എം ബി ബി.എസ് പ്രവേശനത്തിനുള്ള ഫീസ് നിര്‍ണയ സമിതി തീരുമാനം വരുന്നതുവരെ പ്രവേശന നടപടികളുമായി സഹകരിക്കുമെന്ന് സ്വാശ്രയ മാനേജുമെന്റുകള്‍.ബോണ്ട് വാങ്ങിയുള്ള പ്രവേശന നടപടികളടക്കമുള്ളവയുമായി സഹകരിക്കും. ഫീസ് നിര്‍ണയ സമിതി തീരുമാനം അനുകൂലമല്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് മാനേജ്മെന്റ് തീരുമാനം.

ആരോഗ്യ മന്ത്രി കെ.കെ ശൈലജയുമായി രണ്ട് മണിക്കൂറിലധികം കൂടിക്കാഴ്ച നടത്തിയെങ്കിലും മെഡിക്കല്‍ ഫീസ് സംബന്ധിച്ച് വ്യക്തമായ ധാരണയിലെത്താന്‍ സ്വാശ്രയ മാനേജുമെന്റുകള്‍ക്കായില്ല. ഫീസ് നിര്‍ണയ സമിതിയാണ് അന്തിമ തീരുമാനമെടുക്കുകയെന്ന് ആരോഗ്യമന്ത്രി മാനേജ്‌മെന്റുകളെ അറിയിച്ചു. വേഗത്തില്‍ ഫീസ് നിശ്ചയിക്കാമെന്ന ഉറപ്പ് സര്‍ക്കാരന്റ ഭാഗത്തു നിന്ന് ലഭിച്ചു. ഈ സാഹചര്യത്തില്‍ അതു വരെ സര്‍ക്കാര്‍ ഉത്തരവു പ്രകാരമുള്ള താത്ക്കാലിക ഫീസില്‍ പ്രവേശന നടപടികളുമായി സഹകരിക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ സര്‍ക്കാരിന് ഉറപ്പ് നല്‍കി. ഫീസ് നിര്‍ണയ സമിതി നിശ്ചയിക്കുന്ന അന്തിമ ഫീസ് സ്വീകാര്യമല്ലെങ്കില്‍ മാത്രമേ കോടതിയെ സമീപിക്കുകുള്ളുവെന്നും മാനേജ്‌മെന്റുകള്‍ വ്യക്തമാക്കി.

85 ശതമാനം സീറ്റുകളില്‍ 12 ലക്ഷവും എന്‍.അര്‍.ഐ സീറ്റുകളില്‍ 30 ലക്ഷം വാര്‍ഷിക ഫീസ് ലഭിക്കണമെന്ന ആവശ്യമാണ് മാനേജ്‌മെന്റുകള്‍ മുന്നോട്ടു വെച്ചത്. നിശ്ചിത ശതമാനത്തിലധികം ഫീസ് വര്‍ധിപ്പിക്കാനാകില്ലെന്നതാണ് സര്‍ക്കാര്‍ നിലപാട്. ദിവസങ്ങള്‍ക്കകം ഫീസ് നിര്‍ണയ സമിതിയുടെ തീരുമാനം ഉണ്ടാകുമെന്നാണ് സ്വാശ്രയ മാനേജ്‌മെന്റുകളുടെ പ്രതീക്ഷ.