പാലാരിവട്ടം മേൽപാലം; അറ്റകുറ്റപ്പണി നടത്തണമെന്ന ഇ ശ്രീധരന്റെ റിപ്പോർട്ട‌് വിരൽചൂണ്ടുന്നത‌് പാലം നിർമാണത്തിലെ കൊടിയ അഴിമതിയിലേക്ക‌്

ബലക്ഷയംവന്ന പാലാരിവട്ടം മേൽപാലം 18.71 കോടി രൂപ ചെലവിൽ അറ്റകുറ്റപ്പണി നടത്തണമെന്ന ഇ ശ്രീധരന്റെ റിപ്പോർട്ട‌് വിരൽചൂണ്ടുന്നത‌് പാലം നിർമാണത്തിലെ കൊടിയ അഴിമതിയിലേക്ക‌്. 41.28 കോടി രൂപ ചെലവിട്ട‌് നിർമിച്ച പാലം ഗതാഗതയോഗ്യമാക്കണമെങ്കിൽ ഇതുവരെ ചെലവായതിന്റെ പകുതി പണംകൂടി ചെലവഴിക്കണമെന്ന‌് റിപ്പോർട്ടിൽ പറയുന്നു. വികസന പദ്ധതികളുടെ മറവിൽ ഭരണനേതൃത്വവും ഉദ്യോഗസ്ഥരും കരാറുകാരും കൈകോർത്ത‌് നടത്തിയ വമ്പൻ അഴിമതിയുടെ ആഴമാണ‌് റിപ്പോർട്ട‌് വ്യക്തമാക്കുന്നത‌്.

പൊതുമരാമത്ത‌് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞ‌് ചെയർമാനായ റോഡ‌്സ‌് ആൻഡ‌് ബ്രിഡ‌്ജസ‌് കോർപറേഷൻ കേരള (ആർബിഡിസികെ)യുടെ മേൽനോട്ടത്തിലാണ‌് കൊച്ചി നഗരമധ്യത്തിലെ ദേശീയപാതയിൽ പാലാരിവട്ടം മേൽപ്പാലം നിർമിച്ചത‌്. സർക്കാർ സ്ഥാപനമായ കിറ്റ‌്കോ ആയിരുന്നു കൺസൾട്ടന്റ‌്.
പാലത്തിന്റെ ഡിസൈനിൽമുതൽ പിഴവുണ്ടായതായി ഇ ശ്രീധരന്റെ റിപ്പോർട്ടിൽ പറയുന്നു.

ഡിസൈനിലെ പിഴവ‌് ചൂണ്ടിക്കാണിക്കപ്പെടുന്നത‌് ആദ്യമാണ‌്. നിർമാണഘട്ടത്തിലുണ്ടായ പിഴവുകളാണ‌് ഇതുവരെ പുറത്തുവന്നത‌്. ഒറ്റത്തൂണിൽ സംസ്ഥാനത്ത‌് നിർമിക്കുന്ന ആദ്യ നാലുവരി മേൽപ്പാലമായിട്ടും അത്തരം നിർമാണത്തിന‌് ആവശ്യമായ  വിധത്തിലായിരുന്നില്ല ഡിസൈൻ തയ്യാറാക്കിയത‌്.  ബംഗളൂരു ആസ്ഥാനമായ നാഗേഷ‌് കൺസൾട്ടൻസിയാണ‌് ഡിസൈൻ തയ്യാറാക്കിയത‌്. വൻ സാമ്പത്തിക ചെലവുണ്ടാകുമെന്നതുകൊണ്ടു മാത്രമാകണം ഇ ശ്രീധരന്റെ റിപ്പോർട്ടിൽ പാലം പുനർനിർമിക്കണമെന്ന‌് ആവശ്യപ്പെടാതിരുന്നത‌്.

അറ്റകുറ്റപ്പണിയിലൂടെ പാലം സഞ്ചാരയോഗ്യമാക്കാമെന്ന ചെന്നൈ ഐഐടിയുടെ റിപ്പോർട്ടിനെ അദ്ദേഹം കൂടുതൽ ആശ്രയിച്ചതും അതുകൊണ്ടാകാം. അല്ലാത്തപക്ഷം നിലവിൽ ചെലവഴിച്ചതിന്റെ ഇരട്ടി തുക പാലം പൊളിച്ചുനീക്കാനും പുതിയത‌് നിർമിക്കാനും ചെലവാക്കേണ്ടിവരുമായിരുന്നു.

