തിരുവനന്തപുരം സിറ്റിയില്‍ പൊലീസുകാരുടെ സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങുന്നതില്‍ വ്യാപക ആശങ്ക

തിരുവനന്തപുരം സിറ്റിയില്‍ പൊലീസുകാരുടെ സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങുന്നതില്‍ വ്യാപക ആശങ്ക. ലോകസഭാ തെരഞ്ഞെടുപ്പ് കാരണം 19 പോലീസ് ജില്ലകളിലും നടപ്പിലാക്കേണ്ടതില്ലെന്ന് തീരുമാനിച്ച സ്ഥലംമാറ്റ പ്രക്രിയ തിരുവനന്തപുരം സിറ്റിയില്‍ ഉണ്ടാവുമെന്ന് ഉറപ്പായി .അദ്ധ്യയന വര്‍ഷം ആരംഭിച്ചതിനാല്‍ പെട്ടെന്ന് ഉണ്ടാവുന്ന സ്ഥലം മാറ്റത്തില്‍ പോലീസുകാര്‍ക്ക് ആശങ്കയുണ്ട്

തിരുവനന്തപുരം സിറ്റിയിലെ സിവില്‍ പോലീസ് ഓഫീസര്‍ മുതല്‍ എഎസ്‌ഐ വരെയുളള പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റമാണ് നാളെ ഇറങ്ങാന്‍ സാധ്യതയുളളത്. സാധാരണ ഗതിയില്‍ മാര്‍ച്ച് -ഏപ്രില്‍ മാസങ്ങളിലാണ് പോലീസിലെ സ്ഥലംമാറ്റം നടക്കാറുളളത് .എന്നാല്‍ ലോകസഭാ തെരഞ്ഞെടുപ്പ് കാരണം നീട്ടിവെച്ചിരുന്ന സ്ഥലം മാറ്റ ഉത്തരവ് ഇറക്കാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ ദിനേന്ദ്ര കശ്യപ് തീരുമാനിച്ചതാണ് പോലീസുകാര്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്നത്.

സ്ഥലം മാറ്റ ഉത്തരവ് ഇനി അടുത്ത വര്‍ഷമേ ഉണ്ടാവു എന്ന പ്രതീക്ഷയില്‍ മിക്ക ഉദ്യോഗസ്ഥരും മക്കളെ ജോലി സ്ഥലത്തിന് അടുത്തുളള സ്‌കൂളുകളില്‍ ചേര്‍ത്ത് കഴിഞ്ഞു. എന്നാല്‍ സ്ഥലം മാറ്റം ഉണ്ടാവുമെന്ന് ഉറപ്പായതോടെ അവരില്‍ പലരും ആശങ്കയയിലാണ്. മൂന്ന് വര്‍ഷം ഒരേ സ്റ്റേഷനില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരാണ് മാറേണ്ടി വരിക. ലോകസഭാ തിരഞ്ഞെടുപ്പ് നടന്നതിനാല്‍ സംസ്ഥാനത്തെ മറ്റ് എല്ലാ പൊലീസ് ജില്ലകളിലും സിവില്‍ പോലീസ് ഓഫീസര്‍ മുതല്‍ എഎസ്‌ഐ വരെയുളളവരുടെ സ്ഥലംമാറ്റം നടന്നിരുന്നില്ല.

അദ്ധ്യയന വര്‍ഷം ആരംഭിച്ചതിനാല്‍ മറ്റ് പതിനെട്ട് പോലീസ് ജില്ലകളിലും പതിവ് സ്ഥലം മാറ്റം വേണ്ടെന്ന് ജില്ലാ പോലീസ് മേധാവിമാര്‍ തീരുമാനിച്ചിരുന്നു.എന്നാല്‍ അതിന് വിരുദ്ധമായി തിരുവനന്തപുരം സിറ്റിയില്‍ മാത്രം സ്ഥലം മാറ്റം നടത്തുന്നതില്‍ പോലീസുകാര്‍ക്കിടയില്‍ വ്യാപകമായ ആശങ്കയാണ് നിലനില്‍ക്കുന്നത്.

പോലീസ് അസോസിയേഷന്‍ അടക്കമുളള സംഘടനകളുടെ എതിര്‍പ്പ് നിലനില്‍ക്കുമ്പോഴും സ്ഥലംമാറ്റ ഉത്തരവ് നടപ്പിലാക്കും എന്ന് പോലീസ് കമ്മീഷണര്‍ ഉറച്ച നിലപാട് എടുക്കുന്നതില്‍ പോലീസുകാര്‍ക്ക് ഇടയില്‍ വ്യാപകമായ അതൃപ്തി ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here