മുംബൈയില്‍ കനത്ത മഴ; 21 മരണം; മതില്‍ തകര്‍ന്ന് മരിച്ചത് 17 പേര്‍

മഹാരാഷ്ട്രയില്‍ രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയില്‍ മരണം 21 ആയി. മുംബൈയില്‍ രണ്ടിടങ്ങളിയായി മതില്‍ തകര്‍ന്ന് 17 പേര്‍ മരിച്ചു. മലാഡില്‍ 14 പേരും കല്യാണില്‍ 3 പേരുമാണ് മരണമടഞ്ഞത്. മുംബൈയിലും പ്രാന്തപ്രദേശങ്ങളിലുമായി കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ ജനജീവിതം താറുമാറായി. ഇന്ന് രാവിലെ മലാഡില്‍ മതില്‍ തകര്‍ന്ന് വീണതിനെ തുടര്‍ന്ന് 14 മരണം റിപ്പോര്‍ട്ട് ചെയ്തു. സമാനമായ സംഭവത്തില്‍ കല്യാണിലും മതില്‍ തകര്‍ന്ന് 3 മരണം രേഖപ്പെടുത്തി.

മലാഡിലെ പിംപ്രിപാഡയിലാണ് ഇന്ന് വെളുപ്പിന് രണ്ടു മണിക്ക് കനത്ത മഴയെ തുടര്‍ന്ന് മതില്‍ തകര്‍ന്ന് വീണ് തൊട്ടടുത്ത ചേരിയില്‍ ഉറങ്ങി കിടന്നിരുന്ന 14 പേര്‍ മരണപ്പെടുകയും 4 പേര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തത്. കല്യാണില്‍ രാത്രി 12.30 നാണ് സ്‌കൂള്‍ മതില്‍ തകര്‍ന്ന് വീണ് 3 പേര്‍ മരിക്കാനിടയായത്. അപകടത്തില്‍ പരിക്കേറ്റ പെണ്‍കുട്ടി ചികിത്സയിലാണ്. മരണമടഞ്ഞവരുടെ കുടുംബത്തിന് 5 ലക്ഷം രൂപയുടെ ധനസഹായം മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

പത്തു വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ മഴയാണ് ഇത്തവണ മുംബൈയില്‍ ലഭിച്ചത്. കനത്ത മഴയെ തുടര്‍ന്ന് നഗര മേഖലയില്‍ റെയില്‍,റോഡ് ഗതാഗതം താറുമാറായതോടെ യാത്രക്കാരും ദുരിതത്തിലായി. നഗരപ്രദേശങ്ങളില്‍ വെള്ളക്കെട്ടും രൂക്ഷമായി. മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മുംബൈയില്‍ നിന്നുള്ള ദീര്‍ഘ ദൂര ട്രെയിനുകളില്‍ പലതും വൈകിയോടുന്നത് തുടരുകയാണ്. മഹാരാഷ്ട്ര സര്‍ക്കാര്‍ സുരക്ഷാ മുന്‍ നിര്‍ത്തി  രണ്ട് ദിവസത്തേക്ക് സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News