സെമി ഉറപ്പിക്കാനായി ഇറങ്ങിയ ഇംഗ്ലണ്ടിന് പിഴച്ചില്ല. 119 റണ്‍സിനാണ് ഇംഗ്ലണ്ട് കിവീസിനെ പരാജയപ്പെടുത്തിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 306 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസിന് 45 ഓവറില്‍ 186 റണ്‍സ് നേടാന്‍ മാത്രമാണ് സാധിച്ചത്. ഇംഗ്ലണ്ടിന്റെ ജയത്തോടെ പാകിസ്ഥാന്റെ സെമി സാധ്യതകള്‍ അവസാനിച്ചിരിക്കുകയാണ്.

മറുപടി ബാറ്റിംഗിനിറങ്ങിയ കിവീസിന് തുടക്കത്തിലേ തന്നെ പിഴച്ചിരുന്നു. ടോം ലാഥന്‍ (57), റോസ് ടെയ്‌ലര്‍ (28), വില്യംസണ്‍ (27) എന്നീ താരങ്ങള്‍ക്കാണ് ഭേതപ്പെട്ട സകോര്‍ സമ്മാനിച്ചത്. ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡ് മൂന്നും സ്‌റ്റോക്‌സും ആര്‍ച്ചറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞടുത്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സ് നേടി. ജോണി ബെയര്‍സ്‌റ്റോയുടെ സെഞ്ചുറിയുടെ പിന്‍ബലത്തിലാണ് ഇംഗ്ലണ്ട് മികച്ച സ്‌കോര്‍ നേടിയത്. ഓപ്പണിങ് വിക്കറ്റില്‍ ജോണി ബെയര്‍‌സ്റ്റോ ജെയ്‌സണ്‍ റോയി സഖ്യം സെഞ്ചുറി കുറിച്ചു. ബെയര്‍സ്‌റ്റോ 99 പന്തില്‍ 106 റണ്‍സ് നേടി. ജേസണ്‍ റോയി 61 പന്തില്‍ 60 റണ്‍സുമാണ് നേടിയത്.

ജോ റൂട്ട (24), ജോ ബട്ടലര്‍ (11), മോര്‍ഗന്‍ (42), സ്‌റ്റോക്‌സ് (11), റാഷിദ് (16) എന്നിവരാണ് ഇംഗ്ലണ്ടിനായി സ്‌കോര്‍ നേടിയ മറ്റ് താരങ്ങള്‍. ന്യൂസിലന്‍ഡിനായി നീഷാം, മാറ്റ് ഹെന്റ്രി, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ രണ്ടും സൗത്തിയും സാന്റ്‌നെറും ഓരോ വിക്കറ്റ് വീതവും നേടി.