പാലാരിവട്ടം മേൽപ്പാല നിർമാണത്തിലെ യുഡിഎഫ‌് അഴിമതി; എൽഡിഎഫ‌് സത്യഗ്രഹം അഞ്ചാംനാളിലേക്ക‌്

പാലാരിവട്ടം മേൽപ്പാല നിർമാണത്തിലെ യുഡിഎഫ‌് അഴിമതി കൂടുതൽ ചർച്ചയാക്കി എൽഡിഎഫ‌് സത്യഗ്രഹം തുടരുന്നു. പാലാരിവട്ടം മേൽപ്പാലം അഴിമതിക്ക് ഉത്തരവാദിയായ ഇബ്രാഹിംകുഞ്ഞ് എംഎൽഎ സ്ഥാനം രാജിവയ്ക്കുക, അഴിമതിക്ക് കാരണക്കാരായ മുഴുവൻ ഉദ്യോഗസ്ഥരെയും നിയമത്തിനുമുന്നിൽ കൊണ്ടുവരിക എന്നീ  ആവശ്യങ്ങൾ ഉന്നയിച്ച് പാലാരിവട്ടത്ത് ആരംഭിച്ച അനിശ്ചിതകാല സത്യഗ്രഹത്തിന്റെ നാലാം ദിവസത്തെ സമരം എൻസിപി സംസ്ഥാന സെക്രട്ടറി വി ജി രവീന്ദ്രൻ ഉദ‌്ഘാടനംചെയ‌്തു.

മുസ്ലിംലീഗ് എന്നൊക്കെ അധികാരത്തിൽ വന്നിട്ടുണ്ടോ അന്നെല്ലാം അഴിമതിയും സാർവത്രികമായിട്ടുണ്ടെന്ന് വി ജി രവീന്ദ്രൻ പറഞ്ഞു. അഴിമതി നടത്താൻ വേണ്ടിമാത്രം മന്ത്രിയായ ആളാണ് ഇബ്രാഹിംകുഞ്ഞ്.  പൊതുമരാമത്ത് വകുപ്പിനെ പൂർണമായും അഴിമതിനിറഞ്ഞ വകുപ്പാക്കി അദ്ദേഹം മാറ്റി.  ഉദ്യോഗസ്ഥരെയും അഴിമതി നടത്താൻ പ്രേരിപ്പിച്ചതിന്റെ പരിണിതഫലമാണ് പാലാരിവട്ടം മേൽപ്പാലത്തിന്റെ ഇന്നത്തെ അവസ്ഥ.  മേൽപ്പാലം നിർമാണത്തിൽ വീഴ്ച വരുത്തുക എന്നാൽ, നരഹത്യ നടത്താൻ മനഃപൂർവം തീരുമാനിച്ചതിന് തുല്യമാണെന്നും അതിനാൽ ഇബ്രാഹിംകുഞ്ഞിനെതിരെ അടിയന്തരമായി ക്രിമിനൽ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യോഗത്തിൽ സിപിഐ എം എറണാകുളം ഏരിയ കമ്മിറ്റി അംഗം  സി മണി അധ്യക്ഷനായി.  സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സി കെ മണിശങ്കർ, എൽഡിഎഫ് ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി,  സിപിഐ ജില്ലാ  എക്സിക്യൂട്ടീവ് അംഗം എം പി രാധാകൃഷ്ണൻ, സി എഫ് ജോയി, സേവ്യർ കല്ലുവീട്ടിൽ, പി എൻ സീനുലാൽ, കെ കെ സന്തോഷ് ബാബു, സി എ ഷക്കീർ, ടി എ അഷ്റഫ്, എം ബി ആശ എന്നിവർ സംസാരിച്ചു. ജൂലൈ 30 വരെയാണ‌് പാലാരിവട്ടത്തെ സമരപ്പന്തലിൽ സത്യഗ്രഹം. തിങ്കളാഴ്ചത്തെ സമരം ജനതാദൾ എസ് ജില്ലാ പ്രസിഡന്റ് സാബു ജോർജ്  ഉദ്ഘാടനം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here