നഷ്ടക്കണക്കുകളെയും പ്രാരാബ്ധങ്ങളെയും മറികടന്ന് കെഎസ്ആര്‍ടിസി അതിവേഗം കുതിക്കുന്നു. കോര്‍പറേഷന്റെ ദിവസ വരുമാനം ജൂണില്‍ 6.38 കോടി രൂപയായി. 200 കോടിയാണ് മാസവരുമാനയിനത്തില്‍ ജൂണില്‍ ലഭിച്ചത്. തൊട്ടുമുമ്പുള്ള മാസത്തേക്കാള്‍ 5,62,002 രൂപയുടെ വര്‍ധന.

2018 ജൂണില്‍ ഒരു കിലോമീറ്ററിന് ലഭിക്കുന്ന ശരാശരി വരുമാനം 38 രൂപയായിരുന്നു. 2019ല്‍ ഇത് 42 രൂപയായി. കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണം ദിവസം 28.73 ലക്ഷമായും ഉയര്‍ന്നു. മെയിലെ വരുമാനം 200 കോടിയോട് അടുത്തപ്പോള്‍, ഇത് തുടര്‍ന്ന് നിലനിര്‍ത്താനാവുമോ എന്ന ചോദ്യമുയര്‍ന്നിരുന്നു. എന്നാല്‍ എല്ലാ പ്രതിസന്ധികള്‍ക്കിടയിലും ജൂണിലെ വരുമാനവര്‍ധന കെഎസ്ആര്‍ടിസിയില്‍ നടത്തിയ ഇടപെടലുകള്‍ ഫലം കാണുന്നു എന്ന സൂചന നല്‍കുന്നു. വിവിധയിടങ്ങള്‍ കേന്ദ്രീകരിച്ചുള്ള ചെയിന്‍ സര്‍വീസും വരുമാന കൂടാന്‍ സഹായിച്ചു.

അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ നടത്തിയ സമരവും കെഎസ്ആര്‍ടിസിക്ക് ഗുണകരമായി. സമരത്തെ തുടര്‍ന്ന് കോര്‍പറേഷന് ഏകദേശം 45 ലക്ഷംരൂപ അധിക വരുമാനം ലഭിച്ചു. നിയമവിരുദ്ധമായി സ്വകാര്യബസ് ലോബികളുടെ ഇതര സംസ്ഥാന സര്‍വീസുകള്‍ വഴി മാസവും ലക്ഷങ്ങളാണ് കെഎസ്ആര്‍ടിസിക്ക് നഷ്ടപ്പെട്ടിരുന്നത്. നൂറുകണക്കിന് സ്വകാര്യ ബസുകള്‍ സമരം നടത്തി ജനങ്ങളെ സര്‍ക്കാരിനെതിരെ തിരിക്കാനും അതുവഴി കൊള്ള തുടരാനും ശ്രമിച്ചെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ അവര്‍ക്ക് തിരിച്ചടിയായി. സമരം ജനങ്ങളെ ബാധിക്കാതിരിക്കാന്‍ കെഎസ്ആര്‍ടിസി എല്ലാ ഒരുക്കങ്ങളും നടത്തി. കെഎസ്ആര്‍ടിസിയുടെ വാട്‌സാപ് നമ്പരിലും കണ്‍ട്രോള്‍ റൂമിലും വിവരങ്ങള്‍ ആവശ്യപ്പെട്ട് ബന്ധപ്പെട്ട എല്ലാവര്‍ക്കും വേണ്ട സഹായം നല്‍കി.