അഭിമന്യു വധക്കേസ്; വിചാരണ നടപടികള്‍ ഇന്ന് തുടങ്ങും

അഭിമന്യു വധക്കേസ് വിചാരണ നടപടികള്‍ ഇന്ന് തുടങ്ങും. എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന അഭിമന്യുവിന്റെ ഒന്നാം രക്തസാക്ഷിത്വ ദിനത്തില്‍ത്തന്നെയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ നടപടികള്‍ക്ക് തുടക്കമാവുന്നത്.കേസില്‍ കുറ്റപത്രം നല്‍കിയ 16 പേരുടെ വിചാരണ നടപടികളാണ് ഇന്നാരംഭിക്കുന്നത്.കഴിഞ്ഞ വര്‍ഷം ജൂലൈ 2 ന് പുലര്‍ച്ചെ 12.30നാണ് മഹാരാജാസ് കോളേജ് ക്യാമ്പസിനകത്ത് വെച്ച് ക്യാംപസ് ഫ്രണ്ട് ,പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ചേര്‍ന്ന് അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയത്.

കേസിലെ ഒന്നാം പ്രതിയും കോളേജിലെ ക്യാമ്പസ് ഫ്രണ്ട് യൂണിറ്റ് സെക്രട്ടറിയുമായിരുന്ന അരൂക്കുറ്റി വടുതല സ്വദേശി ജെ ഐ മുഹമ്മദ് ,രണ്ടാം പ്രതിയും ക്യാമ്പസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റുമായ എരുമത്തല ചാമക്കാലായില്‍ ആരിഫ് ബിന്‍ സലീം , ആരിഫിന്റെ സഹോദരന്‍ ആദില്‍ ബിന്‍ സലീം തുടങ്ങിയ 16 പ്രധാന പ്രതികളുടെ വിചാരണ നടപടികളാണ് ഇന്ന് തുടങ്ങുന്നത്.കഴിഞ്ഞ സെപ്റ്റംബറിലാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.കൊലപാതകം, കൊലപാതകശ്രമം, അന്യായമായി സംഘംചേരല്‍, മാരകമായി ആയുധം ഉപയോഗിക്കല്‍, മാരകമായി മുറിവേല്‍പ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന എന്നിവ ഉള്‍പ്പെടെ 13 വകുപ്പുകളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിട്ടുള്ളത്.എറണാകുളം സെന്‍ട്രല്‍ പൊലിസ് രജിസ്റ്റര്‍ചെയ്ത കേസ് എസിപി എസ് ടി സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.ആകെ 26 പ്രതികളുള്ള കേസില്‍ 125 സാക്ഷികളുണ്ട്.കേസിലെ പ്രതികളെയെല്ലാം സാക്ഷികള്‍ തിരിച്ചറിഞ്ഞിരുന്നു.കൂടാതെ അഭിമന്യുവിനെ കുത്താനുപയോഗിച്ച കത്തിയും ആക്രമിക്കാനുപയോഗിച്ച ആയുധങ്ങളും അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു.അഭിമന്യുവിനെ കുത്തിയ പനങ്ങാട് സ്വദേശി സഹലും ഷഹീമുമാണ് ഇനി പിടിയിലാകാനുള്ളവര്‍.ഇവര്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. ഇവര്‍ കേസിലെ പത്തും പന്ത്രണ്ടും പ്രതികളാണ്.അതേ സമയം പോലീസിന്റെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട ചിലര്‍ കുറ്റപത്രം സമര്‍പ്പിച്ച ശേഷം കോടതിയില്‍ കീഴടങ്ങിയിരുന്നു.ഇവരെ ഉള്‍പ്പെടുത്തി രണ്ടാം കുറ്റപത്രം പിന്നീട് സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News