ഒരു നേരം ഭക്ഷണമില്ലെങ്കിലും സാരമില്ലായിരുന്നു… എന്നാല്‍ ഫേസ്ബുക്കും വാട്ട്‌സപ്പുമെല്ലാം ഒന്ന് തുമ്മിയാല്‍ പോലും സഹിക്കാനാവുന്നില്ല. ഇന്ത്യയില്‍ മാത്രമല്ല വിദേശ രാജ്യങ്ങളിലും ഈ സമൂഹ മാധ്യമങ്ങള്‍ വഴി മീഡിയകള്‍ ഡൌണ്‍ലോഡ് ചെയ്യാനാകുന്നില്ല. മാത്രമല്ല മറ്റു പല സാങ്കേതിക സംവിധാനങ്ങളും പണിമുടക്കിലാണ്.

ഇതോടെ ആവലാതികളും വേവലാതികളുമായി പലരും പരസ്പരം ഫോണ്‍ ചെയ്തു തുടങ്ങി. ഇനിയിപ്പോള്‍ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും തകരാറിലായതാണോ കാരണമെന്ന് പോലും പലരും തെറ്റിദ്ധരിച്ചു. ഒടുവില്‍ പ്രശ്‌നം പഠിക്കുകയാണെന്നും ഉടനെ തന്നെ പൂര്‍വ സ്ഥിതിയിലേക്ക് കൊണ്ട് വരാനാകുമെന്നും ഫേസ്ബുക്ക് വിശദീകരണം നല്‍കിയപ്പോഴാണ് സോഷ്യല്‍ മീഡിയയുടെ കടുത്ത ആരാധകരുടെ ശ്വാസം നേരെ വീണത്.

എന്നിരുന്നാലും നിരവധി ഊഹാപോഹങ്ങളാണ് സംഭവത്തോടനുബന്ധിച്ചു പ്രചരിച്ചു കൊണ്ടിരിക്കുന്നത്. പ്രധാന സെര്‍വറിലെ വൈറസ് ആകും ഈ പണിമുടക്കിന് കാരണമായി വിദഗ്ദര്‍ പറയുന്നത്. സാങ്കേതിക പ്രശ്‌നം എപ്പോള്‍ ശരിയാകുമെന്നതിനെ കുറിച്ചു വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ലാതിരുന്നതും ആശങ്ക ഉയര്‍ത്തി.

ഇന്നലെ വൈകിട്ട് ഏഴോടെയാണ് വാട്‌സ്ആപ്പ് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ നിന്നും ഫയലുകള്‍ ഉള്‍പ്പെടെയുള്ളവ ഡൗണ്‍ലോഡ് ചെയ്യാനാകാതെ വന്നത്. ഇന്ന് രാവിലെയോടെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് സാമൂഹ്യ മാധ്യമങ്ങളുടെ പ്രവര്‍ത്തനം പഴയപടിയായപ്പോഴാണ് പലരുടെയും ശ്വാസം പോലും നേരെ വീണത്.