പാലക്കാട് സുല്‍ത്താന്‍ പേട്ടയില്‍ സ്‌കൂളിന്റെ മതില്‍ തകര്‍ത്ത് കൈയ്യേറി കോണ്‍ഗ്രസ് നേതാവിന്റെ മില്‍മ ഷോപ്പ് നിര്‍മാണം. സുല്‍ത്താന്‍ പേട്ട് ഗവ. യു പി സ്‌കൂളിന്റെ മതിലാണ് തകര്‍ത്തത്. പൊതു സ്ഥലം കൈയ്യേറി പൊതുകിണര്‍ മൂടിയാണ് മില്‍മ ഷോപ്പ് നിര്‍മിച്ചിരിക്കുന്നത്
പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള സുല്‍ത്താന്‍ പേട്ട് യുപി സ്‌ക്കൂളിന്റെ മുന്‍വശത്താണ് മില്‍മ ഷോപ്പ് പ്രവര്‍ത്തിക്കുന്നത്. ഷോപ്പ് നവീകരണത്തിന്റെ ഭാഗമായാണ് സ്‌ക്കൂളിന്റെ മതില്‍ തകര്‍ത്തത്. പ്രവേശനോത്സവത്തോടനുബന്ധിച്ച് ചിത്രങ്ങള്‍ വരച്ച് മനോഹരമാക്കിയ മതിലാണ് തകര്‍ത്തിരിക്കുന്നത്. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നിര്‍മാണം പോലീസെത്തി തടഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രിയാണ് മതില്‍ തകര്‍ത്ത് ഷോപ്പിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
പ്രാദേശിക കോണ്‍ഗ്രസ് നേതാവ് വത്സന്റെ ഉടമസ്ഥതയിലുള്ളതാണ് മില്‍മ ഷോപ്പ്. നിര്‍മാണത്തിന്റെ ഭാഗമായി പൊതു കിണര്‍ കോണ്‍ക്രീറ്റ് ചെയ്ത് മൂടി അതിന്റെ മുകളിലാണ് ഷോപ്പ് നിര്‍മിച്ചിരിക്കുന്നത്. നേരത്തെ തന്നെ സ്‌കൂളിന്റെ സ്ഥലം കൈയ്യേറിയാണ് മില്‍മ ഷോപ്പ് പ്രവര്‍ത്തിക്കുന്നതെന്ന പരാതി ഉയര്‍ന്നിരുന്നു. സ്‌കൂള്‍ മതില്‍ തകര്‍ത്തവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അധ്യാപക-രക്ഷാകര്‍തൃ സമിതി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here