കാടിനു നടുവിലൂടെ ബൈക്കില്‍ യാത്രചെയ്യുന്ന യുവാക്കള്‍ക്ക് നേരെ പാഞ്ഞടുക്കുന്ന കടുവയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. ദൃശ്യങ്ങള്‍ സിനിമ രംഗമോ ഗ്രാഫിക്‌സോ ആണെന്നു കരുതുന്നവര്‍ ഞെട്ടാന്‍ തയ്യാറായിക്കോളൂ.. സുല്‍ത്താന്‍ ബത്തേരി- പുല്‍പ്പള്ളി റോഡിലാണ് സംഭവം നടന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

സുല്‍ത്താന്‍ ബത്തേരി- പുല്‍പ്പള്ളി റോഡിലൂടെ യാത്ര ചെയ്യുന്നതിനിടെയാണ് ബൈക്ക് യാത്രകര്‍ക്ക് മുന്നിലേക്ക് കടുവ കുതിച്ചെത്തിയത്. ഭാഗ്യം കൊണ്ട് ഇരുവരും രക്ഷപെടുകയായിരുന്നു. പിന്നിലിരുന്നയാള്‍ യാത്രയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടയിലാണ് കടുവ പാഞ്ഞടുക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. പാമ്പ്ര എസ്റ്റേറ്റിന് സമീപത്തുവച്ച് ശനിയാഴ്ച്ച പകല്‍ സമയത്തായിരുന്നു സംഭവം നടന്നത്.

യാത്രക്കാര്‍ക്ക് അതിവേഗം കടന്നുപോകാനായതുകൊണ്ട് മാത്രമാണ് കടുവയുടെ പിടിയില്‍ പെടാതെ രക്ഷപെടാന്‍ കഴിഞ്ഞത്. സംഭവത്തിന്റെ ഞെട്ടലില്‍ അതിവേഗം വനമേഖല പിന്നിട്ട യാത്രക്കാര്‍ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തപ്പോഴാണ് സംഭവം പുറം ലോകമറിഞ്ഞത്. ഇതുവഴി യാത്ര പോകുന്നവര്‍ പതിയിരിക്കുന്ന അപകടം മനസ്സിലാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. പാഞ്ഞടുക്കുന്ന കടുവയുടെ ദൃശ്യങ്ങള്‍ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു..