മുഴക്കമുള്ള മുദ്രാവാക്യങ്ങള്‍ക്ക്, അവന്റെ രക്തസാക്ഷിത്വത്തിന് നാളെ ഒരാണ്ട്

കൊച്ചി: വര്‍ഗീയതയ്‌ക്കെതിരെ അവന്‍ വിളിച്ച മുദ്രാവാക്യങ്ങള്‍ പഴയതിലും മുഴക്കത്തില്‍ അതിരുകളില്ലാത്ത മാനവികതയുടെ ആകാശത്തില്‍ മുഴങ്ങുന്നുണ്ട്.

അഭിമന്യുവിന്റെ രക്തം വീണ വഴിയില്‍ അവന്റെ ചുണ്ടിലെപ്പോഴും മായാതെ നിന്നിരുന്ന ചിരി പോലൊരു വെയില്‍ പരന്നുകിടക്കുന്നുണ്ട്.

‘വര്‍ഗീയത തുലയട്ടെ’ എന്ന് അവന്‍ അവസാനമായി കുറിച്ച മതിലില്‍ ഉറഞ്ഞുപോയ കാഴ്ചയെ തിരിച്ചെടുക്കാനാകാതെ നില്‍പ്പുണ്ട് ചിലര്‍.

കല്ലേപ്പിളര്‍ന്ന മുദ്രാവാക്യങ്ങള്‍ മുഴങ്ങിയ മഹാരാജാസിന്റെ ഹൃദയം ഭേദിച്ച് ഇപ്പോഴും കേള്‍ക്കാം ‘നാന്‍ പെറ്റ മകനെ’ എന്ന നിലവിളി.

ഇടുക്കി ജില്ലയിലെ അതിര്‍ത്തി ഗ്രാമമായ വട്ടവടയിലെ കൊട്ടക്കാമ്പൂരിന്റെ പ്രിയപുത്രന്‍ അഭിമന്യുവിന്റെ വീരസ്മരണകള്‍ ഇന്ന് മതനിരപേക്ഷ കേരളത്തിന്റെ ഹൃദയതാളമാണ്.

തീവ്രവാദ രാഷ്ട്രീയത്തിന്റെ കഠാരമുന കുത്തിക്കെടുത്തിയ യുവപോരാളിയുടെ രക്തസാക്ഷിത്വത്തിന് ചൊവാഴ്ച ഒരാണ്ട് തികയുന്നു.

കഴിഞ്ഞ ജൂലൈ രണ്ടിന് പുലര്‍ച്ചെയാണ് മഹാരാജാസ് കോളേജിന് പിന്നിലെ പാതയില്‍ എസ്ഡിപിഐ-ക്യാമ്പസ് ഫ്രണ്ട് തീവ്രവാദി സംഘം അഭിമന്യുവിനെ കുത്തിവീഴ്ത്തിയത്.

പുതുതായി എത്തുന്ന ബിരുദവിദ്യാര്‍ഥികളെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലായിരുന്നു എസ്എഫ്‌ഐ പ്രവര്‍ത്തകര്‍.

നവാഗതരെ വരവേറ്റ് മുദ്രാവാക്യങ്ങള്‍ എഴുതാന്‍ ക്യാമ്പസിന് പിന്നിലെ മതില്‍ വെള്ളയടിച്ചിട്ടിരുന്നു. പ്രകോപനമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ അവിടെ തങ്ങളുടെ പോസ്റ്ററുകള്‍ പതിച്ചു.

ഇതിനെ ചോദ്യംചെയ്ത എസ്എഫ്‌ഐ പ്രവര്‍ത്തകരോട് ക്യാമ്പസ്ഫ്രണ്ട്- എസ്ഡിപിഐ സംഘം കയര്‍ത്തു. രാത്രി വൈകി വീട്ടില്‍ നിന്നെത്തിയ അഭിമന്യു കോളേജ് ഗേറ്റിനുമുന്നില്‍ സംഘര്‍ഷമുണ്ടായതറിഞ്ഞാണ് ഹോസ്റ്റലില്‍ നിന്ന് അവിടേക്കെത്തിയത്.

