അഭിമന്യുവിന്റെ ഓര്‍മ്മകള്‍ക്ക് നാളെ ഒരു വയസ്സ്

അഭിമന്യുവിന്റെ ഓര്‍മ്മകള്‍ക്ക് നാളെ ഒരു വയസ്സ്.2018 ജൂലെ രണ്ടിനാണ് എസ്ഡിപിഐ–ക്യാമ്പസ് ഫ്രണ്ട് സംഘം അഭിമന്യുവിനെ കുത്തിവീഴ്ത്തിയത്.

ക്യാമ്പസ് ഫ്രണ്ട് കൈയേറിയ മതിലില്‍ അഭിമന്യു ‘വര്‍ഗീയത തുലയട്ടെ’ എന്ന് കുറിച്ചു.

അര്‍ധരാത്രിയോടെ ആക്രമികള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ കടന്നാക്രമിച്ചു. അഭിമന്യുവിന്റെ നെഞ്ചില്‍ കത്തി കുത്തിയിറക്കി. ആശുപത്രിയിലേക്ക് പോകും വഴി മരിച്ചു.

ക്യാമ്പസ് ഫ്രണ്ട് വര്‍ഗീയവാദികള്‍ ജീവനെടുത്ത എസ്എഫ്ഐയുടെ അനശ്വര രക്തസാക്ഷി അഭിമന്യുവിന്റെ ഓര്‍മ്മകള്‍ക്ക് നാളെ ഒരു വയസ്സ്.

2018 ജൂലെ രണ്ടിന് പുലര്‍ച്ചെയാണ് മഹാരാജാസ് കോളേജിന് പിന്നിലെ പാതയില്‍ എസ്ഡിപിഐ–ക്യാമ്പസ് ഫ്രണ്ട് തീവ്രവാദി സംഘം എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റിയംഗമായിരുന്ന അഭിമന്യുവിനെ കുത്തിവീഴ്ത്തിയത്.

പുതുതായി എത്തുന്ന ബിരുദവിദ്യാര്‍ഥികളെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലായിരുന്നു എസ്എഫ്‌ഐ പ്രവര്‍ത്തകര്‍. നവാഗതരെ വരവേറ്റ് മുദ്രാവാക്യങ്ങള്‍ എഴുതാന്‍ ക്യാമ്പസിന് പിന്നിലെ മതില്‍ വെള്ളയടിച്ചിട്ടിരുന്നു.

പ്രകോപനമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ അവിടെ തങ്ങളുടെ പോസ്റ്ററുകള്‍ പതിച്ചു.ഇതിനെ ചോദ്യംചെയ്ത എസ്എഫ്‌ഐ പ്രവര്‍ത്തകരോട് ക്യാമ്പസ്ഫ്രണ്ട്- എസ്ഡിപിഐ സംഘം കയര്‍ത്തു.

രാത്രി വൈകി വീട്ടില്‍ നിന്നെത്തിയ അഭിമന്യു കോളേജ് ഗേറ്റിനുമുന്നില്‍ സംഘര്‍ഷമുണ്ടായതറിഞ്ഞാണ് ഹോസ്റ്റലില്‍ നിന്ന് അവിടേക്കെത്തിയത്. ക്യാമ്പസ് ഫ്രണ്ട് കൈയേറിയ മതിലില്‍ അഭിമന്യു ‘വര്‍ഗീയത തുലയട്ടെ’ എന്ന് കുറിച്ചു.

അര്‍ധരാത്രിയോടെ കോളേജിന് പിന്നിലെ വനിതാ ഹോസ്റ്റല്‍ പരിസരത്ത് ആയുധങ്ങളുമായി സംഘടിച്ചുനിന്ന ആക്രമികള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ കടന്നാക്രമിച്ചു.

അഭിമന്യുവിനും സുഹൃത്തുക്കളായ വിനീതിനും അര്‍ജുനും കുത്തേറ്റു. അഭിമന്യുവിന്റെ നെഞ്ചില്‍ കത്തി കുത്തിയിറക്കി.

അല്‍പദൂരം മുന്നോട്ട് നീങ്ങിയ അവന്‍ സഹപാഠികളുടെ കൈകളിലേക്ക് കുഴഞ്ഞുവീണു. അഭിമന്യുവിനെയും താങ്ങിയെടുത്ത് സഹപാഠികള്‍ ജനറല്‍ ആശുപത്രി ലക്ഷ്യമാക്കി കുതിച്ചെങ്കിലും പാതിവഴിയില്‍ അവനിലെ ശ്വാസം നിലച്ചു.

വട്ടവടയിലെ തോട്ടം തൊഴിലാളികളായ മനോഹരന്റെയും ഭൂപതിയുടെയും മകന്‍ അവരുടെ മാത്രമല്ല, ആ നാടിന്റെയാകെ പ്രതീക്ഷയായിരുന്നു.

