റഷ്യയുടെ നാവികസേന അന്തര്‍വാഹിനിയിലുണ്ടായ തീപിടിത്തത്തില്‍ 14 നാവികര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. തീപിടുത്തംമൂലം പുറത്തുവന്ന വിഷപ്പുക ശ്വസിച്ചതാണ് മരണ സംഖ്യ കൂടാന്‍ കാരണം. തീപിടുത്തം റഷ്യന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.

ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കുന്ന അന്തര്‍വാഹിനിയിലാണ് അപകടമുണ്ടായത്. കൂടുതല്‍ വിശദാംശങ്ങള്‍ റഷ്യന്‍ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല, അന്തര്‍ വാഹിനിയില്‍ എത്രപേര്‍ ഉണ്ടായിരുന്നു, ആരെങ്കിലും രക്ഷപെട്ടോ എന്നതിലും കൃത്യമായ വിവരങ്ങളില്ല.

എന്നാൽ അപകടത്തിൽപെട്ടത് റഷ്യയുടെ പ്രധാനപെട്ട രഹസ്യാന്വേഷണ അന്തർവാഹിനിയാണെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കൂടുതൽ ആഴങ്ങളിലുള്ള സൂക്ഷ്മമായ ധൗത്യങ്ങൾക്ക് ഉപയോഗിക്കുന്നതാണ് ഇത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട‌്. തീപിടുത്തത്തില്‍ നാവികര്‍ക്ക് ജീവന്‍ നഷ്ടമായതില്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ ദു:ഖം രേഖപ്പെടുത്തി.