ജീവിതം പലകുറി തോല്‍പ്പിക്കാന്‍ ശ്രമിച്ചിട്ടും മണ്ണിനെ ചേര്‍ത്തുപിടിച്ച് ജയിച്ചുകയറിയ നായിക; കുംഭാമ്മ

കൈയും കാലുംകെട്ടി തടവിലിട്ടാല്‍, ജയില്‍മുറിയിലെ പൊടിപിടിച്ച നിലത്ത് നാക്കുകൊണ്ടു നക്കി ചിത്രംവരയ്ക്കുമെന്ന് ഏകാധിപത്യത്തോടു പ്രഖ്യാപിച്ചു പാബ്ലോ പിക്കാസോ. രണ്ടു കാലും തളര്‍ത്തിയാല്‍ മണ്ണില്‍ ഇഴഞ്ഞുനടന്നായാലും പണിയെടുത്തു ജീവിക്കുമെന്ന് വിധിയോടു വിളിച്ചുപറഞ്ഞു വയനാട്ടിലെ കുംഭ.

കുടുംബം പോറ്റിയിരുന്ന ഭര്‍ത്താവ് കുങ്കന്‍ മരിച്ചപ്പോള്‍ മകന്‍ രാജുവിനെ വളര്‍ത്താന്‍ കൃഷിക്കാരിയായി മാറിയ വീട്ടമ്മ. അങ്ങനെ ഒരുപാടു പേരുണ്ടാകാം. പക്ഷേ, മൂന്നാം വയസ്സില്‍ അരയ്ക്കു താഴേയ്ക്ക് തളര്‍ന്നിട്ടും മണ്ണില്‍ പണിയെടുത്ത് തനിയേ കുടുംബം പോറ്റാന്‍ തീരുമാനിച്ച മറ്റൊരാളും ഉണ്ടാകില്ലതന്നെ. എന്തും നട്ടുനനച്ചുണ്ടാക്കും, കോഴിയെ വളര്‍ത്തും, ചിരട്ടക്കയിലുണ്ടാക്കും, മുളംകുട്ട മെടയും തളര്‍ന്നുപോയ കാലുകളില്‍ നിവര്‍ന്നുനിന്ന് കുംഭാമ്മ വിധിയെ വെല്ലുവിളിച്ചത് അങ്ങനെയൊക്കെയാണ്.

വിധിയും വെറുതേയിരുന്നില്ല. ക്യാന്‍സറിന്റെ രൂപത്തില്‍ പരീക്ഷിക്കാനെത്തി. രണ്ട് ഓപ്പറേഷനുകള്‍, മാറിടം മുറിച്ചുനീക്കല്‍, അതിനൊക്കെ ആയമ്മ വഴങ്ങി. തുടയില്‍നിന്ന് മാംസമെടുത്ത് പ്ലാസ്റ്റിക് സര്‍ജറി വേണമെന്നു പറഞ്ഞപ്പോള്‍മാത്രം സമ്മതിച്ചില്ല – കൃഷിക്കാരിയുടെ ജീവിതം അവസാനിച്ചാലോ. രണ്ട് ഓപ്പറേഷന്‍ കഴിഞ്ഞിട്ടും വെള്ളമുണ്ടയിലെ കൊല്ലിയില്‍ കോളനിയിലെ ഒരേക്കറില്‍ മുഴുവന്‍ അക്ഷരാര്‍ത്ഥത്തില്‍ ഇഴഞ്ഞുനടന്ന് പണിയെടുക്കുകയാണ് ആ 69-കാരി.

ഞങ്ങള്‍ തൊട്ടുതൊഴുന്നു,
സ്വന്തം പേരിന്റെ രണ്ടക്ഷരങ്ങള്‍മാത്രം എഴുതാനറിയുന്ന
ഈ അമ്മയുടെ
തളര്‍ന്ന കാലുകളിലെ
വിയര്‍പ്പണിഞ്ഞ പാദങ്ങളെ!

കൈരളി ചെയര്‍മാന്റെ പ്രത്യേക പുരസ്‌കാരത്തിനായി
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി
ഇത്തവണ തെരഞ്ഞെടുക്കുന്നു
വയനാട്ടിലെ ഈ ഹെലന്‍ കെല്ലറിനെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here