ക്യാമ്പസ് ഫ്രണ്ട് കൈയേറിയ മതിലില്‍ അവന്‍ ‘വര്‍ഗീയത തുലയട്ടെ’ എന്ന് കുറിച്ചു. അര്‍ധരാത്രിയോടെ കോളേജിന് പിന്നിലെ വനിതാ ഹോസ്റ്റല്‍ പരിസരത്ത് ആയുധങ്ങളുമായി സംഘടിച്ചുനിന്ന ആക്രമികള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ കടന്നാക്രമിച്ചു.

അഭിമന്യുവിനും സുഹൃത്തുക്കളായ വിനീതിനും അര്‍ജുനും കുത്തേറ്റു. അഭിമന്യുവിന്റെ നെഞ്ചില്‍ കുത്തിയിറക്കിയ കത്തി ഹൃദയം പിളര്‍ന്ന് പുറത്തുവന്നു.

അല്‍പദൂരം മുന്നോട്ട് നീങ്ങിയ അവന്‍ സഹപാഠികളുടെ കൈകളിലേക്ക് കുഴഞ്ഞുവീണു. അഭിമന്യുവിനെയും താങ്ങിയെടുത്ത് സഹപാഠികള്‍ ജനറല്‍ ആശുപത്രി ലക്ഷ്യമാക്കി കുതിച്ചെങ്കിലും പാതിവഴിയില്‍ അവനിലെ ശ്വാസം ഒടുങ്ങി.

വട്ടവടയിലെ തോട്ടം തൊഴിലാളികളായ മനോഹരന്റെയും ഭൂപതിയുടെയും മകന്‍ അവരുടെ മാത്രമല്ല, ആ നാടിന്റെയാകെ പ്രതീക്ഷയായിരുന്നു.

ശാസ്ത്രജ്ഞനാകണമെന്ന ആഗ്രഹത്തോടെ, ഒറ്റമുറിവീട്ടിലെ സാധുകുടുംബത്തിന്റെ പ്രതീക്ഷകള്‍ നെഞ്ചേറ്റിയാണ് അവന്‍ രസതന്ത്ര ബിരുദ പഠനത്തിന് ംമഹാരാജാസില്‍ ചേര്‍ന്നത്.

സിനിമാ പോസ്റ്ററൊട്ടിച്ചും മറ്റ് താല്‍ക്കാലിക ജോലികള്‍ ചെയ്തുമാണ് പഠനത്തിന് പണം കണ്ടെത്തിയിരുന്നത്.

സഹോദരിയുടെ വിവാഹത്തിന് ഒരുമാസം ബാക്കി നില്‍ക്കെയായിരുന്നു അരുംകൊല.

അമരസ്മരണകളുടെ ഒന്നാം വാര്‍ഷികത്തില്‍ എറണാകുളം കലൂര്‍-കതൃക്കടവ് റോഡില്‍ അഭിമന്യു സ്മാരകമായി ഉയരുന്ന വിദ്യാര്‍ത്ഥിസേവന കേന്ദ്രത്തിന് ചൊവ്വാഴ്ച സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ശിലയിടും.

വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകള്‍ക്കുള്ള പരിശീലനം, ആധുനിക ലൈബ്രറി, താമസത്തിനുള്ള ഡോര്‍മെറ്ററികള്‍, വര്‍ഗീയവിരുദ്ധ പാഠശാല എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് കേന്ദ്രം.

വട്ടവട പഞ്ചായത്ത് ഓഫീസിന് മുകളില്‍ സജ്ജീകരിച്ച അഭിമന്യു മഹാരാജാസ് ലൈബ്രറി കഴിഞ്ഞ ജനുവരി 14ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു.

വിദേശങ്ങളില്‍ നിന്നുള്‍പ്പെടെ സംഭാവനയായി ലഭിച്ച 45000 പുസ്തകങ്ങളാണ് ലൈബ്രറിയിലുള്ളത്.

അഭിമന്യുവിന്റെ കുടുംബത്തിനായി വട്ടവടയില്‍ പത്തു സെന്റ് സ്ഥലം വാങ്ങി നിര്‍മിച്ച വീടും അന്നു തന്നെ മുഖ്യമന്ത്രി കൈമാറി. അഭിമന്യുവിന്റെ ആഗ്രഹം പോലെ കഴിഞ്ഞ നവംബറില്‍ സഹോദരിയുടെ വിവാഹവും നടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here