ശബരിമല ആചാരസംരക്ഷണം; ഉടന്‍ നിയമനിര്‍മ്മാണമില്ലെന്ന് കേന്ദ്രം

ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരായി നിയമം കൊണ്ട് വരുമോയെന്ന് ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞ് മാറി കേന്ദ്ര സര്‍ക്കാര്‍. സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതിനാല്‍ ഉത്തരം പറയാനാകില്ലെന്ന് ലോക്‌സഭയില്‍ ശശിതരൂരിന്റെ ചോദ്യത്തിനുത്തരമായി കേന്ദ്ര നിയമന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. ചെറുകിട വ്യവസായമേഖലയെ ജി.എസ്.ടിയില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇടത് എംപിമാര്‍ പാര്‍ലമെന്റിന് മുമ്പില്‍ ധര്‍ണ്ണ നടത്തി.

ശബരിമല സ്ത്രീപ്രവേശന നിരോധനത്തിനായി സംസ്ഥാനത്ത് വലിയ പ്രക്ഷോഭങ്ങള്‍ നടത്തിയ ബിജെപി, പാര്‍ലമെന്റില്‍ ഇരട്ടത്താപ്പ് തുടരുന്നു. സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരായി നിയമം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ ഇതിനായി ഭരണഘടന ഭേദഗതി ചെയ്യുമോ എന്നായിരുന്നു തിരുവനന്തപുരം എം.പി ശശിതരൂരിന്റെ ചോദ്യം.നിയമന്ത്രി രിവശങ്കര്‍ പ്രസാദ് ഒറ്റവരിയില്‍ മറുപടി ഒതുക്കി. നിയമം പരിഗണനയിലുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുന്നത് കോടതിയലക്ഷ്യം.

സുപ്രീംകോടതി വിധിക്കെതിരെ തെരുവുകള്‍ തോറും പ്രക്ഷോഭം നടത്തിയ ബിജെപി നേതാവാണ് പാര്‍ലമെന്റില്‍ എത്തിയപ്പോള്‍ കോടതിയലക്ഷ്യം എന്ന നിയമംപ്രശ്‌നം ഉയര്‍ത്തിയിരിക്കുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യങ്ങള്‍ ലോക്‌സഭയില്‍ ഉയരുന്നത് തടയുന്നത് കൂടി ലക്ഷ്യമിട്ടാണ് കോടതിയലക്ഷ്യ വിഷയം നിയമമന്ത്രാലയം ഉയര്‍ത്തിയിരിക്കുന്നത്. അതേ സമയം ഇന്ന് പാര്‍ലമെന്റ് ആരംഭിക്കുന്നതിന് മുമ്പായി ചെറുകിട വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തികാട്ടി ഇടത്പക്ഷ എം.പിമാര്‍ ധര്‍ണ്ണനടത്തി. ജി.എസ്ടിയില്‍ നിന്നും ചെറുകിട വ്യാപാരികളെ ഒഴിവാക്കണമെന്ന് എം.പിമാര്‍ ആവിശ്യപ്പെട്ടു. ഗാന്ധിപ്രതിമയ്ക്ക് മുമ്പിലായിരുന്നു ധര്‍ണ്ണ.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News