ഓട്ടോകാസ്റ്റിന് ട്രെയിന്‍ ബോഗി നിര്‍മ്മാണ ഓര്‍ഡര്‍ ലഭിച്ചു

ചേര്‍ത്തല ഓട്ടോകാസ്റ്റിന് റെയില്‍വേ ബോഗി നിര്‍മ്മിക്കാന്‍ ഓര്‍ഡര്‍ ലഭിച്ചു. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാന പൊതുമേഖലാ സ്ഥാപനത്തിന് റെയില്‍വെ ബോഗി നിര്‍മ്മിക്കാനുള്ള ഓര്‍ഡര്‍ ലഭിക്കുന്നത്. ഉത്തര റെയില്‍വെയുടെ ബോഗി നിര്‍മ്മാണത്തിനുള്ള ടെന്‍ഡറില്‍ പങ്കെടുത്ത ഓട്ടോകാസ്റ്റ് ആണ് ഏറ്റവും കുറഞ്ഞ തുക നല്‍കിയത്.

ഈ മേഖലയിലെ സാങ്കേതികപരിജ്ഞാനമുള്ള പരിചയസമ്പന്നരെ പിന്നിലാക്കിയാണ് ഓട്ടോകാസ്റ്റിന്റെ നേട്ടം. 
തുടക്കക്കാര്‍ എന്ന നിലയില്‍ നിലവിലെ ടെണ്ടറില്‍ സൂചിപ്പിച്ചതില്‍ അഞ്ച് ശതമാനം ബോഗി നിര്‍മ്മിക്കാനുള്ള ഓര്‍ഡര്‍ മാത്രമേ ഓട്ടോകാസ്റ്റിനു ലഭിക്കൂ. റെയില്‍വെ നിശ്ചയിച്ച നിലവാരത്തില്‍ ബോഗി നിര്‍മ്മിച്ചു നല്‍കിയാല്‍ തുടര്‍ന്നുള്ള ടെന്‍ഡറുകളില്‍ യോഗ്യത നേടുമ്പോള്‍ 20 ശതമാനം ബോഗികള്‍ നിര്‍മ്മിക്കാം.

അതും വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ തുടര്‍ന്നുള്ള ടെന്‍ഡറുകളില്‍ ഒന്നാമതെത്തുമ്പോള്‍ ടെന്‍ഡറില്‍ പറയുന്ന മുഴുവന്‍ ബോഗികളും നിര്‍മ്മിക്കാന്‍ യോഗ്യതയുണ്ടാകും.
ഉത്തര റെയില്‍വെ പഞ്ചാബ് സോണിനുള്ള ഗുഡ്‌സ് വാഗണ് ആവശ്യമായ കാസ്‌നബ് ബോഗിയാണ് ഓട്ടോകാസ്റ്റ് നിര്‍മ്മിക്കുക. ഉത്തര റെയില്‍വെയിലെ ഉന്നതരുമായി ഓട്ടോകാസ്റ്റ് എം ഡി എ ശ്യാമള കൂടിക്കാഴ്ച നടത്തി.

ബോഗി നിര്‍മ്മാണത്തിനുള്ള ആവശ്യം വര്‍ദ്ധിച്ചുവരികയാണെന്നും ഒരു പൊതുമേഖലാ സ്ഥാപനമെന്ന നിലയില്‍ ഓട്ടോകാസ്റ്റിനെ കാര്യമായി പരിഗണിക്കുമെന്നും ഉത്തര റെയില്‍വേ അധികൃതര്‍ അറിയിച്ചതായി എ ശ്യാമള വ്യക്തമാക്കി. മുന്‍ സര്‍ക്കാര്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ച സ്ഥാപനം എല്‍ഡിഎഫ് ഗവണ്‍മെന്റിനു കീഴില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ്. വ്യവസായ വകുപ്പ് സ്വീകരിച്ച ക്രിയാത്മകമായ നടപടികളാണ് ഓട്ടോകാസ്റ്റിന്റെ ശക്തമായ തിരിച്ചുവരവിനു പിന്നില്‍.

ഈ ഗവണ്‍മെന്റ് വന്ന ശേഷം കമ്പനിയുടെ നവീകരണത്തിനായി 40 കോടിയോളം രൂപ അനുവദിച്ചു. 1983 നു ശേഷം നഷ്ടത്തിലായിരുന്ന സ്ഥാപനം രണ്ടു മാസത്തിനകം ലാഭത്തിലെത്തുമെന്ന് ചെയര്‍മാന്‍ കെഎസ് പ്രദീപ് കുമാര്‍ പറഞ്ഞു. റെയില്‍വേയുടെ ഗുണപരിശോധന വിഭാഗമായ റിസര്‍ച്ച് ഡിസൈന്‍ ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓര്‍ഗനൈസേഷെന്റ (ആര്‍ഡിഎസ്ഒ) ‘ക്ലാസ് എ ഫൗണ്ടറി’ അംഗീകാരം കഴിഞ്ഞ മാര്‍ച്ചില്‍ ഓട്ടോകാസ്റ്റ് നേടിയിരുന്നു. ഇതോടെ, ഇന്ത്യന്‍ റെയില്‍വേക്കാവശ്യമായ ബോഗികള്‍, കപ്ലര്‍, ബഫര്‍ഫ്‌ളാഞ്ച് എന്നീ ഉല്‍പ്പന്നങ്ങളുടെ ടെണ്ടറുകളില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി. ഒരു സംസ്ഥാന പൊതുമേഖലസ്ഥാപനം ഈ പദവി നേടുന്നതും ആദ്യമാണ്.

പ്രതിവര്‍ഷം 4800 ടണ്‍ സ്റ്റീല്‍കാസ്റ്റിംഗ് ഉത്പാദിപ്പിക്കുവാന്‍ ശേഷിയുള്ളവര്‍ക്കാണ് ക്ലാസ് എ ഫൗണ്ടറി അംഗീകാരം നല്‍കുക. കഴിഞ്ഞ 3 വര്‍ഷത്തിനിടെ ഈ അംഗീകാരം നേടാനാവശ്യമായ എല്ലാ ക്രമീകരണങ്ങളും ഓട്ടോകാസ്റ്റ് നടത്തി. നേരത്തെ അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന സ്ഥാപനത്തിന്റെ ശക്തമായ തിരിച്ചുവരവാണിത്.
നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഓട്ടോകാസ്റ്റില്‍ ബോഗി നിര്‍മ്മിച്ചിട്ടുണ്ട്.

ഓട്ടോകാസ്റ്റിലെ എഞ്ചിനിയര്‍മാരും തൊഴിലാളികളുമാണ് ഇതില്‍ പങ്കാളികളായത്. വിവിധ ബോഗികളുടെ മാതൃകകള്‍ വിശദമായി പരിശോധിച്ചാണ് സ്വന്തമായി ബോഗി നിര്‍മ്മിച്ചത്. പുതിയ ബോഗി നിര്‍മ്മിക്കാനായി ആര്‍ഡിഎസ്ഒയുടെ ലക്‌നൗ കേന്ദ്രത്തില്‍നിന്നാണ് ഡിസൈന്‍ ശേഖരിക്കുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News