അട്ടക്കുളങ്ങര ജയില്‍ ചാടിയ വനിതാ തടവുകാര്‍ 2 ദിവസം ഒളിവില്‍ കഴിഞ്ഞത് അത്യന്തം നാടകീയമായ രീതിയില്‍. ഓട്ടോ ഡ്രൈവര്‍ മുതല്‍ മെഡിക്കല്‍ കോളജിലെ രോഗികളുടെ കൂട്ടിരിപ്പുകാര്‍ വരെയുള്ളവരെ കബളിപ്പിച്ച ശേഷം. സംസ്ഥാനത്ത് ആദ്യമായി തടവുചാടിയ വനിതകളായ പാലോട് ഊന്നുമ്പാറ സ്വദേശി ശില്‍പ, വര്‍ക്കല സ്വദേശി സന്ധ്യ എന്നീ യുവതികള്‍ പിടിയിലാവുന്നതു വരെയുള്ള 2 രാത്രിയും 2 പകലും അത്യന്തം നാടകീയമായുരുന്നു.ഒരു ദിവസം രാത്രി യാത്രയ്ക്കിടയില്‍ കണ്ട കെട്ടിടത്തിന്റെ ടെറസില്‍ കിടന്നുറങ്ങി. പിറ്റേന്നു പകല്‍ കൊല്ലം തിരുവനന്തപുരം ജില്ലാ അതിര്‍ത്തിയായ കടമ്പാട്ടുകോണത്തെ സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങളുടെ ഷോറൂമില്‍ നിന്ന് സ്‌കൂട്ടര്‍ കവര്‍ന്നു. നമ്പര്‍ പ്ലേറ്റ് തിരുത്തി യാത്ര തുടര്‍ന്നു. രണ്ടാം ദിനം അര്‍ധരാത്രി വനമേഖലയിലൂടെ സ്‌കൂട്ടറില്‍ പോകുന്നതിനിടയില്‍ പിടിയിലായി. മോഷണക്കേസ് പ്രതികളായ ഇരുവരും ചൊവ്വാഴ്ച വൈകിട്ടാണ് അട്ടക്കുളങ്ങര വനിതാ ജയില്‍ ചാടി മണക്കാട് ഭാഗത്ത് എത്തിയത്. രാത്രി ഏഴരയോടെ ഓട്ടോറിക്ഷയില്‍ മെഡിക്കല്‍ കോളജിലെ എസ്എടി ആശുപത്രിയിലെത്തി.