രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു. ബിജെപിക്കും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്കും രാജിക്കത്തില്‍ രൂക്ഷവിമര്‍ശനം. തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നെന്നും തോല്‍വിയുടെ ഉത്തരവാദിത്തം വലിയൊരു വിഭാഗം നേതാക്കളും ഏറ്റെടുക്കേണ്ടതുണ്ടെന്നും രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പിന്റെ പലഘട്ടങ്ങളിലും ഒറ്റക്ക് പോരാടേണ്ടിവന്നെന്നും രാഹുലിന്റെ വിമര്‍ശനം.

ഒരു മസത്തെ നാടകീയതകളും അഭ്യഹങ്ങളും അവസാനിപ്പിച്ചാണ് രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ രാജിക്കത്ത് പുറത്ത് വിട്ടത്. തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിവെക്കുന്നതെന്ന് രാഹുല്‍ വ്യക്തമാക്കി. എന്നാല്‍ നാല് പേജുള്ള രാജിക്കത്തില്‍ ബിജെപിയെയും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെയും രൂക്ഷമായി തന്നെ രാഹുല്‍ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്.

തെരഞ്ഞെടുപ്പിന്റെ പല ഘട്ടങ്ങളിലും താന്‍ ഒറ്റയ്ക്കാണ് പോരാടിയതെന്നാണ് മുതിര്‍ന്ന നേതാക്കളെ ഉന്നം വെച്ചുള്ള രാഹുലിന്റെ വിമര്‍ശനം.തന്റെ ജീവരക്തം കോണ്ഗ്രസാണ്. പാര്‍ട്ടിയുടെ പുനര്‍നിര്‍മാണത്തിന് കടുത്ത തീരുമാനങ്ങള്‍ അനിവാര്യമാണെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടുന്നു. പുതിയ അധ്യക്ഷനെ താന്‍ നിര്‍ദേശിക്കില്ലെന്നും പ്രവര്‍ത്തക സമിതി ചേര്‍ന്ന് അനുയോജ്യനായ അധ്യക്ഷനെ കണ്ടെത്തണമെന്നുമാണ് കത്തില്‍ നിര്‍ദേശിക്കുന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയോട് മാത്രമല്ല ബിജെപി കൈയ്യടക്കി വെച്ചിരിക്കുന്ന ഭരണഘടനാ സ്ഥാപനങ്ങളോടുമാണ് പോരാടിയത്. രാജ്യത്തെ ജനാധിപത്യവ്യവസ്ഥ തകര്‍ന്നെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോലും ബിജെപി എന്ന പാര്‍ട്ടിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും രാഹുല്‍ വിമര്‍ശിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here