കേരളത്തില്‍ എത്തിയ വിദേശ വനിതയെ കാണാനില്ലെന്ന് പരാതി. ജര്‍മന്‍ സ്വദേശിയായ ലിസ വെയ്സിനെ കാണാതായെന്ന് ജര്‍മന്‍ കോണ്‍സുലേറ്റാണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.

ലിസയുടെ മാതാവിന്റെ പരാതി കോണ്‍സുലേറ്റ് വഴി ഡിജിപിക്ക് കൈമാറുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത വലിയതുറ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാര്‍ച്ച് ഏഴിന് ലിസ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

കൊല്ലത്തെ അമൃതാനന്തപുരിയിലേക്ക് പോകാനുള്ള വിലാസമാണ് ഇവര്‍ നല്‍കിയിരുന്നത്. യുഎസ് പൗരനുമായാണ് ലിസ കേരളത്തില്‍ എത്തിയത്.ഇയാള്‍ നാട്ടിലേക്ക് മടങ്ങിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍ യുവതി അമൃതാനന്ദമയി മഠത്തിന്‍ വന്നിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. എംബസിയില്‍ നിന്നും കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച അന്വേഷിച്ചിരുന്നു. ഇതനുസരിച്ച് രേഖകള്‍ പരിശോധിച്ച് ഇവര്‍ മഠത്തില്‍ എത്തിയിട്ടില്ലെന്ന് അറിയിച്ചിരുന്നതായും അധികൃതര്‍ പറഞ്ഞു.