കെവിന്‍ കൊലക്കേസിനു പിന്നാലെ വീണ്ടും കൊല്ലത്ത് ദുരഭിമാന കൊലയ്ക്ക് ശ്രമം. യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. മകളെ പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെയാണ് കുത്തിയത്. മകന്റെ രക്ഷയ്‌കെത്തിയ അമ്മയ്ക്കും പരിക്കേറ്റു.

കൊല്ലം അഞ്ചാലുമൂട് സ്വദേശി പ്രണവ് ലാലിനെയാണ് മകളെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ താന്നിക്കമുക്ക് സ്വദേശി പിതാവ് സോമസുന്ദരം വീട്ടില്‍ കയറി കുത്തി പരിക്കേല്‍പിച്ചത്. മകനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച അമ്മ തങ്കമ്മയേയും സോമസുന്ദരം പരിക്കേല്‍പ്പിച്ചു.

ഒരാഴ്ചമുമ്പാണ് പ്രണവും സോമസുന്ദരത്തിന്റെ മകളും ഇരുവീട്ടുകാരേയും അറിയിക്കാതെ വിവാഹിതരായത് തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ എത്തിയ യുവതിയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പ്രണവിനൊപ്പം പോകാനാണ് താല്‍പ്പര്യമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് കോടതി ഭര്‍ത്താവിനൊപ്പം യുവതിയെ പോകാന്‍ അനുവദിച്ചു.

ഇതില്‍ പ്രകോപിതനായ സോമസുന്ദരം രാത്രിയോടെ പ്രണവിനെ വീടുകയറി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.ആക്രമണത്തിനു ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം രക്ഷപ്പെട്ട പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കുത്തേറ്റ പ്രണവ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.