
ലോകകപ്പില്‍ ഇന്ത്യക്ക് ആദ്യതോല്‍വി. ഇംഗ്ലണ്ടിനോട് 31 റണ്ണിന് തോറ്റു. ജയത്തോടെ ഇംഗ്ലണ്ട് സെമി സാധ്യത സജീവമാക്കി. ഒരു കളി ശേഷിക്കെ 10 പോയിന്റുമായി ഇംഗ്ലണ്ട് നാലാമതെത്തി. ഇന്ത്യക്ക് രണ്ട് കളി ബാക്കിയുണ്ട്. 11 പോയിന്റുമായി രണ്ടാമത് തുടര്‍ന്നു. ഇംഗ്ലണ്ട് ജയിച്ചതോടെ ശ്രീലങ്ക പുറത്തായി. പാകിസ്ഥാന്റെയും ബംഗ്ലാദേശിന്റെയും സെമി പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേറ്റു. ഇംഗ്ലണ്ട് ഏഴിന് 337 റണ്ണാണെടുത്തത്. മറുപടിക്കെത്തിയ ഇന്ത്യ അഞ്ചിന് 306ല്‍ അവസാനിപ്പിച്ചു. ഇന്ത്യ അടുത്ത മത്സരത്തില്‍ നാളെ ബംഗ്ലാദേശുമായി ഏറ്റുമുട്ടും.
ഇംഗ്ലണ്ട് ബുധനാഴ്ച ന്യൂസിലന്‍ഡിനെയും നേരിടും. ഇന്ത്യക്ക് ശ്രീലങ്കയുമായും കളി ബാക്കിയുണ്ട്. ശനിയാഴ്ചയാണ് മത്സരം. ലോകേഷ് രാഹുലിനെ (9 പന്തില്‍ 0) തുടക്കത്തിലേ നഷ്ടമായശേഷം രോഹിത് ശര്‍മയും (109 പന്തില്‍ 102) വിരാട് കോഹ്ലിയും (76 പന്തില്‍ 66) ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. ഹാര്‍ദിക് പാണ്ഡ്യ (33 പന്തില്‍ 45) ലോകകപ്പിലെ ആദ്യ മത്സരം കളിച്ച ഋഷഭ് പന്ത് (29 പന്തില്‍ 32) എന്നിവരും ജയത്തിനായി ആഞ്ഞുശ്രമിച്ചു.
എന്നാല്‍ അവസാന ഓവറുകളില്‍ മഹേന്ദ്ര സിങ് ധോണിയും (31 പന്തില്‍ 42) കേദാര്‍ ജാദവും (13 പന്തില്‍ 12) ആ ശ്രമം ഉപേക്ഷിച്ചു. ആറ് വിക്കറ്റ് ശേഷിക്കെ 104 റണ്‍ വേണ്ടിയിരുന്ന ഇന്ത്യ അവസാന ഓവറുകളില്‍ ജയത്തിന് ശ്രമിക്കാത്തതുപോലെ തോന്നിച്ചു. അവസാന അഞ്ചോവറുകളില്‍ ബൗണ്ടറികള്‍ക്ക് പോലും ധോണിയും ജാദവും മുതിര്‍ന്നില്ല.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം പുറത്തെടുത്തു. സെഞ്ചുറി നേടിയ ജോണി ബെയര്‍സ്‌റ്റോ (109 പന്തില്‍ 111) തകര്‍പ്പന്‍ തുടക്കം നല്‍കി. ബെന്‍ സ്‌റ്റോക്‌സ് (54 പന്തില്‍ 79), ജാസണ്‍ റോയ് (57 പന്തില്‍ 66), ജോ റൂട്ട് (54 പന്തില്‍ 44) എന്നിവരും തിളങ്ങി. ഇന്ത്യന്‍ ബൗളര്‍മാരില്‍ മുഹമ്മദ് ഷമി അഞ്ച് വിക്കറ്റ് വീഴ്ത്തി.
ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇയോവിന്‍ മോര്‍ഗന്‍ രണ്ടാമതൊന്ന് ആലോചിച്ചില്ല. ബെയര്‍സ്‌റ്റോയും റോയിയും ക്യാപ്റ്റന്റെ തീരുമാനത്തെ കളത്തില്‍ മനോഹരമായി നടപ്പാക്കി. ബൗണ്ടറിയിലേക്കുള്ള ദൈര്‍ഘ്യം കുറഞ്ഞ ഭാഗം നോക്കി ബെയര്‍സ്‌റ്റോ അടിപായിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യന്‍ ബൗളര്‍മാര്‍ പരുങ്ങി.
