പൊലീസ് സേനയില്‍ അച്ചടക്കം നിര്‍ബന്ധമാണ്; തെറ്റു ചെയ്യുന്നവരെ സംരക്ഷിക്കില്ല, കുപ്രചാരണങ്ങളെയും കുറ്റപ്പെടുത്തലുകളെയും തിരിച്ചറിയാന്‍ സേനയ്ക്ക് കഴിയണം: മുഖ്യമന്ത്രി

തൃശൂര്‍ പൊലീസ് സേനയിലെ തെറ്റുകള്‍ നിസാരമായി കാണില്ല തെറ്റു ചെയ്യുന്നവരെ സംരക്ഷിക്കുന്ന നിലപാടല്ല സംസ്ഥാന സര്‍ക്കാരിന്റേതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

തെറ്റ് ചെയ്താല്‍ കര്‍ശന നടപടിയെടുക്കുക എന്നതാണ് സര്‍ക്കാര്‍ നയം. അടുത്തിടെയുണ്ടായ സംഭവങ്ങള്‍ ഒറ്റപ്പെട്ട വീഴ്ചയെന്ന് പറഞ്ഞ് മാറി നില്‍ക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോസ്റ്റല്‍ പോലീസിന്റെ ആദ്യ ബാച്ചിന്റെ പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അനേകായിരം വ്യത്യസ്ത വ്യക്തിത്വങ്ങള്‍ ജോലിചെയ്യുന്ന സേനയാണ് പൊലീസ്.

സേനാംഗങ്ങളില്‍ ചിലര്‍ക്കു പ്രത്യേക മാനസികാവസ്ഥകളുണ്ടാകാം. ഒറ്റപ്പെട്ട ഇത്തരം വ്യക്തികളുടെ മാനസികാവസ്ഥ അതേപടി പ്രകടിപ്പിക്കാന്‍ സേനയില്‍ സാഹചര്യമുണ്ടാകാന്‍ പാടില്ല.

കാരണം, പൊലീസ് സേനാംഗങ്ങള്‍ ഒറ്റയാള്‍ പട്ടാളങ്ങളല്ല. പലവിധ നിയന്ത്രണങ്ങള്‍ക്കു വിധേയമായി മാത്രമേ ഏതൊരു പൊലീസ് ഉദ്യോഗസ്ഥനും സേനയില്‍ പ്രവര്‍ത്തിക്കാനാകൂ ഇത് സേനയുടെ അച്ചടക്കത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍, അതേസമയം തങ്ങളുടെ ഡ്യൂട്ടി കാര്യക്ഷമതയോടെ നിര്‍വഹിക്കുമ്പോള്‍ തെറ്റായ പ്രചരണങ്ങളും അതിന്റെ ഭാഗമായുള്ള കുറ്റപ്പെടുത്തലുകളും ഉണ്ടായെന്നു വരും.

ആ പ്രചരണങ്ങളുടെയും കുറ്റപ്പെടുത്തലുകളുടെയും പിന്നാലെ പോയി ആത്മാര്‍ഥതയോടെ ജോലി ചെയ്യുന്ന ഒരു പൊലീസുദ്യോഗസ്ഥരേയും ക്രൂശിക്കുന്ന നിലപാട് ഒരു ഘട്ടത്തിലും സര്‍ക്കാര്‍ സ്വീകരിക്കില്ല.

എന്നാല്‍, അത് തെറ്റ് ചെയ്യുന്നവര്‍ക്ക് ബാധകമല്ല. ഈ ഒരു പൊതുബോധം ജോലിയിലും കൃത്യ നിര്‍വഹണത്തിലും ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബ്രിട്ടീഷുകാരുടെ കാലത്ത് പൊലീസ് ജനങ്ങളെ ശത്രുക്കളായാണ് കണ്ടിരുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും വലിയ മാറ്റം ഇതിലുണ്ടായില്ല. എന്നാല്‍, മാറ്റത്തിന്റെ കാഹളം നമ്മുടെ കൊച്ചു കേരളത്തില്‍നിന്നാണ് മുഴങ്ങിയത്.

കേരളത്തിലെ ആദ്യത്തെ ഗവണ്‍മെന്റ് പൊലീസ് മാന്വലില്‍ വരുത്തിയ പരിഷ്‌കാരം രാജ്യം ആകെ ശ്രദ്ധിച്ചതായിരുന്നു.

ഇടവേളകളോടെയെങ്കിലും ആ സര്‍ക്കാറിന്റെ മാതൃക പിന്തുടര്‍ന്നുകൊണ്ട് പൊലീസിന് കൂടുതല്‍ മാനുഷികമായ മുഖം നല്‍കുന്നതിനുള്ള ശ്രമങ്ങളാണ് നമ്മുടെ സംസ്ഥാനത്ത് നടന്നിട്ടുള്ളത്.

ഇതിന് നല്ല ഫലം നേടാന്‍ കഴിഞ്ഞിട്ടുണ്ട് എന്നതുതന്നെയാണ് വസ്തുത. അതിന്റെ അര്‍ഥം ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ഉണ്ടാകുന്നില്ല എന്നതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here