ചുരമിറങ്ങിപ്പോയ വയനാടന്‍ പ്രതീക്ഷകള്‍


കേരളത്തിലെ കോണ്‍ഗ്രസുകാരുടെ തന്നെ ഭാഷയില്‍ രാഹുല്‍ തരംഗത്തില്‍ കേരളത്തില്‍ നേടിയ 19 സീറ്റുകളുടെ ആവേശവും ആഘോഷവും ഇനിയും കെട്ടടങ്ങിയിട്ടില്ല.

കേരളാ നേതാക്കളില്‍ പലര്‍ക്കും, എന്നാല്‍ തന്റെ പേരില്‍ ആഘോഷത്തിലാറാടിയിരിക്കുന്ന കേരളാ നേതാക്കളോട് ഒപ്പം ചേരാനുള്ള ആവേശം പോലും നിലവില്‍ രാഹുല്‍ ഗാന്ധിക്ക് ഇല്ലാതെ പോയതെന്തുകൊണ്ടാവുമെന്ന് നിങ്ങളാരെങ്കിലും ചിന്തിച്ചിട്ടുണ്ടോ.
അത്രമേല്‍ ആവേശത്തോടെ ആഘോഷത്തോടെ പഴയ കോണ്‍ഗ്രസ് അധ്യക്ഷനെ കേരളത്തിലേക്ക് ക്ഷണിച്ച് കൊണ്ടുവരുമ്പോള്‍ എന്തൊക്കെയായിരുന്നു വയനാട്ടുകാര്‍ക്കും കേരളീയര്‍ക്കും കോണ്‍ഗ്രസ് വക വാഗ്ദാനങ്ങളെന്ന് കോണ്‍ഗ്രസുകാര്‍ മറന്ന് തുടങ്ങിയെങ്കിലും വയനാട്ടുകാര്‍ക്കത്ര പെട്ടന്ന് മറക്കാനൊക്കുമോ.

രാജ്യത്ത് ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തിന്റെ നായകന് ഇന്ത്യയുടെ ഭാവി പ്രധാന മന്ത്രിക്ക് ഒരു വോട്ട് എന്നായിരുന്നില്ലെ നിങ്ങളുടെ പ്രധാന പ്രചാരണങ്ങളൊക്കെയും എന്നിട്ടിപ്പോഴെന്തായി.

പ്രധാനമന്ത്രി പദവും പ്രതിപക്ഷ നേതൃപദവുമൊക്കെ പോട്ടെ സ്വന്തം പാര്‍ട്ടിയെ നയിക്കാനുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് പോലും ഒളിച്ചോടുകയാണല്ലോ കോണ്‍ഗ്രസുകാരെ നിങ്ങളുടെ പോരാളി.

രാജ്യം ഭരിക്കാനിറങ്ങിപ്പുറപ്പെട്ട കോണ്‍ഗ്രസുകാര്‍ക്ക് അധ്യക്ഷ സ്ഥാനത്തിരുത്താനൊരാളില്ലാത്ത അവസ്ഥയാണ്.

കോണ്‍ഗ്രസ് കുടുംബത്തിന്റെ കുത്തക മണ്ഡലത്തില്‍ നിന്ന് മാറി ഇങ്ങ് കേരളത്തിലേക്ക് നിങ്ങള്‍ വണ്ടി കയറുമ്പോള്‍ പോരാളി പരിവേഷത്തിനുള്ളില്‍ യഥാര്‍ഥത്തില്‍ നിങ്ങളും നിങ്ങളുടെ പ്രസ്ഥാനവും ഭീരുക്കളും അധികാരക്കൊതിയന്‍മാരും മാത്രമാണെന്ന് വിളിച്ച് പറഞ്ഞവരാണ് ഇടതുപക്ഷം.

അന്ന് ഞങ്ങളെ വട്ടം കൂടി കല്ലെറിഞ്ഞ രാഷ്ട്രീയ നിരീക്ഷകരൊക്കെയും നിലവിലെ രാഷ്ട്രീയ പരിതസ്ഥിതിയെ എങ്ങനെ നിരീക്ഷിക്കുന്നു എന്നറിയാന്‍ ഒരു കൗതുകമുണ്ട്.

അമേഠിയില്‍ തോല്‍വി ഭയന്നാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതെന്ന് ഇടതുപക്ഷം പറഞ്ഞിരുന്നില്ലെ, എന്നിട്ട് അമേഠിയില്‍ നിങ്ങള്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞോ.

അമേഠിയില്‍ മാത്രമല്ല ഹിന്ദി ഹൃദയ ഭൂമിയിലാകെ രാഹുല്‍ ഗാന്ധിയുടെ കൂടുമാറ്റം കോണ്‍ഗ്രസിനും മതേതര കക്ഷികള്‍ക്കും തിരിച്ചടിയാവുമെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നില്ലെ. തെരഞ്ഞെടുപ്പിന് ശേഷം രൂപപ്പെട്ടുവന്ന രാഷ്ട്രീയ പരിതസ്ഥിതി മറിച്ചായിരുന്നില്ലല്ലോ.

നേരാണ് ഇടതുപക്ഷം നിങ്ങള്‍ക്ക് ശത്രുക്കള്‍ തന്നെയാണ് പക്ഷെ 19 ഇടങ്ങളില്‍ ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ 80 ലേറെ ഇടങ്ങളില്‍ നിങ്ങള്‍ കൂടെ ചേര്‍ന്ന് ജയിപ്പിച്ചുവിട്ട സംഘപരിവാര്‍ ശക്തികള്‍ ഇന്ത്യന്‍ ഭഹുസ്വരതയ്ക്ക് ഏത് തരത്തിലാണ് കരുത്ത് പകരുക.

പതിറ്റാണ്ടുകള്‍ രാജ്യം ഭരിച്ച നിങ്ങളുടെ രാഷ്ട്രീയ വീക്ഷണങ്ങള്‍ എപ്പോള്‍ മുതലാണ് ഇത്രമേല്‍ ഇടുങ്ങിപ്പോയത്.

വയനാടിന്റെയും കേരളത്തിന്റെയും തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന ഭൂരിപക്ഷത്തിലാണ് വയനാടന്‍ ജനത പ്രിയപ്പെട്ട രാഹുല്‍ ഗാന്ധി നിങ്ങളെ പാര്‍ലമെന്റിലേക്ക് പറഞ്ഞയച്ചത്.

നിങ്ങളാഘോഘിച്ച ഓരോഭൂരിപക്ഷവും ഓരോ പ്രതീക്ഷയായിരുന്നു. വര്‍ഗീയതയ്‌ക്കെതിരെ ഫാസിസത്തിനെതിരെ പോരാടാന്‍ നിങ്ങളുമുണ്ടാവുമെന്ന് പ്രതീക്ഷ.

നിങ്ങള്‍ക്ക് ആ പ്രതീക്ഷ കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞോ രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിട്ട് ഓരുമാസം തികയുകയാണ് പഴയതിനെക്കാളേറെ രൂക്ഷമായി സംഘപരിവാര്‍ രാഷ്ട്രീയം ഇന്ത്യന്‍ ജനതയ്ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുയാണവര്‍ എന്നിട്ടും എതിര്‍ക്കപ്പെടുന്നവരുടെ കൂട്ടത്തില്‍ എന്തുകൊണ്ടാണ് വയനാട്ടുകാര്‍ക്ക് അവരുടെ എംപിയെ കണ്ടുകിട്ടാത്തത്.

ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരില്‍ തബ്രീസ് അസാരി തെരുവില്‍ കൊലചെയ്യപ്പെട്ടപ്പോള്‍, അധികാരി വര്‍ഗത്തിന്റെ അശ്രദ്ധയുടെ പേരില്‍ 300 ഏറെ കുരുന്നുകള്‍ ബിഹാറില്‍ ഭരണകൂടത്താല്‍ കൊലചെയ്യപ്പെട്ടപ്പോള്‍,

സംഘപരിവാര്‍ ഭീകരതയ്‌ക്കെതിരെ ഒറ്റയാല്‍ പോരാട്ടം നയിച്ച സഞ്ജീവ് ഭട്ടിനെ തുറങ്കിലടയ്ക്കപ്പെട്ടപ്പോഴുമെല്ലാം ഇടതുപക്ഷം ഇവിടെ തന്നെയുണ്ടായിരുന്നു പോരാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ അവര്‍ക്കൊപ്പം തെരുവിലിറങ്ങാന്‍.

വോട്ടിന്റെ സീറ്റിന്റെയും എണ്ണം നോക്കി രാഷ്ട്രീയ പ്രതികരണങ്ങള്‍ രൂപപ്പെടുത്തുന്ന രീതി പണ്ടും ഇടതുപക്ഷത്തിന് വശമില്ലായിരുന്നു.

ഞങ്ങളീ നാടിനോട് എപ്പോഴും മനുഷ്യപക്ഷത്തിന്റെ രാഷ്ട്രീയം സംവദിക്കാന്‍ തയ്യാറായിരുന്നു അതുകൊണ്ട് തന്നെയാണ് വീണുപോയെന്ന് നിങ്ങളുടെ എല്ലാ ആശ്വാസങ്ങളെയും അസ്ഥാനത്താക്കി തിരിച്ചുവരാന്‍ ഈ പ്രസ്ഥാനത്തിന് കഴിയുന്നതും.

അസംതൃപ്തരാണെല്ലാവരും സംഘപരിവാര്‍ അഴിഞ്ഞാട്ടത്തിലും നിങ്ങളുടെ തണുപ്പന്‍ പ്രതികരണങ്ങളിലും പോരാടാനുറച്ചവര്‍ വിരളമാണ് അവരിപ്പോഴുമുണ്ട് തെരുവുകളില്‍

എല്ലാ അനീതികളോടും കലഹിച്ച് ശത്രുപക്ഷത്തിന്റെ സന്ധി സംഭാഷണങ്ങള്‍ക്ക് കാതുകൊടുക്കാതെ മാറ്റത്തിന്‍ പടപ്പാട്ടുമായി പോരാട്ടത്തിന്റെ പതാക വാഹകരായി…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News