പാലം ഡിസൈൻ ചെയ്യുന്ന ഘട്ടംമുതൽ വൻ വീഴ‌്ചയുണ്ടായി എന്നത‌് ആസൂത്രിതമായ ഗൂഢാലോചനയിലേക്കും സംഘടിത അഴിമതിയിലേക്കുമാണ‌് വിരൽചൂണ്ടുന്നത‌്. ദേശീയപാതാ അതോറിറ്റിയിൽനിന്ന‌് പാലം നിർമാണച്ചുമതല സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നതുമുതൽ അഴിമതിയുടെ ആസൂത്രണം നടന്നു.

ടെൻഡർ നടപടിയൊഴിവാക്കി ആർഡിഎസ‌് പ്രോജക്ടിസിനെ  നിർമാണമേൽപ്പിച്ചതും ചട്ടപ്രകാരമുള്ള മേൽനോട്ടവും മോണിറ്ററിങ്ങും നടത്താതിരുന്നതുമെല്ലാം അഴിമതിക്ക‌് വഴിയൊരുക്കാനുള്ള നടപടികളായി. 2016 ഒക‌്ടോബർ12ന‌് ഉദ‌്ഘാടനം ചെയ‌്ത പാലത്തിന്റെ ടാറിങ‌് മാസങ്ങൾക്കകം തകർന്നു. വലിയ വാഹനങ്ങൾക്ക‌ുപോലും പോകാനാകാത്തവിധം പാലത്തിൽ വമ്പൻ കുഴി രൂപപ്പെട്ടു. സ്ലാബുകളിൽനിന്ന‌് കോൺക്രീറ്റ‌് അടർന്ന‌ുപോയി കമ്പികൾ പുറത്തുവന്നു.

സ‌്പാനുകൾക്ക‌് ഇളക്കം തട്ടി. പാലത്തിലൂടെ വാഹനങ്ങൾ പോകുമ്പോൾ സ‌്പാനുകൾ പലതും ശബ‌്ദത്തോടെ ഇളകിയത‌് പാലത്തിന്റെ നില കൂടുതൽ ഗുരുതരമാക്കി. ഇതോടെയാണ‌് ചെന്നൈ ഐഐടിയെ നിയോഗിച്ച‌് സർക്കാർ പാലം പരിശോധിപ്പിച്ചത‌്. കഴിഞ്ഞ മാർച്ചിൽ അവർ നൽകിയ റിപ്പോർട്ടിൽ പാലത്തിലെ പിഴവുകൾ അക്കമിട്ട‌ു നിരത്തി.

ആവശ്യത്തിന‌് സിമന്റ‌് ചേർക്കാതെയാണ‌് വാർത്തിട്ടുള്ളതെന്നും ഗർഡറും സ‌്പാനും സ്ഥാപിച്ചതിൽ പിഴവുണ്ടായെന്നും പിയറിനും പിയർ ക്യാപ്പിനും ബലക്ഷയമുണ്ടെന്നും ലോഹ ബെയറിങ്ങുകൾ മോശമാണെന്നും റിപ്പോർട്ടിൽ പറഞ്ഞു. ഈ റിപ്പോർട്ടിന്റെ വെളിച്ചത്തിലാണ‌് അടിയന്തര അറ്റകുറ്റപ്പണികൾക്കായി കഴിഞ്ഞ മെയ‌് ഒന്നിന‌് ഗതാഗതം നിരോധിച്ച‌് പാലം അടച്ചത‌്.

ജില്ലയിൽ മുൻ സർക്കാരിന്റെ കാലത്ത‌് നിർമിച്ച വേറെയും പാലങ്ങൾ അപകടാവസ്ഥയിലായതായി ഇതിനിടെ  കണ്ടെത്തി. ‘നാനൂറ‌് ദിനം, നൂറ‌് പാലം’ എന്ന പദ്ധതിയിൽ നിർമിച്ച ഇടക്കൊച്ചി–-വില്ലിങ്ടൺ ഐലൻഡ‌് കണ്ണങ്ങാട്ട‌് പാലം, കുണ്ടന്നൂർ–-നെട്ടൂർ പാലം എന്നിവയിലും വിള്ളലുകൾ കണ്ടെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News