കാലില്‍ തഴമ്പു പൊട്ടിപ്പഴുക്കുന്ന രോഗം വന്നാല്‍ ചെത്തുകാരന്‍ എന്തു ചെയ്യും? ”മറ്റെന്തെങ്കിലും ചെയ്തു ജീവിക്കാന്‍ നോക്കും” എന്നാണ് ആരും പറയുക. പക്ഷേ, ”ആ ഉത്തരം പൊട്ടത്തെറ്റ്” എന്നു പറയുന്ന ഒരാളുണ്ട് – നീലേശ്വരത്തെ ദിവാകരന്‍. ദിവാകരന്‍ തെങ്ങുചെത്താന്‍ തുടങ്ങിയപ്പോള്‍ കാലില്‍ തഴമ്പു പൊങ്ങിപ്പൊട്ടി.

ഒരു കാലുറ ഡിസൈന്‍ ചെയ്ത് ദിവാകരന്‍ ആ കാലക്കേടിനെ തോല്പിച്ചു. ഇന്ന് എല്ലാ ചെത്തുകാര്‍ക്കുമായി ദിവാകരന്റെ കാലുറയും കൈയുറയും റെഡി. കൈയിലും കാലിലും തഴമ്പുവരാതിരിക്കാന്‍ ന്യൂ ജെന്‍ ചെത്തുകാര്‍ ദിവാകരനെ തേടിവരുന്നു. ഇതാണ് ദിവാകരന്‍. പത്താം ക്ലാസില്‍ തോറ്റയാള്‍. നേരു പറഞ്ഞാല്‍ എട്ടാം ക്ലാസിലേ തോറ്റയാള്‍. പഴയ ”ചാക്കീരി പാസി”ലൂടെ ഒമ്പതിലേക്കും പത്തിലേക്കും കയറിപ്പോയയാള്‍.

”പരീക്ഷയില്‍ തോറ്റ” ദിവാകരന്‍ പക്ഷേ, ”പരീക്ഷണങ്ങളില്‍ തോറ്റി”ല്ല. ദിവാകരന്റെ കണ്ടുപിടിത്തങ്ങള്‍ ഏറെയാണ്. ലഹരിയില്ലാത്ത കള്ള്, കൊമ്പന്‍ ചെല്ലിയുടെ ലാര്‍വകൊണ്ടുള്ള കമ്പോസ്റ്റ്, കരിങ്കല്ലും ഇരുമ്പും വേണ്ടാത്ത വാര്‍പ്പ്, കോഴിത്തീറ്റയാക്കാവുന്ന പായല്‍, ശുദ്ധജലത്തില്‍ വളരുന്ന കണ്ടല്‍, മേന്മയേറിയ സങ്കരയിനം മണ്ണിര… പത്തില്‍ത്തോറ്റ ദിവാകരന്‍ ഇന്ന്, നീരയുടെ പാറ്റന്റിന് അപേക്ഷ കൊടുത്തു കാത്തിരിക്കുന്ന 62-കാരന്‍. നീലേശ്വരത്തുകാര്‍ ഈ നാട്ടുകാരനെ വിളിക്കുന്നത് ”ശാസ്ത്രജ്ഞന്‍ ദിവാകരന്‍” എന്നാണ്.

നാട്ടിന്‍പുറത്തുനിന്ന്, വീട്ടുപറമ്പില്‍നിന്ന്, പാടവരമ്പിലും തെങ്ങിന്‍തോപ്പിലുംനിന്ന്, കതിര്‍ അവാര്‍ഡിന്റെ വെള്ളിവെളിച്ചത്തിലേയ്ക്ക് ഞങ്ങള്‍ കണ്ടെടുക്കുന്നു മാക്‌സിം ഗോര്‍ക്കിയുടെ സര്‍വ്വകലാശാലയില്‍ പഠിച്ചുപഠിച്ച് മാറ്റുതെളിയിച്ച മണ്ണിന്റെ മകനെ. ഇതാണ് ഞങ്ങള്‍ പറഞ്ഞ ശാസ്ത്രജ്ഞന്‍.