കാര്‍ഷിക രംഗത്തെ മികവിന് കേരളത്തിലെ മികച്ച കര്‍ഷകര്‍ക്ക് കൈരളി ടിവി നല്‍കുന്ന നാലാമത് കതിര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. മൂന്നൂറോളം അപേക്ഷകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മികച്ച 4 കര്‍ഷകര്‍ക്കാണ് കൈരളി ചെയര്‍മാനും മലയാളത്തിന്റെ മഹാനടനുമായ പത്മശ്രീ ഭരത് മമ്മൂട്ടി അവാര്‍ഡുകള്‍ വിതരണം ചെയ്തത്.

കതിര്‍ അവാര്‍ഡിന്റെ മികച്ച കര്‍ഷകനായി വയനാട് മാനന്തവാടി കമ്മനയിലെ തലക്കര ചെറിയ രാമന്‍ എന്ന ചെറുവയല്‍ രാമനെ തിരഞ്ഞെടുത്തു.ദാരിദ്ര്യം വിഴുങ്ങിയ ബാല്യത്തില്‍ നിന്ന് പട്ടിണി മാറ്റാനാണ് കൃഷിക്കാരനായ രാമന്‍ മണ്ണില്‍ വിതച്ചത് പുത്തന്‍ ചരിത്രം .രാജ്യാന്തര തലത്തില്‍ ചെറുവയല്‍ രാമന്‍ അറിയപ്പെടുന്നത് ജീന്‍ ബാങ്കര്‍ എന്ന പേരിലാണ്. രാമന്റെ ജനിതക കലവറയില്‍45 ഇനം നെല്‍വിത്തുകളാണ് സംരക്ഷിക്കപെടുന്നത്.

മികച്ച കര്‍ഷകയ്ക്കുള്ള കതിര്‍ അവാര്‍ഡിന് റോസി എം മാനുവല്‍ അര്‍ഹയായി.ചേര്‍ത്തല അര്‍ത്തുങ്കല്‍ കല്ലുപുരയ്ക്കല്‍വീട്ടിലെ റോസി എന്ന 65 കാരി വെറും ഒന്നര ഏക്കര്‍ ഭൂമിയില്‍ ശാസ്തീയമായ സമ്മിശ്ര കൃഷിയിലൂടെ രചിക്കുന്നത് വിജയഗാഥകളാണ്.

മികച്ച പരീക്ഷണാത്മക കര്‍ഷകനായി പി വി ദിവാകരന്‍ തിരഞ്ഞെടുക്കപ്പെട്ടു. നീലേശ്വരത്തുകാര്‍ക്ക് ശാസ്ത്രജ്ഞനായ ദിവാകരന്‍ നല്ലൊരു ചെത്തുകാരന്‍ കൂടിയാണ്. കേരള കാര്‍ഷിക സര്‍വ്വകലാശായയുടെ മികച്ച കര്‍ഷക ശാസത്രജ്ഞനുള്ള അവാര്‍ഡ് ഉള്‍പ്പെടെനിരവധി അംഗീകാരങ്ങള്‍ ദിവാകരന് ലഭിച്ചിട്ടുണ്ട്

കൈരളി ചെയര്‍മാന്‍ മമ്മൂട്ടി കണ്ടെത്തിയ കര്‍ഷകയ്ക്കുളള പ്രത്യേക പുരസ്‌കാരം കുംഭ എന്ന വയനാടന്‍ കര്‍ഷകക്ക് സമ്മാനിച്ചു. മൂന്നാം വയസ്സു മുതല്‍ അരയ്ക്കു താഴെ തളര്‍ന്ന് പോയ കുംഭ തളരാതെ ഈ അറുപത്തിയൊമ്പതാം വയസ്സിലും വയനാടന്‍ കാര്‍ഷികവൃത്തിയുടെ കരുത്തുറ്റൊരു കാവലാളായായി ജീവിതം നായിക്കുകയാണ്. ഒരിക്കല്‍പ്പോലും രണ്ടു കാലില്‍ നിവര്‍ന്നു നില്‍ക്കാനായില്ലെങ്കിലും രാവും പകലും പാടത്തും പറമ്പിലുമായി ഇഴഞ്ഞു നടക്കുന്ന കുംഭയമ്മയെയല്ലാതെ ആരും കണ്ടിട്ടില്ല.

കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ ഉത്ഘാടന കര്‍മ്മം നിര്‍വഹിച്ച ചടങ്ങില്‍ കൈരളി ടിവി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ്, എല്‍ഡിഎഫ് കണ്‍വീനറും കൈരളി ടി.വി ഡയറക്ടറുമായ എ.വിജയരാഘവന്‍, സംവിധായന്‍ സത്യന്‍ അന്തിക്കാട്, രമേശ് പിഷാരടി കൈരളി ടിവി ഡയറക്ടര്‍മാരായ ടി ആര്‍ അജയന്‍, എ കെ മൂസ മാസ്റ്റര്‍, അഡ്വക്കേറ്റ് എം എം മോനായി എന്നിവര്‍ പങ്കെടുത്തു.