താരസംഘടന അമ്മയുടെ വാര്‍ഷിക ജനറല്‍ബോഡി യോഗം ഇന്ന് കൊച്ചിയില്‍

താരസംഘടന അമ്മയുടെ വാര്‍ഷിക ജനറല്‍ബോഡി യോഗം ഇന്ന് കൊച്ചിയില്‍ ചേരും.ഭാരവാഹിസ്ഥാനങ്ങളില്‍ കൂടുതല്‍ സ്ത്രീപങ്കാളിത്തവും സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി പരിഹാര സെല്ലും ഉറപ്പുവരുത്തുന്ന ഭരണഘടന ഭേദഗതി നിര്‍ദേശങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സംഘടനയ്ക്ക് അകത്തും പുറത്തും ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്ക് ഒടുവിലാണ് താരസംഘടനയില്‍ ഭരണഘടനാ മാറ്റത്തിന് കളമൊരുങ്ങുന്നത്.

സ്ത്രീ സുരക്ഷ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിലവിലുള്ള സുപ്രീം കോടതി വിധികള്‍ ഉള്‍പ്പെടെ പരിഗണിച്ചാണ് നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് ഭേദഗതി നിര്‍ദേശങ്ങളുടെ കരട് തയ്യാറാക്കിയത്. സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കല്‍, എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ കുറഞ്ഞത് നാലു സ്ത്രീകള്‍ക്ക് പ്രാതിനിധ്യം, രണ്ട് വൈസ് പ്രസിഡന്റുമാരില്‍ ഒരാള്‍ സ്ത്രീ തുടങ്ങിയവ ഉറപ്പുവരുത്തുന്ന നിര്‍ദേശങ്ങള്‍ ഭേദഗതിയിലുണ്ട്. ഭരണഘടനാ ഭേദഗതി സംബന്ധിച്ച് പരിശോധിക്കാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ കഴിഞ്ഞ ജനറല്‍ ബോഡി ചുമതലപ്പെടുത്തിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി കഴിഞ്ഞ ദിവസം യോഗം ചേരുകയും ഭരണഘടനാ ഭേദഗതി ജനറല്‍ ബോഡിയില്‍ മുഖ്യ അജണ്ടയായി നിശ്ചയിക്കുകയും ചെയ്യുകയായിരുന്നു. രാവിലെ 10 നാരംഭിക്കുന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗം ഭരണഘടന ഭേദഗതി നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യും.യോഗത്തിന്റെ അംഗീകാരം ലഭിച്ചാല്‍ രജിസ്ട്രേഷന്‍ അടക്കമുള്ള മറ്റു നടപടികളിലേക്ക് നീങ്ങാനാണ് സംഘടനയുടെ തീരുമാനം.കാല്‍നൂറ്റാണ്ടിന്റെ ചരിത്രമുള്ള താരസംഘടനയില്‍ ആദ്യമായാണ് സമഗ്രമായ ഭരണഘടനാഭേദഗതി വരുന്നത്.ചലച്ചിത്ര വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി ഉള്‍പ്പടെ സിനിമയ്ക്കുള്ളില്‍നിന്നും പൊതുസമൂഹത്തില്‍നിന്നും ഉയര്‍ന്ന ശക്തമായ പ്രതിഷേധത്തിനും സമ്മര്‍ദത്തിനുമൊടുവിലാണ് ഭരണഘടന മാറ്റത്തിനൊരുങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News