
അഭിമന്യുവിന്റെ ജീവിതത്തെ ആസ്പദമാക്കി സജി പലമേൽ സംവിധാനം ചെയ്ത നാൻ പെറ്റ മകൻ നമ്മൾ പിന്തുണക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടുന്ന സിനിമയാന്നെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും എഴുത്തുകാരനുമായ ദിനേശൻ പുത്തലത്ത്.
ദിനേശൻ പുത്തലത്തിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ:
“നേരിന്‍റെ കാഴ്ചകള്‍ കലാലയത്തിലുയര്‍ത്തിപ്പിടിച്ച അഭിമന്യൂവിന്‍റെ നഷ്ടം നമ്മുടെ വിതുമ്പലായി മാറിയ ഒന്നായിരുന്നു. ഇടുക്കിയിലെ വട്ടവട ഗ്രാമത്തില്‍ നിന്നും പഠനത്തിന്‍റെയും പോരാട്ടത്തിന്‍റെയും വഴിയിലൂടെ കുതിച്ചുയര്‍ന്ന ഒരു നക്ഷത്രം തന്നെയായിരുന്നു അഭിമന്യൂ.
ആ ജീവിതകഥയുടെ ചലച്ചിത്രാവിഷ്കാരമായി ‘നാന്‍ പെറ്റ മകന്‍’ നമുക്ക് മുമ്പിലെത്തിയിരിക്കുന്നു. 19 വയസിനിടെ തന്‍റെ പ്രതിഭയും വ്യക്തിത്വവും തെളിയിച്ചവനായിരുന്നു അഭിമന്യൂ. ആശയപരമായി മറുപക്ഷത്ത് നില്‍ക്കുമ്പോഴും അവരെ ചേര്‍ത്തുപിടിച്ച അഭിമന്യൂവിന്‍റെ ജീവിതം ഒരു പാഠപുസ്തകം തന്നെയാണ്.
അഭിമന്യൂവിനെക്കുറിച്ച് നാം മനസ്സിലാക്കിയതിലൂടെ നമ്മുടെ ഉള്ളില്‍ സൃഷ്ടിക്കപ്പെട്ട ഒരു രൂപമുണ്ട്. പ്രസരിപ്പും ചുറുചുറുക്കും മാനവികതയുമായി മുന്നോട്ടുപോകുന്ന ഒരു വിദ്യാര്‍ത്ഥിയുടെ ചിത്രം. നമ്മുടെ ഓര്‍മ്മകളില്‍ ജ്വലിച്ചുനില്‍ക്കുന്ന ആ രൂപം മുമ്പിലെത്തിയതുപോലെയാണ് ഈ സിനിമ കണ്ടപ്പോള്‍ തോന്നിയത്. സിനിമ കഴിയുമ്പോള്‍ മിനോണ്‍ അഭിമന്യൂ തന്നെയായി നമ്മുടെ മനസ്സില്‍ കുടിയേറുക തന്നെ ചെയ്യുന്നുണ്ട്. ഈ സിനിമയുടെ ആകര്‍ഷണീയ ഘടകം മിനോണ്‍ന്‍റെ അഭിമന്യൂവിലേക്കുള്ള പരകായ പ്രവേശം തന്നെയാണ്.
കലാലയ രാഷ്ട്രീയത്തിന്‍റെ വഴികളിലൂടെ കടന്നുവന്നവര്‍ക്ക് തീര്‍ച്ചയായും ഒരുതരം ഗൃഹാതുരത്വം ഇത് പകരാതിരിക്കില്ല. ഒരോ സംഭവങ്ങള്‍ സിനിമയില്‍ തെളിയുമ്പോഴും കലാലയ ജീവിതത്തിലെ രാഷ്ട്രീയ അനുഭവങ്ങള്‍ നമ്മുടെ ഉള്ളില്‍ ഓളംവെട്ടാതിരിക്കില്ല.
അഭിമന്യൂവുമായി ഇടപഴകി നിന്ന സൈമണ്‍ ബ്രിട്ടോവിന്‍റെ ജീവിതവും ഇതില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. ഈ രണ്ടു ജീവിതങ്ങളുടെ കൂടിച്ചേരല്‍ കൂടിയാണ് ഇതെന്ന് കാണാം. പ്രതിസന്ധികളെ മറികടക്കുന്നതിന് ബ്രിട്ടോവിന് കരുത്ത് പകര്‍ന്ന കാഴ്ചപ്പാടുകളും പ്രത്യയശാസ്ത്രദൃഢതകളും ഈ സിനിമ പരിചയപ്പെടുത്തുന്നുണ്ട്. അവരുടെ കുടുംബജീവിതത്തിന്‍റെ ഇഴകളും ഇതോടൊപ്പം തുന്നിച്ചേര്‍ക്കാനും സിനിമയില്‍ ശ്രമമുണ്ട്. പ്രതിസന്ധികളില്‍ പച്ചുനില്‍ക്കുകയല്ല, അവയെ വകഞ്ഞുമാറ്റാന്‍ പൊരുതേണ്ടതുകൂടിയാണ് ജീവിതമെന്ന് അതിലൂടെ സിനിമ ഓര്‍മ്മിപ്പിക്കുന്നു.
