ്‌ബോള്‍ ഗ്രൗണ്ടുകളും, 24 സിന്തറ്റിക് ട്രാക്കുകളും, 24 സ്വിമ്മിംഗ് പൂളുകളും കേരളത്തിന് സ്വന്തമാവും.

അടിസ്ഥാന സൗകര്യ വികസനത്തിനായി കായിക-യുവജന കാര്യാലയത്തിന് കീഴില്‍ 15 കോടി 93 ലക്ഷം രൂപയാണ് ചിലവഴിച്ചത്.

92 കോടി 53ലക്ഷം രൂപയുടെ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.

സര്‍ക്കാര്‍ ഏറ്റെടുത്ത ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിനെയും കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ സ്‌കൂളിനെയും അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്താനുള്ള പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.

ഖേലോ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കേരളം സമര്‍പ്പിച്ച നാല് പദ്ധതികളില്‍ ഒന്ന് തലശേരി ബ്രണ്ണന്‍ കോളേജിലെ സിന്തറ്റിക് ട്രാക് നിര്‍മാണമാണ് ഈ പദ്ധതി അവസാന ഘട്ടത്തിലാണ്.

കുത്തഴിഞ്ഞ് കിടന്ന കേരളത്തിന്റെ കായിക ഭരണ സംവിധാനത്തിന് കടിഞ്ഞാണിടാനും കായിക ഭരണത്തില്‍ ജനാധിപത്യ രീതികള്‍ കൊണ്ടുവരാനും ഇടത് ഭരണത്തിന് കഴിഞ്ഞു ഇതിനായി 2000 ലെ സ്‌പോര്‍ട്‌സ് ആക്ട് ഭേദഗതി ചെയ്ത് ബില്‍ പാസാക്കി, സ്‌പോര്‍ട്‌സ് അസോസിയേഷനുകളിലും സ്‌പോര്‍ട്‌സ് കൗണ്‍സിലുകളിലും ഭാരവാഹികള്‍ക്ക് കാലാവധി നിശ്ചയിച്ചു.

കായിക മേഖല താഴേക്കിടയിലേക്കുകൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് മുനിസിപ്പാലിറ്റി കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ കൂടി സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ രൂപീകരിക്കാനും തീരുമാനിച്ചു.

സ്‌പോര്‍ട്‌സ് ക്വാട്ടാ നിയമനങ്ങള്‍ വാക്കുകള്‍ക്കപ്പുറം പ്രവൃത്തിയായി.

169 കായിക താരങ്ങള്‍ക്ക് ഇതിനോടകം നിയമനം നല്‍കിക്കഴിഞ്ഞു. 248 കായിക നിയമനങ്ങല്‍ക്ക് റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു. 2011-15 കാലയളവില്‍ മുടങ്ങിക്കിടന്നവയാണ് ഈ നിയമനങ്ങള്‍.

മുന്‍ ഹോക്കി താരം വിഡി ശകുന്തള, വോളിബോള്‍ താരം രതീഷ് സികെ, ഫുഡ്‌ബോള്‍ താരം സികെ വിനീത്, കബഡി താരം പികെ രാജിമോള്‍, സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ പങ്കെടുത്ത പികെ ഷൈബന്‍ എന്നിവര്‍ക്ക് നിയമനം നല്‍കിയതന് പുറമെ സന്തോഷ് ട്രോഫി ജേതാക്കളായ കേരളാ ടീമില്‍ ജോലിയില്ലാത്ത താരങ്ങള്‍ക്കും ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ കായിക താരങ്ങള്‍ക്കും ജോലി നല്‍കാനുള്ള തീരുമാനവും മന്തിസഭ കൈക്കൊണ്ടിട്ടുണ്ട്.


കായിക മേഖലയുടെ സുസ്ഥിരവും സുദീര്‍ഘവുമായ വികസനം ലക്ഷ്യമിട്ട് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന പദ്ധതികളും ഏറെയാണ്.

കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ മാതൃകയില്‍ പത്തനംതിട്ട, തൃശൂര്‍, കാസര്‍കോട് ജില്ലകലില്‍ പുതിയ സ്‌പോര്‍ട്‌സ് ഡിവിഷനുകള്‍, കേരളത്തിന്റെ ബീച്ചുകളെയും കായിക സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ ബീച്ചുകളില്‍ തെരഞ്ഞെടുക്കപ്പെട്ട കായിക ഇനിങ്ങളില്‍ ജില്ലാ തല ബീച്ച് ഗെയിംസ് എന്നിവ പരിഗണനയിലാണ്.

നവംബര്‍- സിസംബര്‍ മാസങ്ങളില്‍ കേരളത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ബീച്ചുകള്‍ ബീച്ച് ഗെയിംസിന് വേദികളാവും.

രാജ്യാന്തര നിലവാരത്തിലുള്ള കായിക താരങ്ങളെ വളര്‍ത്തിയെടുക്കുന്നതിനായി വട്ടിയൂര്‍ക്കാവ്, കുമാരപുരം, ഇടുക്കി, വയനാട് എന്നിവിടങ്ങളില്‍ യഥാക്രമം ഷൂട്ടിങ്, ടെന്നീസ്, വോളീബോള്‍, അമ്പെയ്ത്ത് അക്കാഡമികള്‍ നിര്‍മിക്കും.

ആരോഗ്യ പരിപാലനത്തിനും കായിക പരിശീലനം എന്ന ലക്ഷ്യത്തില്‍ സര്‍ക്കാര്‍ ആരംഭിച്ച സ്‌പോര്‍ട്‌സ് ലൈഫ് ഫിറ്റ്‌നസ് സെന്ററുകള്‍ നിലവില്‍ 8 ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട് ഇത് 10 ഇടങ്ങളിലേക്ക് കൂടെ വ്യാപിപ്പിക്കുന്നു.

കേരളത്തിലെ തെരഞ്ഞെടുത്ത 420 സ്‌ക്കൂളുകളിലെ ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥിനികള്‍ക്ക് സ്വയം രക്ഷയ്ക്കായി ആയോധന മുറകളുടെ പരിശീലനം സംഘടിപ്പിക്കും. 21,000 വിദ്യാര്‍ത്ഥിനികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭ്യമാകും.

എല്ലാവര്‍ക്കും നല്ല ആരോഗ്യം എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തി കഴിഞ്ഞ വര്‍ഷം കായിക വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച മാരത്തോണ്‍ ഈ വര്‍ഷം എല്ലാ ജില്ലകളിലും നടപ്പിലാക്കും. 13 ജില്ലകളില്‍ ഫാഫ് മാരത്തോണ്‍ ആയാണ് സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്ത് ഫുള്‍ മാരത്തോണ്‍ സംഘടിപ്പിക്കും.

കായിക മേഖലയിലെ പുത്തന്‍ സാങ്കേതിക വിദ്യ പരിചയപ്പെടുത്തുന്നതിന് കായിക വകുപ്പിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച സ്പോര്‍ട്സ് എക്സ്പോ ഈ വര്‍ഷം തിരുവനന്തപുരത്തും കണ്ണൂരിലുമായി സംഘടിപ്പിക്കും.

ഇവയ്ക്ക് പുറമെ ടാലന്റ് ഐഡന്റിഫിക്കേഷന്‍, സ്‌പോര്‍ട്‌സ് മെഡിസിന്‍ സെന്റര്‍, കായിക താരങ്ങള്‍ക്ക് സ്‌കോളര്‍ഷിപ്പ്, സ്‌പോര്‍ട്‌സ് യൂണിഫോം, അണ്ടര്‍ 14 സിഎം ഗോള്‍ഡ് കപ്പ് ഫുഡ്‌ബോള്‍ ടൂര്‍ണമെന്റ് എന്നിവയും സംഘടിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News