ഇതിനിടെ ഹാര്‍ദിക് പാണ്ഡ്യയുടെ പന്ത് റോയിയുടെ ഗ്ലൗവില്‍ തട്ടി വിക്കറ്റ് കീപ്പര്‍ മഹേന്ദ്ര സിങ് ധോണിയുടെ കൈകളില്‍ ഒതുങ്ങിയെങ്കിലും അമ്പയര്‍ ഔട്ട് വിളിച്ചില്ല. ഇന്ത്യ റിവ്യൂ നല്‍കിയതുമില്ല. അവസരം മുതലാക്കിയ റോയി അടുത്ത രണ്ട് പന്തില്‍ പാണ്ഡ്യയെ സിക്‌സറിനും ബൗണ്ടറിക്കും ശിക്ഷിച്ചു.11 ഓവറില്‍ 50 റണ്ണായിരുന്നു ഇംഗ്ലണ്ടിന്. പിന്നെ റണ്ണൊഴുകി. 16-ാമത്തെ ഓവറില്‍ 100. 21-ാം ഓവറില്‍ 150. സ്പിന്നര്‍മാരായ യുശ്വേന്ദ്ര ചഹാലിനെയും കുല്‍ദീപ് യാദവിനെയും നിലംതൊടീച്ചില്ല. 400ന് മുകളിലുള്ള സ്‌കോര്‍ ഇംഗ്ലണ്ട് പ്രതീക്ഷിച്ചു. ഒടുവില്‍ ചെറിയ ആശ്വാസം ഇന്ത്യക്ക് കിട്ടി.
റോയിയെ കുല്‍ദീപിന്റെ പന്തില്‍ ഉശിരന്‍ ക്യാച്ചിലൂടെ പകരക്കാരന്‍ ഫീല്‍ഡര്‍ രവീന്ദ്ര ജഡേജ മടക്കി. ഇംഗ്ലണ്ടിന്റെ റണ്ണൊഴുക്കിനെ ഇത് കാര്യമായി ബാധിച്ചില്ല. ബെയര്‍സ്‌റ്റോ ഒരറ്റത്ത് അടിതുടര്‍ന്നു. റൂട്ട് നല്ല പിന്തുണയും നല്‍കി. 90 പന്തില്‍ ഈ വലംയൈകന്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. ആറ് സിക്‌സറും 10 ബൗണ്ടറികളും. 26 ഓവറില്‍ 1-183 എന്ന ശക്തമായ നിലയിലായിരുന്നു അപ്പോള്‍ ഇംഗ്ലണ്ട്.
ഇന്ത്യന്‍ ബൗളര്‍മാര്‍ ശക്തിയോടെ തിരിച്ചെത്തിയപ്പോള്‍ ബെയര്‍സ്‌റ്റോയുടെയും ഇംഗ്ലണ്ടിന്റെയും താളം നഷ്ടമായി. അവസാന 25 പന്തില്‍ 11 റണ്‍ മാത്രമാണ് ബെയര്‍സ്‌റ്റോയ്ക്ക് നേടാനായത്. ഷമിയായിരുന്നു ഇന്ത്യയുടെ തിരിച്ചുവരവിന് ഊര്‍ജം പകര്‍ന്നത്. ബെയര്‍സ്‌റ്റോയെയും മോര്‍ഗനെയും (9പന്തില്‍ 1) ഷമി മടക്കി.
രണ്ടാം സ്‌പെല്ലില്‍ മൂന്നോവര്‍ എറിഞ്ഞ ഷമി മൂന്ന് റണ്‍ മാത്രം വിട്ടുകൊടുത്താണ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. 27 മുതല്‍ 37വരെയുള്ള പത്തോവറില്‍ ഒരു ബൗണ്ടറിയും പിറന്നില്ല. ഇംഗ്ലണ്ടിന് കിട്ടിയത് വെറും 25 റണ്‍. പക്ഷേ, അവസാന ഓവറുകളില്‍ സ്‌റ്റോക്‌സിന്റെ കടന്നാക്രമണത്തില്‍ ബൗളര്‍മാര്‍ക്ക് നിയന്ത്രണം നഷ്ടമായി.
ഷമിയും വിയര്‍ത്തു. ഒരു ഘട്ടത്തില്‍ 7.1 ഓവറില്‍ 25 റണ്‍ മാത്രം വഴങ്ങിയ ഷമി തുടര്‍ന്നുള്ള പത്ത് പന്തില്‍ 29 റണ്‍ വിട്ടുകൊടുത്തു. ജോസ് ബട്ലറും (8 പന്തില്‍ 20) ഷമിയെ കടന്നാക്രമിച്ചു.ഇംഗ്ലണ്ട് അവസാന പത്തോവറില്‍ 92 റണ്‍ അടിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here