പിങ്ക് ഗാംഗിന് പൂജപ്പുര എസ്എംഎസ്എസ് മഹിളാമന്ദിരം സ്‌കൂളിന്റെ ആദരം

തിരുവനന്തപുരം: വഞ്ചിനാട് എക്‌സ്പ്രസിലെ പിങ്ക് ഗാംഗിന് തിരുവനന്തപുരം പൂജപ്പുര എസ് എം എസ് എസ് മഹിളാമന്ദിരം സ്‌കൂളിന്റെ ആദരം.

സ്‌കൂളിന്റെ ജന്മശദാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് പിങ്ക് ഗാംഗിലെ 16 പേരെ ആദരിച്ചത്. പുരുഷന്‍മാര്‍ മാത്രം കുത്തകയാക്കിരുന്ന ജോലിയില്‍ മികച്ച സേവനം നല്‍കുന്നത് കണക്കിലെടുത്തായിരുന്നു ആദരം.

റെയില്‍വെയിലെ കഠിനമേറിയ ജോലി പുരുഷന്‍മാര്‍ക്ക് മാത്രമല്ല വനിതകള്‍ക്കും ആകാമെന്ന് തങ്ങളുടെ അനുഭവത്തിലൂടെ തെളിയിച്ചിരിക്കുകയാണ് ഈ പതിനാറംഗ സംഘം. 2017ലാണ് റെയില്‍വെയിലെ സീനിയര്‍ ഡിവിഷന്‍ മെക്കാനിക്കല്‍ എഞ്ചിനിയറായരുന്ന സി സി ജോയ്ക്ക് പുതിയ ഒരു ആശയം തോന്നുന്നത്.

പുരുഷന്‍മാര്‍ മാത്രം കുത്തകയാക്കിരുന്ന ട്രെയിന്‍ പരിപാലനം എന്തു കൊണ്ട് വനിതകളെ ഏല്‍പ്പിച്ചു കൂടാ എന്നായിരുന്നു ആ ചിന്ത. വിവിധ തലങ്ങളില്‍ നടന്ന ചര്‍ച്ചയുടെ ഫലമായി ആദ്യ വനിതാ ഗാംഗിന് രൂപം നല്‍കി. 16 പേരെയാണ് സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. ജൂനിയര്‍ എഞ്ചിനിയര്‍ ശ്രീകലയാണ് ടീം ലീഡര്‍.

യാത്ര തുടങ്ങും മുന്‍പും,ശേഷവുമുള്ള ട്രെയിന്‍ പരിപാലനം ഇവരുടെ ചുമതലയിലാണ്.യാത്രക്കാരുടെ സുരക്ഷിതത്വവും ഇതിലുള്‍പ്പെടുന്നു. വഞ്ചിനാട് എക്‌സപ്രസിന്റെ ഗാരേജ് ,വാഗണ്‍ ഫിറ്റ്‌നസ് എന്നിവയുടെ ചുമതലയും ഇവര്‍ക്കാണ്. കഴിഞ്ഞ രണ്ടരവര്‍ഷമായി യാതൊരു മുടക്കവുമില്ലാതെ ഈ പെണ്‍സംഘം തങ്ങളുടെ ഉത്തരവാദിത്വം നിര്‍വ്വഹിച്ചു പോരുകയാണ്.

ആദ്യമെല്ലാം പുരുഷന്‍മാരായ സഹജീവനക്കാര്‍ തങ്ങളെ നിരുല്‍സാഹപ്പെടുത്തിയിരുന്നുവെന്ന് ടീം അംഗങ്ങള്‍ പറഞ്ഞു. തങ്ങളുടെ നിശ്ചയദാര്‍ഢ്യം മനസ്സിലാക്കിയതോടെ അവരും പിന്നീട് പൂര്‍ണ്ണമായി സഹകരിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി.

ആദരിക്കല്‍ ചടങ്ങില്‍ എസ് എം എസ് എസ് മഹിളാമന്ദിരം പ്രസിഡന്റ് രാധാലക്ഷ്മി പത്മരാജന്‍ അധ്യക്ഷയായിരുന്നു. സ്‌കൂള്‍ ഹെഡ്മിസട്രസ്സ് ശാന്തി എസ് അംഗങ്ങളെ മൊമന്റോ നല്‍കി ആദരിച്ചു.ദക്ഷിണ റെയില്‍വെ സീനിയര്‍ ഡിവിഷന്‍ മെക്കാനിക്കല്‍ എഞ്ചിനിയര്‍ സി സി ജോയ്, സ്‌കൂള്‍ മാനേജര്‍ ശ്രീകുമാരി,മഹിളാ മന്ദിരം അംഗവും ആര്‍ക്കിടെക്റ്റുമായ ചിത്രാനായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News