കലാലയരാഷ്ട്രീയത്തിന്‍റെ നേതൃനിരയുടെ സവിശേഷതകളെ ഒപ്പിയെടുക്കാനും ഇതിലെ കഥാപാത്രങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അഭിമന്യൂവിന്‍റെ അച്ഛനും അമ്മയുമായി അഭിനയിക്കുന്ന ശ്രീനിവാസനും സീമാജി നായരും അവരുടെ ഭാഗങ്ങള്‍ തന്‍മയത്തത്തോടെ അവതരിപ്പിക്കുന്നുണ്ട്. അധ്യാപികയായി അഭിനയിച്ച മുത്തുമണി സോമസുന്ദരവും വിദ്യാര്‍ത്ഥി നേതാവായി അഭിനയിച്ച ആനന്ദും കഥാപാത്രങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നു. കുഞ്ഞുണ്ണിയുടെ ക്യാമറയും ദൃശ്യങ്ങളിലൂടെ സംവദിക്കുന്ന ഒന്നായി സിനിമയെ മാറ്റുന്നുണ്ട്. വശ്യമായ ഗാനങ്ങളും സിനിമയിലെ സന്ദര്‍ഭങ്ങള്‍ക്ക് അര്‍ത്ഥം നല്‍കി ഇഴുകിനില്‍ക്കുന്നു. സംവിധായകന്‍ സജിയുടെ പ്രതിബദ്ധതയും സിനിമയുടെ കരുത്തായി വര്‍ത്തിക്കുന്നു.
സിനിമ കണ്ടിറങ്ങുമ്പോള്‍ കലാലയ ജീവിതത്തിന്‍റെ ഓര്‍മ്മകള്‍ മാത്രമല്ല, വര്‍ഗീയ പ്രത്യയശാസ്ത്രങ്ങള്‍ ഒരു കലാലയത്തെ എങ്ങനെ ദുരന്തഭൂമിയാക്കുന്നുവെന്ന അവസ്ഥയെയും അവതരിപ്പിക്കുന്നുണ്ട്. അതിലൂടെ മാനവികതയെ വറ്റിച്ചുകളയുന്ന വര്‍ഗീയ പ്രത്യയശാസ്ത്രങ്ങള്‍ക്കെതിരെ ജാഗ്രതയായും സിനിമ മാറുന്നു.
അഭിമന്യൂവിന്‍റെ സ്വപ്നങ്ങള്‍ സിനിമ ഏറ്റുപിടിക്കുന്നുണ്ട്. തന്‍റെ നാടിനെക്കുറിച്ച്, നാളെയുടെ മനോഹാരിതകളെക്കുറിച്ച് അങ്ങനെ പലതും. സ്വാതന്ത്ര്യത്തിന്‍റെയും ജനാധിപത്യത്തിന്‍റെയും സോഷ്യലിസത്തിന്‍റെയും ചിന്തകളായിരുന്നു അതിന്‍റെയെല്ലാം അടിത്തറ. തന്‍റെ ജീവിതം നാട്ടിനായി അര്‍പ്പിച്ച അഭിമന്യൂവിന്‍റെ സ്വപ്നങ്ങളെ നമുക്കിടയില്‍ എത്തിക്കാന്‍ ശ്രമിച്ച സിനിമാ പ്രവര്‍ത്തകര്‍ ഏറെ അഭിനന്ദനം അര്‍ഹിക്കുന്നു. പരിമിതികള്‍ പലതും കാണാനുണ്ടെങ്കിലും അഭിമന്യൂവായി തന്‍മയത്തത്തോടെ നിറഞ്ഞുനിന്ന മിനോണ്‍ അതിനെയെല്ലാം മറികടക്കുന്നു.
നന്‍മയും സ്നേഹവും സഹാനുഭൂതിയും ഉയര്‍ത്തിപ്പിടിക്കുന്ന അഭിമന്യൂവിന്‍റെ ജീവിതം തന്നെയാണ് ഈ സിനിമയുടെ രാഷ്ട്രീയമെന്ന് നിസംശയം പറയാം. ഇത്തരം സിനിമകളെ പിന്തുണയ്ക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നത് സാംസ്കാരിക ഉത്തരവാദിത്തമായി മാറുന്ന വര്‍ത്തമാന കാലത്ത് ഈ സിനിമയെ നമുക്ക് ഉപേക്ഷിക്കാനാവില്ല. കലാലയങ്ങളില്‍ സര്‍ഗ്ഗാത്മക ജീവിതം ഉയര്‍ത്തിപ്പിടിക്കാന്‍ പൊരുതിയവര്‍ക്കും പൊരുതുന്നവര്‍ക്കും തങ്ങളുടെ സ്ഥാനത്തെ അടയളാപ്പെടുത്തുന്നുണ്ട് ഈ സിനിമ. നാളെ വരുന്നവര്‍ക്ക് വഴികാട്ടിയായും ഇതിലെ പാഠങ്ങള്‍ മാറുന്നുണ്ട്. നമ്മുടെ കലാലയങ്ങളിലെ സര്‍ഗ്ഗാത്മക ജീവിതം കടന്നുപോകുന്ന വഴികളിലൂടെ സഞ്ചരിക്കുന്നുണ്ട് ‘നാന്‍ പെറ്റ മകന്‍’.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here