മികവ് റൊണാള്‍ഡോയ്ക്ക് തന്നെ; ദേശീയ കിരീടമില്ലാതെ വീണ്ടും മെസി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ-ലയണല്‍ മെസി താരതമ്യം ഫുട്‌ബോളില്‍ എപ്പോഴും ചൂടുള്ള ചര്‍ച്ചാ വിഷയമാണ്. എത്ര തര്‍ക്കിച്ചാലും ഇവരിലാരാണ് മികച്ചതെന്നതിന് വ്യക്തമായ ഉത്തരമുണ്ടാകാറില്ല. സമകാലിക ഫുട്‌ബോള്‍ ലോകത്തിന്റെ രണ്ട് വികാരങ്ങളാണ് മെസിയും ക്രിസ്റ്റ്യാനോയും. ആരാണ് കേമന്‍, ആരാണ് ഒന്നാമന്‍ എന്ന ചോദ്യത്തിനുള്ള ഉത്തരം ഓരോ ആരാധകന്റെയും ഫുട്‌ബോളിനോടുള്ള ഭാവവും താളവും അനുസരിച്ചായിരിക്കും. പക്ഷേ ദേശീയ ടീമിലും ക്ലബ് ഫുട്‌ബോളിലും ഇരുവരുടെയും പ്രകടനങ്ങള്‍ താരതമ്യപ്പെടുത്തുമ്പോള്‍ മെസിയേക്കാള്‍ മികച്ചവന്‍ റൊണാള്‍ഡേയല്ലേയെന്ന് വാദത്തിന് വേണ്ടിയെങ്കിലും സമ്മതിക്കേണ്ടിവരും.

യുറോ കപ്പിന് പിന്നാലെ പ്രഥമ യുവേഫ നേഷന്‍സ് ലീഗ് കിരീടവും പോര്‍ച്ചുഗലിനായി റൊണാള്‍ഡോ നേടിയപ്പോള്‍ ദേശീയ കുപ്പായത്തില്‍ കിരീടത്തിനായുള്ള ഫുട്‌ബോള്‍ മിശിഹായുടെ കാത്തിരിപ്പ് നീളുകയാണ്. ലോകകപ്പിലും കോപ്പ അമേരിക്കയിലും ഫൈനല്‍ കളിച്ചെങ്കിലും കിരീടം മാത്രം മെസിയുടെ കൈയില്‍ നിന്ന് വഴുതി. 2005ല്‍ അര്‍ജന്റീനയ്ക്കായി കളിച്ചുതുടങ്ങിയ മെസിയുടെ പേരിലുള്ള ഏകകിരീടനേട്ടം 2008ലെ ഒളിംപിക്‌സ് സ്വര്‍ണമെഡല്‍മാത്രമാണ്. 2005ല്‍ അണ്ടര്‍ 20 ലോകകപ്പ് ഫുട്‌ബോള്‍ കിരീടം നേടിയാണ് മെസി സീനയര്‍ ടീമിലേയ്ക്ക് എത്തിയത്. പിന്നീട് ലോക കിരീടങ്ങളൊന്നും അര്‍ജന്റീനയെ തേടിയെത്തിയില്ല. ലോകകപ്പാകട്ടെ, ലാറ്റിനമേരിക്കയുടെ ലോകകപ്പായ കോപയാകട്ടെ മെസിക്കും സംഘത്തിനും എല്ലായ്‌പ്പോഴും കാല്‍വഴുതി.

അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ ഗോളടിച്ച മെസിയാണ് 32ാം വയസിലും ഒരു കിരീടത്തിനായി ദാഹിക്കുന്നത്. 2022ല്‍ ലോകകപ്പിന് സമയമാകുമ്പോള്‍ മെസിക്ക് പ്രായം 35 ആകും. കരിയറിന്റെ അവസാന കാലഘട്ടത്തില്‍ മെസിക്ക് കിരീട നേട്ടം സാധ്യമാകുമോ? മെസിയുടെ മാത്രമല്ല, ലോകമെങ്ങുമുള്ള അര്‍ജന്റീനയുടെ ആരാധകരുടെയും സ്വപ്നമാണിത്. മറുവശത്ത് ക്രിസ്റ്റ്യാനോയെ നോക്കുക. കരിയറിന്റെ അവസാന കാലത്തിലേക്ക് കടക്കുമ്പോള്‍ നേട്ടങ്ങള്‍ അലങ്കാരമായി തേടിയെത്തുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ.

മൂന്ന് വര്‍ഷം മുമ്പ് യൂറോ കപ്പിലൂടെ തന്റെ ആദ്യ അന്താരാഷ്ട്ര കിരീടം ചൂടിയ റൊണാള്‍ഡോ ഇപ്പോള്‍ ചരിത്രത്തിലാദ്യമായി യുവേഫ നേഷന്‍സ് ലീഗ് കിരീടമുയര്‍ത്തുന്ന ക്യാപ്റ്റനുമായി. റൊണാള്‍ഡോയുടെ കരിയറില്‍ ഏറ്റവും ശ്രദ്ധേയമായത് മുപ്പത് വയസിന് ശേഷം നടത്തിയ പ്രകടനമാണ്. 2015-ലാണ് റൊണാള്‍ഡോയ്ക്ക് മുപ്പത് വയസ് ആകുന്നത്. അതിന് ശേഷം മാത്രം ക്ലബിനും രാജ്യത്തിനുമായി 12 കിരീടങ്ങളാണ് റൊണാള്‍ഡോ നേടിയത്. പോര്‍ച്ചുഗല്‍ ദേശീയ ടീമിനൊപ്പം യൂറോ കപ്പും ഇപ്പോഴിതാ നേഷന്‍സ് ലീഗും.

തുടര്‍ച്ചയായി മൂന്ന് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍, ഒരു ലാ ലിഗ, ഒരു സ്പാനിഷ് സൂപ്പര്‍ കപ്പ്, ഒരു യുവേഫ സൂപ്പര്‍ കപ്പ്, രണ്ട് ക്ലബ് ലോകകപ്പ് എന്നിവയാണ് മുപ്പത് വയസിന് ശേഷം റൊണാള്‍ഡോ റയല്‍ മഡ്രിഡിനൊപ്പം നേടിയത്. കഴിഞ്ഞ സീസണില്‍ യുവന്റസിനൊപ്പം സെരി എയും സൂപ്പര്‍ കോപ്പാ ഇറ്റാലിയാനയും സ്വന്തമാക്കി. ഇത്തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം കൈവിട്ടെങ്കിലും അപൂര്‍വ റെക്കോഡാണ് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരത്തിനുള്ളത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, സ്പാനിഷ് ലാലിഗ, ഇറ്റാലിയന്‍ സീരി എ കിരീടങ്ങള്‍ നേടുന്ന ആദ്യതാരമാണ് ക്രിസ്റ്റ്യാനോ.പ്രായം കൂടുന്തോറും കളി മികവും കൂടുകയാണ് റൊണാള്‍ഡോയ്ക്ക്.

ഈ സാഹചര്യത്തില്‍ ഒരു ലോകകപ്പ് കൂടി റൊണാള്‍ഡോ ലക്ഷ്യമിട്ടാല്‍ അത്ഭുതപ്പെടാനില്ല. മെസിയെയും റൊണാള്‍ഡോയെയും താരതമ്യപ്പെടുത്തി ട്വിറ്റര്‍ പുറത്തുവിട്ട കണക്കുകള്‍ കാണുക. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും ലാ ലിഗയിലും ഇറ്റാലിയന്‍ സീരിയിലും റൊണാള്‍ഡോയ്ക്ക് മികവ്. യൂറോയിലും ഫിഫ ക്ലബ് വേള്‍ഡ് കപ്പിലും ചാമ്പ്യന്‍സ് ലീഗിലും യുവേഫ സൂപ്പര്‍കപ്പിലും നേട്ടം റോണോയ്ക്ക് തന്നെ. മെസിക്കാകട്ടെ ലാ ലിഗിയില്‍ മാത്രവും.

കോപ അമേരിക്ക സെമിഫൈനലിന് മുമ്പ് മെസി പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കുക. എന്റെ ഏറ്റവും മികച്ച കോപ്പ അമേരിക്ക ചാംപ്യന്‍ഷിപ്പല്ല ഇത്. എന്റെ മികച്ച നിലവാരത്തിലല്ല ഞാന്‍ കളിക്കുന്നത്. കോപയില്‍ കൊളംബിയക്കെതിരെയുള്ള ഒരു ഗോള്‍ മാത്രമായിരുന്നു മെസിയുടെ സമ്പാദ്യം. അതും പെനല്‍റ്റിയില്‍. ഖത്തറിനെതിരെയും വെനസ്വേലയ്‌ക്കെതിരെയും അര്‍ജന്റിന ജയിച്ചത് മെസിയുടെ മികവില്ലാതെയായിരുന്നു. സെമിയിലാകട്ടെ മെസിയുടം വിഖ്യാതമായ ഫ്രീകിക്കിന് പോലും ആരാധകരുടെ പ്രതീക്ഷ നിറവേറ്റാനായില്ല.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here