ട്രെയിനിനു നേരെ കല്ലെറിയുന്നതിനെതിരെയും അതിന്റെ അപകടകരമായ പ്രത്യാഘാതങ്ങളെ കുറിച്ചും ബോധവല്‍ക്കരണ പരിപാടിയുമായി റയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് രംഗത്ത്.വര്‍ക്കലയ്ക്കും മയ്യനാടിനും ഇടക്ക് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലേക് കല്ലെറിയുന്ന സംഭവം തുടര്‍കഥയാവുന്ന പശ്ചാത്തലത്തിലാണ് സാമൂഹിക വിരുദ്ധരെ കണ്ടെത്താന്‍ ഇടവയില്‍ സ്‌കൂളില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചത്.

കഴിഞ്ഞ ദിവസം സാമൂഹ്യവിരുദ്ധരുടെ കല്ലേറില്‍ ചെന്നൈ മെയിലിലെ യാത്രക്കാരിയായ ആലപ്പുഴ പള്ളിക്കല്‍ കട്ടച്ചിറ സ്വദേശിനി ശ്രീകലാ ദേവിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു തലയോട്ടിക്ക് പൊട്ടലേറ്റ ഇവരെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. വര്‍ക്കലയ്ക്കും കാപ്പിലിനും ഇടയ്ക്കാണ് കല്ലേറുണ്ടായത്.ഈ പശ്ചാത്തലത്തിലാണ് ഇടവായിലെ എംആര്‍എംകെഎംഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ക്ക് ബോധവല്‍ക്കരണം നല്‍കി കല്ലെറിയുന്ന സാമൂഹിക വിരുദ്ധരെ കണ്ടെത്താനും തടയാനും ആര്‍പിഎഫ് ഇടവ പഞ്ചായത്തിന്റെ സഹകരണത്തോടെ ജനങളിലേക്കിറങിയത്.

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലേക് കല്ലെറിയുമ്പോഴും,അശ്രദ്ധമായി ട്രാക്ക് മുറിച്ചുകടക്കുമ്പോഴും ട്രാക്കിലൂടെ നീങ്ങുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്റെയും അപകടത്തെക്കുറിച്ച് ആര്‍പിഎഫ് വിശദീകരിച്ചു.ആര്‍പിഎഫ് ഹെല്‍പ്പ്‌ലൈന്‍ 182 നെക്കുറിച്ചും അതിന്റെ ഉപയോഗങ്ങളെക്കുറിച്ചും അറിയിച്ചു. ഇടവാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുനിത എസ്.ബാബു അധ്യക്ഷത വഹിച്ചു. കൊല്ലം ആര്‍. പി. എഫ് ഇന്‍സ്പെക്ടര്‍ ആര്‍.അനില്‍കുമാര്‍, എസ്. ഐ പി. ഗോപാലകൃഷ്ണന്‍ തുടങിയവര്‍ പങ്കെടുത്തു.