ശാസ്ത്രജ്ഞനാകണമെന്ന ആഗ്രഹത്തോടെ, ഒറ്റമുറിവീട്ടിലെ സാധുകുടുംബത്തിന്റെ പ്രതീക്ഷകള്‍ നെഞ്ചേറ്റിയാണ് അവന്‍ രസതന്ത്ര ബിരുദ പഠനത്തിന് മഹാരാജാസില്‍ ചേര്‍ന്നത്. സിനിമാ പോസ്റ്ററൊട്ടിച്ചും മറ്റ് താല്‍ക്കാലിക ജോലികള്‍ ചെയ്തുമാണ് പഠനത്തിന് പണം കണ്ടെത്തിയിരുന്നത്.

സഹോദരിയുടെ വിവാഹത്തിന് ഒരുമാസം ബാക്കി നില്‍ക്കെയായിരുന്നു അരുംകൊല.അമരസ്മരണകളുടെ ഒന്നാം വാര്‍ഷികത്തില്‍ എറണാകുളം കലൂര്‍-കതൃക്കടവ് റോഡില്‍ അഭിമന്യു സ്മാരകമായി ഉയരുന്ന വിദ്യാര്‍ത്ഥിസേവന കേന്ദ്രത്തിന് ചൊവ്വാഴ്ച സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ശിലയിടും.

വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകള്‍ക്കുള്ള പരിശീലനം, ആധുനിക ലൈബ്രറി, താമസത്തിനുള്ള ഡോര്‍മെറ്ററികള്‍, വര്‍ഗീയവിരുദ്ധ പാഠശാല എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് കേന്ദ്രം.വട്ടവട പഞ്ചായത്ത് ഓഫീസിന് മുകളില്‍ സജ്ജീകരിച്ച അഭിമന്യു മഹാരാജാസ് ലൈബ്രറി കഴിഞ്ഞ ജനുവരി 14ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു.

വിദേശങ്ങളില്‍ നിന്നുള്‍പ്പെടെ സംഭാവനയായി ലഭിച്ച 45000 പുസ്തകങ്ങളാണ് ലൈബ്രറിയിലുള്ളത്. അഭിമന്യുവിന്റെ കുടുംബത്തിനായി വട്ടവടയില്‍ പത്തു സെന്റ് സ്ഥലം വാങ്ങി നിര്‍മിച്ച വീടും അന്നു തന്നെ മുഖ്യമന്ത്രി കൈമാറിയിരുന്നു.

അഭിമന്യുവിന്റെ ആഗ്രഹം പോലെ കഴിഞ്ഞ നവംബറില്‍ സഹോദരിയുടെ വിവാഹവും നടന്നു.കേസിന്റെ വിചാരണ അഭിമന്യുവിന്റെ ഒന്നാം രക്തസാക്ഷിത്വ ദിനമായ ജൂലൈ രണ്ടിന് എറണാകുളം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയില്‍ നടക്കും.

കുറ്റപത്രം സമര്‍പ്പിച്ച കേസിലെ പ്രധാന പ്രതികള്‍ പിടിയിലായത് 90 ദിവസത്തിനകമാണ്.

ക്യാമ്പസ് ഫ്രണ്ട്, പോപ്പുലര്‍ ഫ്രണ്ട് ക്രിമിനലുകളായ 16 പ്രതികളില്‍ 14 പേരും ജയിലിലായി.കേസിലെ ഒന്നാം പ്രതിയും കോളേജിലെ ക്യാമ്പസ് ഫ്രണ്ട് യൂണിറ്റ് സെക്രട്ടറിയുമായിരുന്ന ജെ ഐ മുഹമ്മദ് ഉള്‍പെടെ പന്ത്രണ്ടോളം പേരാണ് പിടിയിലായത്.

പതിനാറാം പ്രതി സനിദ് കോടതിയില്‍ കീഴടങ്ങി.അഭിമന്യുവിനെ കുത്തിയ പനങ്ങാട് സ്വദേശി സഹലും ഷഹീമുമാണ് പിടിയിലാകാനുള്ളവര്‍. ഇവര്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

ഇവര്‍ കേസിലെ പത്തും പന്ത്രണ്ടും പ്രതികളാണ്. ഇവര്‍ക്ക് വാറന്റ് നല്‍കിയിട്ടുണ്ട്. കേസിലെ പ്രതികളെയെല്ലാം സാക്ഷികള്‍ തിരിച്ചറിഞ്ഞു. അഭിമന്യുവിനെ കുത്താനുപയോഗിച്ച കത്തിയും ആക്രമിക്കാനുപയോഗിച്ച ആയുധങ്ങളും കോടതിയില്‍ ഹാജരാക്കി.

കൊലപാതകം, കൊലപാതകശ്രമം, അന്യായമായി സംഘംചേരല്‍, മാരകമായി ആയുധം ഉപയോഗിക്കല്‍, മാരകമായി മുറിവേല്‍പ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന എന്നിവ ഉള്‍പ്പെടെ 13 വകുപ്പുകളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിട്ടുള്ളത്.

എറണാകുളം സെന്‍ട്രല്‍ പൊലിസ് രജിസ്റ്റര്‍ചെയ്ത കേസ് എസിപി എസ് ടി സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News