പലസ്തീന്റെ ജെറുസലേം കാര്യമന്ത്രി ഫാദി അല്‍ ഹദാമിയെ ഇസ്രായേല്‍ അറസ്റ്റ് ചെയ്തു. കിഴക്കന്‍ ജറുസലേമിലെ സില്‍വാന്‍ സ്വദേശിയായ ഫാദി അല്‍ ഹദാമിയെ അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ചാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ചിലി പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേറയുടെ ജറുസലേം സന്ദര്‍ശന വേളയില്‍ ഹദാമി അദ്ദേഹത്തിനൊപ്പം അല്‍ അഖ്സ പള്ളി സന്ദര്‍ശിച്ചതാണ് അറസ്റ്റിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചൊവ്വാഴ്ച സെബാസ്റ്റിയന്‍ പിനേറയ്ക്കൊപ്പം ഹദാമി അഖ്സ പള്ളിയിലെത്തിയത് ഇസ്രായേലിനെ ചൊടിപ്പിച്ചിരുന്നു. പിനേറയ്ക്കൊപ്പം പലസ്തീന്‍ മന്ത്രി അഖ്സ സന്ദര്‍ശനത്തിന് പോയത് ചട്ടലംഘനമാണെന്ന് ആരോപിച്ചാണ് നടപടി.

മുസ്ലിംങ്ങള്‍ക്കും ജൂതര്‍ക്കും ഒരേ പോലെ പ്രധാന്യമുള്ള ആരാധനാ കേന്ദ്രമാണ് അല്‍ അഖ്സ. ടെംപിള്‍ മൗണ്ട് എന്നാണ് ഇസ്രായേല്‍ അഖ്സയെ വിളിയ്ക്കുന്നത്. മുസ്ലിം വഖഫിന് കീഴിലുള്ള കേന്ദ്രം നിയന്ത്രിയ്ക്കുന്നത് ഇസ്രായേല്‍ പൊലീസാണ്.

ഞായറാഴ്ച അഞ്ച് പലസ്തീനി യുവാക്കളെയും ഇസ്രായേല്‍ അഖ്സ പരിസരത്ത് നിന്ന് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. വ്യാഴാഴ്ച ഇസ്രായേല്‍ പൊലീസ് നടത്തിയ വെടിവെയ്പില്‍ മുഹമ്മദ് ഉബൈദ് എന്ന ഇരുപതുകാരന്‍ കൊല്ലപ്പെട്ടിരുന്നു. പൊലീസിനെതിരെ പടക്കം എറിഞ്ഞെന്നാരോപിച്ചായിരുന്നു പൊലീസ് ഉബൈദിനെ വെടിവെച്ചത്.