ആവേശകരമായ ക്രിക്കറ്റ് ലോകകപ്പില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍. 28 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യ ഉയര്‍ത്തിയ 315 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് 286 റണ്‍സ് നേടാനെ ആയുള്ളു. ഇന്ത്യക്കായി ബുമ്ര 10 ഓവറില്‍ 55 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി.

ഓപ്പണര്‍മാരായ തമിം ഇക്ബാല്‍ (31 പന്തില്‍ 22), സൗമ്യ സര്‍ക്കാര്‍ (38 പന്തില്‍ 33), മുഷ്ഫിഖുര്‍ റഹിം (23 പന്തില്‍ 24), ലിട്ടണ്‍ ദാസ് (24 പന്തില്‍ 22), മൊസാദേക് ഹുസൈന്‍ (ഏഴു പന്തില്‍ മൂന്ന്), ഷാക്കിബ് അല്‍ ഹസന്‍ (74 പന്തില്‍ 66), സാബിര്‍ റഹ്മാന്‍ (36 പന്തില്‍ 36), മഷ്‌റഫെ മൊര്‍ത്താസ (അഞ്ചു പന്തില്‍ എട്ട്), റുബല്‍ ഹുസൈന്‍ (ഒന്‍പത്), മുസ്താഫിസുര്‍ റഹ്മാന്‍ (പൂജ്യം) എന്നിങ്ങനെയാണ് ബംഗ്ലാ താരങ്ങളുടെ പ്രകടനം.

മുഹമ്മദ് സയ്ഫുദ്ദീന്‍ 38 പന്തില്‍ 51 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്ര നാലും ഹാര്‍ദിക് പാണ്ഡ്യ മൂന്നും യുസ്വേന്ദ്ര ചെഹല്‍, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

നേരത്തെ, ബാറ്റിംഗിനിറങ്ങിയ ഇന്ത്യ രോഹിത് ശര്‍മയുടെ സെഞ്ചുറിയുടേയും രാഹുലിന്റെ അര്‍ധ സെഞ്ചുറിയുടെയും പിന്‍ബലത്തില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു. ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ട് തീര്‍ത്ത രോഹിത് രാഹുല്‍ സഖ്യം 180 റണ്‍സാണ് കൂട്ടിചേര്‍ത്തത്.ബംഗ്ലാദേശിനായി മുസ്താഫിസുര്‍ റഹ്മാന്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി.