കൊടും വരള്‍ച്ചയെ തുടര്‍ന്ന് ഡാമിലെ വെള്ളം മുഴുവന്‍ വറ്റിയപ്പോള്‍ കാണാനായത് അത്ഭുത കാഴ്ച്ച. 3400 വര്‍ഷം പഴക്കമുള്ള രാജകൊട്ടാരമാണ് വറ്റിയ ഡാമില്‍ കാണാനായത്. ഇറാഖിലെ കുര്‍ദ്ദിസ്ഥാനിലുള്ള മൊസൂള്‍ ഡാമില്‍ നിന്നുമാണ് ചരിത്ര ശേഷിപ്പുകള്‍ കണ്ടെത്തിയത്. ഈ ചരിത്രാവശിഷ്ടങ്ങള്‍ മിതാനി സാമ്രാജ്യത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനാകുമെന്നാണ് പുരാവസ്തു ഗവേഷകര്‍ വിലയിരുത്തുന്നത്.

ഗവേഷകര്‍ കെമുന എന്ന് വിശേഷിപ്പിക്കുന്ന കൊട്ടാരത്തിന് നദിയില്‍ നിന്നും 65 അടി ഉയരമാണുള്ളത്. രണ്ട് മീറ്ററോളം ഘനത്തിലാണ് ചുമരുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. മണ്‍കട്ടകള്‍ കൊണ്ടാണ് കെട്ടിടത്തിന്റെ മേല്‍ക്കൂര നിര്‍മിച്ചിരിക്കുന്നത്. ചുവപ്പും നീലയും നിറത്തിലുള്ള ചുമര്‍ ചിത്രങ്ങളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്രയും കാലം ഈ ചിത്രങ്ങള്‍ സുരക്ഷിതമായിരിക്കുന്നത് വളരെ അപൂര്‍വമായ കാര്യമാണെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍.

അണക്കെട്ടിലെ വെള്ളം കുറഞ്ഞത്തിനെ തുടര്‍ന്ന് 2010ലാണ് കൊട്ടാരത്തെകുറിച്ച് ഗവേഷകര്‍ക്ക് വിവരം ലഭിച്ചത്. എന്നാല്‍ അണക്കെട്ടിലെ വെള്ളം പൂര്‍ണ്ണമായും വറ്റിയ സാഹചര്യത്തിലാണ് പഠനം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞതെന്നും ഗവേഷകര്‍ വ്യക്തമാക്കി.

പുരാതന കാലത്ത് മണ്‍ കട്ടകളില്‍ എഴുതിയ ലിപിയും കണ്ടെത്തി. ഇത് പരിഭാഷപ്പെടുത്താന്‍ ജര്‍മനിയിലേക്ക് അയച്ചിരിക്കുകയാണ്. മിതാനി സാമ്രാജ്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ ആ എഴുത്തുകള്‍ സഹായിക്കുമെന്നാണ് നിഗമനം.