മെഡിക്കല്‍ ആദ്യ അലോട്ടുമെന്റ് ജൂലായ് 7ന് . മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളില്‍ ഒന്നാംഘട്ടത്തിനും എന്‍ജിനിയറിങ് രണ്ടാംഘട്ടത്തിനും ഓപ്ഷന്‍ 6 വരെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാം. എല്ലാ ഫീസ് ഘടനയും താല്‍ക്കാലികമായി നിലവിലെ രീതിയില്‍ തുടരും. അതെസമയം, ഭേദഗതി നിയമപ്രകാരം ഫീസ് നിയന്ത്രണ സമിതിയും പ്രവേശന മേല്‍നോട്ട സമിതിയും രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവായി.

ഈ വര്‍ഷത്തെ എം ബി ബി എസ്, ബി ഡി എസ്, അഗ്രികള്‍ച്ചര്‍, വെറ്ററിനറി, ഫോറസ്ട്രി, ഫിഷറീസ് കോഴ്സുകളിലെ ഒന്നാംഘട്ട അലോട്ട്മെന്റിലേക്കും എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി കോഴ്സുകളിലെ രണ്ടാംഘട്ട അലോട്ട്മെന്റിലേക്കുമാണ് എന്‍ട്രന്‍സ് കമ്മീഷണര്‍ ഓണ്‍ലൈന്‍ ഓപ്ഷനുകള്‍ ക്ഷണിച്ചത്. ആയുര്‍വേദ, ഹോമിയോ, സിദ്ധ, യുനാനി എന്നീ കോഴ്സുകളിലേക്കുള്ള അലോട്ട് മെന്റ് അടുത്ത ഘട്ടത്തിലായിരിക്കും. ജൂലായ് ആറിന് രാവിലെ 10 വരെ വിദ്യാര്‍ത്ഥികള്‍ക്ക് ഓപ്ഷന്‍ നല്‍കാം. മെഡിക്കലില്‍ ഒന്നാം അലോട്ടുമെന്റും എന്‍ജിനിയറിങില്‍ രണ്ടാം അലോട്ടുമെന്റും ഏഴിന് പ്രസിദ്ധീകരിക്കും. എല്ലാ ഫീസ് ഘടനയും താല്‍ക്കാലികമായി നിലവിലെ രീതിയില്‍ തുടരും. എന്നാല്‍ മെഡിക്കല്‍ മാനേജുമെന്റുകള്‍ സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കില്ലെന്ന് അറിയിച്ച സാഹചര്യത്തില്‍ ഫീസ് നിര്‍ണയ സമിതിയുടെ തീരുമാനമാകും അന്തിമമാകുക.

അതെസമയം, മെഡിക്കല്‍ നിയമ ഭേദഗതി പ്രകാരം ഫീസ് നിയന്ത്രണ സമിതിയും പ്രവേശന മേല്‍നോട്ട സമിതിയും രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഇരു സമിതികളുടെയും അധ്യക്ഷനായി ജസ്റ്റിസ് രാജേന്ദ്രബാബു തുടരും.