ജമ്മു കശ‌്മീരിൽ ഉടൻ തെരഞ്ഞെടുപ്പ‌് നടത്തണമെന്ന‌് സിപിഐ എം

ജമ്മു -കശ‌്മീരിൽ ഉടൻ നിയമസഭാ തെരഞ്ഞെടുപ്പ‌് നടത്തണമെന്ന‌് സിപിഐ എം പൊളിറ്റ‌്ബ്യൂറോ ആവശ്യപ്പെട്ടു. 

രാഷ്ട്രപതി ഭരണം ആറുമാസംകൂടി നീട്ടാൻ പാർലമെന്റിൽ പ്രമേയം അവതരിപ്പിച്ച‌് ആഭ്യന്തരമന്ത്രി അമിത‌്‌ ഷാ നടത്തിയ പരാമർശങ്ങൾ സംസ്ഥാനത്തെ ജനങ്ങളുടെ അകൽച്ച വർധിപ്പിക്കാനേ ഉതകൂ.

ഇത‌് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ‌്ക്കും ഗുണകരമല്ല. രാജ്യം ഒറ്റക്കെട്ടായി ചെറുക്കാൻ തീരുമാനിച്ച ഭീകരതയുടെ വളർച്ചയ‌്ക്ക‌് ജമ്മു കശ‌്മീർ ജനതയുടെ അകൽച്ച വളമിടും.

പാർലമെന്റ‌് തെരഞ്ഞെടുപ്പ‌് നടത്താൻ കഴിയുന്ന സാഹചര്യം ജമ്മു -കശ‌്മീരിൽ നിലനിൽക്കുന്നുണ്ടെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പ‌് നടത്തുന്നതിന‌് എന്താണ‌് തടസ്സം.

ഉടൻ നിയമസഭാ തെരഞ്ഞെടുപ്പ‌് നടത്തണമെന്നും ജനങ്ങളെ  ജനാധിപത്യധാരയിലേക്ക‌് കൊണ്ടുവരാൻ ഇതാണ‌് ഏറ്റവും നല്ല വഴിയെന്നും സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയപാർടികളും അഭിപ്രായപ്പെട്ടിട്ടുണ്ട‌്.

ജമ്മു -കശ‌്മീരിൽ നടത്തിയ ദ്വിദിന സന്ദർശനത്തിൽ കേന്ദ്രആഭ്യന്തരമന്ത്രി രാഷ്ട്രീയപാർടികളുമായി കൂടിക്കാഴ‌്ചയ‌്ക്ക‌് തയ്യാറായില്ല.

സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമാണിത‌്. പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ ആഭ്യന്തരമന്ത്രി ജമ്മു -കശ‌്മീർ മാത്രമാണ‌് ഭരണഘടനപ്രകാരം പ്രത്യേകപദവി(370–-ാം വകുപ്പ‌്)യുള്ള സംസ്ഥാനമെന്നുകൂടി  പറഞ്ഞു.

ഭരണഘടനാവ്യവസ്ഥകളെ കണ്ടില്ലെന്ന‌് നടിക്കുകയാണ‌് അദ്ദേഹം. 371, 371(എ) മുതൽ (1) വരെയുള്ള വകുപ്പുകൾ പ്രകാരം മഹാരാഷ്ട്ര, ഗുജറാത്ത‌്, നാഗാലാൻഡ‌്, അസം, മണിപ്പുർ, ആന്ധ്രപ്രദേശ‌്(ഇപ്പോൾ തെലങ്കാന), സിക്കിം,

അരുണാചൽപ്രദേശ‌്, മിസോറം, ഗോവ എന്നീ സംസ്ഥാനങ്ങൾക്കും പ്രത്യേക പദവിയുണ്ട‌്.

ജമ്മു -കശ‌്മീർ സാഹചര്യം കേവലം ക്രമസമാധാനപ്രശ‌്നമല്ലെന്നുള്ള തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ മുമ്പ‌് നൽകിയ വാഗ‌്ദാനങ്ങൾ പാലിക്കണം.

എല്ലാവരുമായും രാഷ്ട്രീയചർച്ച ആരംഭിക്കുകയും വിശ്വാസം വളർത്താനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യണം.

ഉടൻ തെരഞ്ഞെടുപ്പ‌് നടത്തുകയെന്നതാണ‌് ജമ്മു -കശ‌്മീർ ജനതയുടെ അകൽച്ചയ‌്ക്ക‌് ഗതിവേഗം കൂടുന്നത‌് അവസാനിപ്പിക്കാനുള്ള ഏറ്റവും യോജിച്ച മാർഗം– പിബി പ്രസ‌്താവനയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News