മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങളെക്കുറിച്ച് പഠിക്കാന്‍ മദ്രാസ് ഐഐടി സംഘം കൊച്ചിയിലെത്തി

സുപ്രീംകോടതി ഉത്തരവ് പ്രകാരം പൊളിച്ചുനീക്കേണ്ട മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങളെക്കുറിച്ച് പഠിക്കാന്‍ മദ്രാസ് ഐഐടി സംഘം കൊച്ചിയിലെത്തി. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ഫ്‌ളാറ്റുകള്‍ പൊളിക്കുമ്പോഴുണ്ടാകുന്ന പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച് സംഘം റിപ്പോര്‍ട്ട് നല്‍കും. മരട് നഗരസഭാ ഉദ്യോഗസ്ഥരും തീരദേശപരിപാല അതോറിറ്റിയുമായി ചര്‍ച്ച നടത്തിയ സംഘം പൊളിച്ചുനീക്കേണ്ട ഫ്‌ളാറ്റുകളും സന്ദര്‍ശിച്ചു.

ചെന്നൈ ഐഐടിയിലെ വിദഗ്ധന്‍ ദേവദാസ് മേനോന്റെ നേതൃത്വത്തിലുളള ആറംഗ സംഘമാണ് സംസ്ഥാന സര്‍ക്കരിന്റെ നിര്‍ദേശപ്രകാരം കൊച്ചിയിലെത്തിയത്. സുപ്രീംകോടതി ഉത്തരവ് പ്രകാരം മരട് നഗരസഭയിലെ അഞ്ച് ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കുമ്പോള്‍ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. മാലിന്യ സംസ്‌ക്കരണം, സമീപത്തുളള വീടുകള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍, പരിസ്ഥിതി ആഘാതം തുടങ്ങിയവയെല്ലാം പഠനവിധേയമാക്കും.

കൊച്ചിയിലെത്തിയ ഐഐടി സംഘം മരടിലെ ഹോളി ഫെയ്ത്ത് എച്ച്2ഒ ഫ്‌ളാറ്റ് സന്ദര്‍ശിച്ചു. ഫ്‌ളാറ്റ് ഉടമകളുമായി സംഘം സംസാരിച്ചു. എറണാകുളം ഗസ്റ്റ് ഹൗസില്‍ മരട് നഗരസഭാ പ്രതിനിധികളുമായും തീരദേശ പരിപാല അതോറിറ്റിയുമായും ചര്‍ച്ചകള്‍ നടത്തി. വിശദമായ പഠന റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും.

നിലവില്‍ ഫ്‌ളാറ്റ് പൊളിക്കണമെന്ന സുപ്രീംകോടതി ഉത്തരവില്‍ ഉടമകള്‍ ആറാഴ്ചത്തെ സ്റ്റേ നേടിയിട്ടുണ്ട്. ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിന്‍ ഹൗസിംഗ്, കായലോരം അപ്പാര്‍ട്ട്‌മെന്റ്, ആര്‍ഫ വെഞ്ചേഴ്‌സ് എന്നീ ഫ്‌ളാറ്റുകളാണ് തീരദേശ പരിപാലന നിയമം തെറ്റിച്ചാണ് നിര്‍മ്മിച്ചതെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി പൊളിച്ച് നീക്കണമെന്ന് ഉത്തരവിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel