മുന്നോക്കവിഭാഗങ്ങളിലെ സാമ്പത്തിക സംവരണം; വിശദമായി വാദം കേള്‍ക്കും

മുന്നോക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കുന്ന ഭരണഘടനാ ഭേദഗതി ചോദ്യംചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി വിശദമായി വാദം കേള്‍ക്കും. സംവരണം നടപ്പാക്കുന്നത് സ്‌റ്റേ ചെയ്യണമെന്ന അപേക്ഷകളും പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. ജൂലൈ 16 മുതല്‍ കേസില്‍ വാദം കേള്‍ക്കുമെന്ന് ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, ബി ആര്‍ ഗവായ് എന്നിവരുടെ ബെഞ്ച് പറഞ്ഞു.

വേനലവധി കഴിഞ്ഞ് ആദ്യദിവസം വാദം കേള്‍ക്കാന്‍ കോടതി തയ്യാറായില്ല. ഭരണഘടനയുടെ 15(6), 16(6) അനുച്ഛേദങ്ങള്‍ ഭേദഗതി ചെയ്താണ് സര്‍ക്കാര്‍ നിയമനങ്ങളിലും ഉന്നതവിദ്യാഭ്യാസ മേഖലയിലും മുന്നോക്കക്കാരിലെ സാമ്പത്തിമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കിയത്. ഇത് ഭരണഘടനയുടെ അടിസ്ഥാനതത്വത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയ ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.

മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കിയത് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി മുമ്പ് അംഗീകരിച്ചിരുന്നില്ല. സംവരണത്തിന്റെ നിയമസാധുത പരിശോധിക്കുമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി ജനുവരിയില്‍ കേന്ദ്രത്തിന് നോട്ടീസയച്ചിരുന്നു. സംവരണത്തിന് സാമ്പത്തികസ്ഥിതി മാനദണ്ഡം ആക്കരുതെന്ന ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റെ ഇന്ദിര സ്വഹ്‌നായ് കേസിലെ വിധി ചൂണ്ടിക്കാട്ടിയാണ് വിവിധ സംഘടനകളുടെ ഹര്‍ജി. സംവരണം 50 ശതമാനത്തില്‍ അധികമാകരുതെന്ന സുപ്രീംകോടതി വിധിയും ലംഘിച്ചതായി ഹര്‍ജിയില്‍ പറയുന്നു.

ഭരണഘടനാ ഭേദഗതിയോടെ ഈ വിധി ബാധകമല്ലാതായെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സാമ്പത്തിക പിന്നോക്കാവസ്ഥ സംവരണത്തിന് മാനദണ്ഡമാക്കിയത് ആവശ്യമായ പഠനങ്ങള്‍ക്കുശേഷമാണെന്നും സര്‍ക്കാര്‍ പറഞ്ഞു. ഫെബ്രുവരി ഒന്നിനുശേഷമുള്ള തസ്തികകള്‍ക്കും ഒഴിവുകള്‍ക്കും സംവരണം ബാധകമാക്കണമെന്ന് പേഴ്‌സണല്‍ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here