പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണ അഴിമതി;വിജിലന്‍സ് വീണ്ടും സാമ്പിളുകള്‍ ശേഖരിക്കും

പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തിലെ അഴിമതിക്കെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ പാലത്തില്‍നിന്നും ശനിയാഴ്ച വിജിലന്‍സ് വീണ്ടും സാമ്പിളുകള്‍ ശേഖരിക്കും. ഇതുമായി ബന്ധപ്പെട്ട സഹായത്തിനായി ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന് വിജിലന്‍സ് ഐജി കത്ത് നല്‍കിയതായി പാലത്തില്‍ പരിശോധന നടത്തിയ വിജിലന്‍സ് സംഘം അറിയിച്ചു. മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞ് അടക്കമുള്ളവര്‍ പ്രതികളായ കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

വിജിലന്‍സ് ഡിവൈഎസ്പി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പാലാരിവട്ടം പാലത്തില്‍ വീണ്ടും പരിശോധന നടത്തിയത്. ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പൊതുമരാമത്തു വകുപ്പ് ചീഫ് എന്‍ജിനീയര്‍ തൃശൂര്‍ എന്‍ജിനീയറിങ് കോളേജ് പ്രൊഫസര്‍മാര്‍ എന്നിവരടങ്ങുന്ന സംഘം പാലത്തിന്റെ താഴെയും മുകളിലും പരിശോധന നടത്തി. അപകടാവസ്ഥയിലായ പാലം ഗതാഗതയോഗ്യമാക്കുന്നതിന്റെ ഭാഗമായുള്ള പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും സംഘം വിലയിരുത്തി.

വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ ശനിയാഴ്ച പാലാരിവട്ടം പാലത്തില്‍ നിന്ന് കൂടുതല്‍ സാമ്പിളുകള്‍ ശേഖരിക്കുമെന്ന് വിജിലന്‍സ് ഡിവൈഎസ്പി അശോക് കുമാര്‍ പറഞ്ഞു. പാലത്തില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട സഹായത്തിനായി ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന് വിജിലന്‍സ് ഐജി കത്ത് നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ മദ്രാസ് ഐടിയുടെ വിദഗ്ധ സംഘത്തിന്റെ സഹായവും തേടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here