ഈ വര്‍ഷത്തെ മെഡിക്കല്‍ പ്രവേശനത്തില്‍ ആശങ്കയ്ക്കിടയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ആദ്യ ഘട്ട അലോട്ട്‌മെന്റിനു മുന്‍പായി ഫീസ് നിയന്ത്രണ സമിതി ഫീസ് തീരുമാനിക്കും. അല്ലാത്തപക്ഷം പഴയ ഫീസില്‍ പ്രവേശനം നടത്തുമെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കി. എന്നാല്‍ മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ ഒത്തുകളിക്കുന്നെന്ന് പ്രതിപക്ഷം ആരോപിച്ചു.

മെഡിക്കല്‍ പ്രവേശനത്തില്‍ എല്ലാം സര്‍ക്കാര്‍ സമയബന്ധിതമായി ചെയ്തിട്ടുണ്ട്. കൃത്യമായി കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഫീസ് നിയന്തണ , പ്രവേശ മേല്‍നോട്ട സമിതികള്‍ രൂപീകരിച്ചു. നിയമോപദേശം തേടാനുള്ള സമയം മാത്രമാണ് എടുത്തിട്ടുള്ളതെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. പ്രവേശനത്തിന് കാലതാമസം ഉണ്ടാകില്ലെന്നും ആശങ്കയ്ക്കടിസ്ഥാനമില്ലെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.

എന്നാല്‍ സര്‍ക്കാര്‍ മാനേജ്‌മെന്റുമായി ഒത്തുകളിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. ആരോഗ്യമന്ത്രി സത്യത്തെ ക്രൂശിലേറ്റുന്നു എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അടിയന്തര പ്രമേയത്തിനു അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.